
കൊല്ലം: കോവിഡ് 19 ഭീതിയിൽ സംസ്ഥാനത്ത് കടുത്ത ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കെ പോലീസിനെ പറ്റിച്ച് യാത്ര ചെയ്യാൻ ശ്രമിച്ച ആൾ പിടിയിൽ. കൊല്ലം ചവറയിലാണ് സംഭവം.
അനാവശ്യ യാത്രകൾ നടത്തുന്നവരെ രാവിലെ മുതൽ പോലീസ് മടക്കി അയക്കുകയാണ്. ഇതിനിടയിലാണ് 'അളിയൻ്റെ മരണ'ത്തിന് പോകാൻ ചവറ സ്വദേശി ഓട്ടോയിൽ എത്തിയത്. ഓട്ടോ തടഞ്ഞ പോലീസിനോട്, അളിയൻ മരിച്ചുവെന്നും മരണ വീട്ടിലേക്ക് പോവുകയാണെന്നും യാത്രക്കാരൻ പറഞ്ഞു. ഡ്രൈവറും യാത്രക്കാരനുമാണ് ഓട്ടോയിലുണ്ടായിരുന്നത്.
സംശയം തോന്നിയ പോലീസുകാർ 'മരണ' വീട്ടിലെ നമ്പർ വാങ്ങി വിളിച്ചു. ഫോൺ എടുത്തതാകട്ടെ 'പരേതനും'!. തൻ്റെ മരണ വിവരമറിഞ്ഞ് 'പരേതൻ' ഞെട്ടി. സമീപകാലത്തൊന്നും കുടുംബത്തിൽ മരണം നടന്നിട്ടില്ലെന്നും പോലീസിനോട് പറഞ്ഞു.
പിന്നാലെ അളിയൻ്റെ 'അളിയനെ' പോലീസ് ചവറ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കള്ളം പറഞ്ഞ് യാത്ര ചെയ്യാൻ ശ്രമിച്ചതിന് ചവറ സ്വദേശിയായ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. ഓട്ടോയും പിടിച്ചെടുത്തു. ഡ്രൈവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. കള്ളം പറഞ്ഞത് എന്തിനെന്ന് ചോദിച്ചപ്പോൾ 'വെറുതേ' എന്നായിരുന്നു ചവറ സ്വദേശിയുടെ മറുപടി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)