
കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേരളം ഏറെ മുന്നേറിയെങ്കിലും പോരാട്ടം അവസാനിക്കുന്നില്ല. പകര്‍ച്ചവ്യാധിയുടെ രണ്ടാം വ്യാപനം (സെക്കന്‍ഡ് വേവ്) മുന്നില്‍ക്കാണണം. ആദ്യഘട്ടത്തില്‍ നമ്മള് ജയിച്ചുനില്‍ക്കുകയാണ്. ഈ വിജയം സമ്പൂര്ണമാകണമെങ്കില് അതിജാഗ്രത തുടരണം.
രണ്ടാം വ്യാപനവും ചിലപ്പോള്‍ മൂന്നാം വ്യാപനവുമുണ്ടാകാമെന്നത് ഇത്തരം പകര്‍ച്ചവ്യാധികളുടെ സവിശേഷതയാണ്. നിശ്ശബ്ദമായി വൈറസ് സമൂഹത്തില്‍ പടരാം. ചൈനയിലും സിങ്കപ്പൂരിലും ജപ്പാനിലുമൊക്കെ രോഗത്തിന്റെ രണ്ടാം വ്യാപനം കണ്ടു തുടങ്ങിയിട്ടുണ്ട്.
സമൂഹത്തില്‍ വലിയൊരു ശതമാനമാളുകളും വൈറസിനെതിരേ പ്രതിരോധശേഷി നേടിയാല്‍ രോഗാണുവിനോടുള്ള വിധേയത്വം കുറയും. രോഗപ്പകര്‍ച്ചയുടെ കണ്ണി മുറിയും. കേരളസമൂഹം നിലവില്‍ അത്തരം പ്രതിരോധശേഷി നേടിയിട്ടില്ല. പല ഇന്‍ഫ്ളുവന്‍സകളുടെ കാര്യത്തിലും സമൂഹത്തില്‍ 50 ശതമാനത്തിലധികമാളുകള്‍ പ്രതിരോധശേഷി നേടിയാല്‍ വൈറസ് വ്യാപനം നിലയ്ക്കാറുണ്ട്. എന്നാല്‍, കൊറോണയുടെ കാര്യത്തില്‍ സമൂഹത്തില്‍ പ്രതിരോധശേഷി ഇത്തരത്തില്‍ വികസിക്കുന്നില്ലേ എന്നൊരു സംശയം കൂടിയുണ്ട്. ചൈനയിലെ വുഹാനിലെ അനുഭവമാണ് ഇത്തരമൊരു സംശയമുയര്‍ത്തുന്നത്.
രണ്ടാം വ്യാപനം എന്നത് രണ്ടുവിധത്തില്‍ സംഭവിക്കാം. കേരള സാമൂഹിക സുരക്ഷാ മിഷന് എക്സിക്യുട്ടീവ് ഡയറക്ടറും പൊതുജനാരോഗ്യ വിദഗ്ധനുമായ ഡോ. മുഹമ്മ് അഷീല്‍ പറയുന്നു: ''വൈറസ് ലോകമാകെ വ്യാപിച്ചതാണ്. വിദേശത്തുനിന്ന് രോഗബാധിതര്‍ ഇനിയുമെത്താം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലക്ഷണങ്ങള്‍ കാണിക്കാത്ത രോഗബാധിതരില്‍ നിന്നും വൈറസ് വീണ്ടും വ്യാപിക്കാം.''
കേരളത്തിന്റെ ചുറ്റുവട്ടത്തുള്ള സംസ്ഥാനങ്ങളില്‍ രോഗം സജീവമായി നിലനില്ക്കുന്നു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നു. കേരളത്തില്‍ നിലവില്‍ 49 ശതമാനം കോവിഡ് കേസുകളും അവസാനിപ്പിച്ചതാണ്. ഇതില്‍ 98.1 ശതമാനം രോഗം മാറിയവര്‍. രണ്ടു മരണം. 51 ശതമാനം കേസുകളാണ് നിലനില്‍ക്കുന്നത്. ഇവരൊക്കെ ചികിത്സയിലാണ്. തമിഴ്നാട്ടില്‍ 97 ശതമാനവും പുതുതായി രോഗം കണ്ടെത്തിയവരാണ്. തൊട്ടടുത്ത സംസ്ഥാനത്ത് പകര്‍ച്ചവ്യാധി സജീവമായി നില്ക്കുമ്പോള് രോഗം മറ്റിടത്തേക്ക് പടരാന്‍ സാധ്യത കൂടുതലാണ്. രാജ്യത്ത് മറ്റുപല സംസ്ഥാനങ്ങളിലും പുതിയ കേസുകള്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. ഇവിടെ നിന്നൊക്കെ രോഗബാധിതര്‍ കേരളത്തിലേക്കെത്താം. വീണ്ടും രോഗവ്യാപനമുണ്ടാകാം.
രോഗം വന്നാലും ചെറിയ ലക്ഷണങ്ങള്‍ കാണിക്കുന്നതോ തീരെ ലക്ഷണമില്ലാത്തതോ ആയ ഒട്ടേറെയാളുകള്‍ എല്ലാ സമൂഹത്തിലുമുണ്ടാകും. രോഗിയായില്ലെങ്കിലും ഇവരില്‍ നിന്നും വൈറസ് മറ്റുള്ളവരിലേക്ക് എത്തിച്ചേരാം. അത്തരമാളുകളില്‍ നിന്നും വൈറസ് ബാധയുണ്ടാകുന്നവര്‍ രോഗികളുമാകാം. വൈറസ്ബാധയുണ്ടായിട്ടും ലക്ഷണങ്ങള്‍ പ്രകടമാവാത്തവര്‍ നമ്മുടെ സമൂഹത്തിലുമുണ്ടാകാം എന്ന അനുമാനത്തില്‍ത്തന്നെ മുന്നോട്ടുപോകേണ്ടതുണ്ട്.
'കേരളത്തില്‍ വൈറസ് വ്യാപനം കുറയുന്നു, അതുകൊണ്ട് ഇനി പുറത്തിറങ്ങാം എന്ന് കരുതാനും അലംഭാവം കാണിക്കാനുമുള്ള സമയമല്ലിത്. കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കേണ്ട സമയമാണ്. അതിസൂക്ഷ്മതയോടെ നിരീക്ഷണം തുടരണമെന്നതും പൊതുസമൂഹം നിയന്ത്രണങ്ങള്‍ പാലിക്കണമെന്നതും പ്രധാനമാണ്.' -ഡോ. അഷീല്‍ പറഞ്ഞു.
മൂന്ന് സാധ്യതകള്‍
1. വിദേശത്തുനിന്ന് രോഗബാധിതര്‍ ഇനിയുമെത്താം.
2. തൊട്ടടുത്ത സംസ്ഥാനത്ത് പകര്‍ച്ചവ്യാധി സജീവമായി നില്ക്കുമ്പോള് രോഗം പടരാന്‍ സാധ്യത കൂടുതല്‍.
3. വൈറസ്ബാധയുണ്ടായിട്ടും ലക്ഷണങ്ങള്‍ പ്രകടമാവാത്തവര്‍ നമ്മുടെ സമൂഹത്തിലുമുണ്ടാകാം. അവരില്‍ നിന്ന് പടരാം
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)