
തിരുവന്തപുരം: കേരളത്തിൽ ഇന്ന് പുതുതായി 32 കേസുകൾ റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിൽ 17 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 15 പേർക്ക് സമ്പർക്കത്തിലൂടെ വന്നതാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 213 ആയി.
പായിപ്പാട് നടന്ന അതിഥിത്തൊഴിലാളികളുടെ പ്രതിഷേധം സംസ്ഥാന സർക്കാരിനെ അമ്പരപ്പിച്ചിരുന്നു. ഇതിന് പിന്നിൽ ഗൂഢാലോചനയാണെന്ന ആരോപണം ഉടൻ മുഖ്യമന്ത്രി തന്നെയും ജില്ലയുടെ ചുമതലയുള്ള മന്ത്രി പി തിലോത്തമനും കോട്ടയം എസ്പി-യും ഉന്നയിച്ചു. ആരാണ് അതിഥിത്തൊഴിലാളികളെ സംഘടിപ്പിച്ചതെന്നും, ഇതിന് പിന്നിലെ സന്ദേശങ്ങൾ എവിടെ നിന്ന് വന്നുവെന്നതിലും വിശദമായ അന്വേഷണം നടക്കുകയാണ്. ഇതിന് പിന്നാലെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അതിഥിത്തൊഴിലാളികൾക്കായി പ്രത്യേക കമ്മ്യൂണിറ്റി കിച്ചനുകൾ സർക്കാർ തുടങ്ങിയിരുന്നു. പെരുമ്പാവൂരിലടക്കം ഇത്തരം കമ്മ്യൂണിറ്റി കിച്ചനുകൾ തുടങ്ങിയതിനോട് നല്ല പ്രതികരണമായിരുന്നു. പക്ഷേ ആള് കൂടിയതിനാൽ അവിടെയും ചില പ്രതിഷേധങ്ങൾ നടന്നു.
തുടർന്ന് പൊലീസ് ഇടപെട്ട് അതിഥിത്തൊഴിലാളികളെ അനുനയിപ്പിച്ചു. നിലവിൽ പെരുമ്പാവൂരടക്കം ഭക്ഷണവിതരണം സുഗമമായിത്തന്നെ നടക്കുന്നുണ്ട്. അതേസമയം നിലമ്പൂരിൽ അതിഥിത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ സന്ദേശം അയച്ച രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഒപ്പം, ഇറ്റലിയിൽ നിന്ന് എത്തിയ മൂന്ന് റാന്നി സ്വദേശികളും ബന്ധുക്കളായ രണ്ട് പേരും കൊവിഡ് രോഗബാധ ഭേദമായി ആശുപത്രി വിട്ട ദിവസം കൂടിയാണ് ഇന്ന്. ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും അടക്കം ഇവരെ യാത്രയയക്കാനെത്തിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)