.jpg)
തിരുവനന്തപുരം: കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ഇത്തവണത്തെ തിരുവുത്സവത്തിന് ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്തിയാല്‍ മതിയെന്നും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കേണ്ടതില്ല എന്നും സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനോടും ജില്ലാ ഭരണകൂടത്തിനോടും പോലീസ് മേധാവിയോടും നിര്‍ദ്ദേശിച്ചു. ഈ മാസം 29-നാണ് കൊടിയേറ്റോട് കൂടി ശബരിമലയില്‍ ഉത്സവം ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി 28-ന് ശബരിമല നട തുറക്കും. ഏപ്രില്‍ 8-നു പമ്പ തീരത്ത് നടക്കുന്ന ആറാട്ട് ചടങ്ങിലും തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നതല്ല.
ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ നാളിതുവരെ 9 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളതാണ്. ജില്ലയില്‍ 235 പേര് പ്രൈമറി കോണ്ടാക്ട് ലിസ്റ്റിലും 501 പേര് സെക്കന്‍ഡറി കോണ്ടാക്ട് ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുള്ളതും ഇവരെ ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിട്ടുള്ളതുമാണ്. ഇതുമായി ബന്ധപ്പെട്ട അടിയന്തിരഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കി വരികയുമാണ്.
രാജ്യത്ത് കോവിഡ് - 19 രോഗബാധ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകരെ ശബരിമലയിലേക്ക് കടത്തിവിടുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും രോഗവ്യാപ്തി വര്‍ധിക്കുന്നതിന് കാരണമാകുമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ കളക്ടര്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി.
അതേസമയം, കോവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലും ഭക്തർക്ക് നിയന്ത്രണം. ശനിയാഴ്ച മുതൽ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ അറിയിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ ക്ഷേത്രത്തിൽ വിവാഹം, ചോറൂണ്, കൃഷ്ണനാട്ടം, വാഹന പൂജ, ഉദയാസ്തമയ പൂജ, ചുറ്റുവിളക്ക് എന്നിവ നടത്തില്ല. ക്ഷേത്രത്തിലെ പതിവ് പൂജകളും മറ്റ് ചടങ്ങുകൾ നടക്കുന്നതാണെന്നും ഗുരുവായൂർ ദേവസ്വം മാനേജിങ് കമ്മിറ്റി വ്യക്തമാക്കി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)