
പല കുറ്റങ്ങൾ കൊണ്ടും തൂക്കിലേറ്റപ്പെട്ടവർ അനവധിയാണ്. അവരെക്കുറിച്ചും അവർ ചെയ്ത തെറ്റിനെക്കുറിച്ചും ജനങ്ങൾക്കറിയാം. എന്നാൽ അവരെ തൂക്കിക്കൊല്ലാന്‍ ഉപയോഗിക്കുന്ന തൂക്കു കയറിനെക്കുറിച്ച് അധികമാർക്കും അറിയില്ല.
ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തങ്ങളുടെ അധികാര പരിധി ബംഗാളിൽ നിന്നും ഉത്തർപ്രദേശിലേക്ക് വ്യാപിപ്പിക്കുന്നതോടെയാണ് തൂക്കു കയറിന്റെ ചരിത്രം ആരംഭിക്കുന്നത്. ഗംഗാ നദിയുടെ തീരത്തായി ബ്രിട്ടീഷുകാർ നിർമിച്ച ബക്സർ ജയിലിലാണ് ഈ കയറിന്റെ നിർമ്മാണം നടക്കുന്നത്. അവിടുത്തെ കാലാവസ്ഥയും വെള്ളത്തിന്റെ പ്രത്യേകതയുമാണ് ബക്സർ ജയിലിനെ ഇതിനായി തിരഞ്ഞെടുക്കാനുള്ള കാരണം. മറ്റൊരു ജയിലിലും തൂക്കുകയർ നിർമ്മിക്കാനുള്ള അവകാശമില്ല. ഇന്ത്യയിൽ ഏത് ജയിലിലേക്കുള്ള തൂക്ക് കയറാണെങ്കിലും അത് നിർമ്മിക്കുന്നത് ഇവിടെയാണ്.
1930 മുതലാണ് ഇവിടെ തൂക്കുകയർ നിർമ്മാണം ആരംഭിച്ചത്. ഇതിനുള്ള യന്ത്രസാമഗ്രികൾ ബ്രിട്ടനിൽ നിന്നുമാണ് ഇൻഡ്യയിലെത്തിച്ചത്. ആദ്യകാലങ്ങളിൽ മനിലയിൽ നിന്നുമാണ് കയർ നിർമ്മാണത്തിനുള്ള നൂൽ കൊണ്ട് വന്നിരുന്നത്. മനില കയർ എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. ഈ കയർ നിർമിക്കുവാനായി ധാരാളം വെള്ളം ആവശ്യമായി വരും. അതിനായി ഒരു കിണറും ഈ ജയിലിലുണ്ട്. മറ്റൊരു ജയിലിലും ഇല്ലാത്ത കിണർ ഇവിടെയുണ്ട് എന്നതും ബക്സർ ജയിലിന്റെ പ്രത്യേകതയാണ്. കാലം കടന്നു പോയപ്പോൾ കയറുണ്ടാക്കുന്നതിനായുള്ള നൂൽ ഇന്ത്യയിൽ തന്നെ കൃഷി ചെയ്യാൻ തുടങ്ങി .
പഞ്ചാബിൽ കൃഷി ചെയ്തുണ്ടാക്കുന്ന പരുത്തി ഉപയോഗിച്ച് കയറിനുള്ള നൂൽ ഉണ്ടാക്കാൻ തുടങ്ങി. സാധാരണ കയർ പോലെയല്ല ഇതിന്റെ നിർമ്മാണം. ശക്തിയുള്ളതും അതെ സമയം മൃദുവുമായിരിക്കണം. തൂക്കുന്ന സമയത്ത് കഴുത്തിൽ മുറിവുണ്ടാകാൻ പാടില്ല. J-34 എന്നയിനം നാരുകൾ കൊണ്ടാണ് കയർ നിർമ്മിക്കുന്നത്. 154 നാരുകളാണ് ഒരു നൂലിനായ് വേണ്ടത്. ഇത്തരത്തിലുള്ള ആറ് നൂലുകൾ ചേർന്നതാണ് ഒരു കയർ. തൂക്കിക്കൊല്ലാനുള്ള പ്രതിയുടെ ഉയരത്തിന്റെ 1.6 മടങ്ങ് നീളമുള്ള കയറാണ് വേണ്ടത്. പ്രത്യേക പരിശീലനം നേടിയ മുതിർന്ന തടവുകാരാണ് കയറുണ്ടാക്കുന്നത്. ഒരു കയറുണ്ടാക്കാൻ അഞ്ചോ ആറോ പേർക്ക് മൂന്നുദിവസമാണ് വേണ്ടിവരുന്നത്.
ഇങ്ങനെയുള്ള 10 കയറുകളാണ് നിർഭയ കേസ്-ലെ പ്രതികൾക്കായി വേണ്ടി വന്നത്.
- ജാസ്മിന് ഷാഹിര്‍ -
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)