
ന്യൂഡല്‍ഹി: മകള്‍ക്ക് ഒടുവില്‍ നീതി ലഭിക്കുന്നുവെന്ന് നിര്‍ഭയയുടെ അമ്മ. നിര്‍ഭയ കേസ് പ്രതികളുടെ അവസാന ഹര്‍ജിയും സുപ്രീം കോടതി തള്ളിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.
"ഞങ്ങളുടെ മകള്‍ക്ക് നീതി ലഭിച്ചതിനാല്‍ ഇന്ന് എനിക്ക് സംതൃപ്തി തോന്നുന്നു. ഈ കുറ്റകൃത്യത്തില്‍ രാജ്യം മുഴുവന്‍ ലജ്ജിച്ചു, ഇന്ന് രാജ്യത്തിന് നീതി ലഭിച്ചിരിക്കുന്നു"-നിര്‍ഭയയുടെ അമ്മ ആശാ ദേവി പ്രതികരിച്ചു. പുലര്‍ച്ചെ രണ്ടരയോടെ സുപ്രീം കോടതിയില്‍ വാദം തുടങ്ങിയപ്പോള്‍ ആശാ ദേവിയും മറ്റ് കുടുംബാംഗങ്ങളും കോടതി പരിസരത്ത് എത്തിയിരുന്നു.
ഒടുവില്‍ പ്രതികളെ തൂക്കിക്കൊല്ലുകയാണ്. സുപ്രീം കോടതിയിലെ ഹര്‍ജികളെല്ലാം തള്ളി. സമൂഹത്തിലെ എല്ലാ ആളുകള്‍ക്കും, പ്രത്യേകിച്ച് നമ്മുടെ പെണ്മക്കള്ക്കും സ്ത്രീകള്‍ക്കും ഈ അവസരത്തില്‍ നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. വിജയ ചിഹ്നം ഉയര്‍ത്തിക്കാട്ടിയാണ് ആശാ ദേവി കോടതി വളപ്പില്‍ നിന്നും പുറത്തേക്ക് പോയത്. പ്രതികളുടെ ശിക്ഷ നടപ്പിലാക്കുന്നത് നേരില്‍ കാണാന്‍ അനുവദിക്കണമെന്ന് ആശാദേവി കഴിഞ്ഞ ദിവസം തിഹാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.
എന്റെ മകളെ അവര്‍ ഒരു ദയയും കൂടാതെ കൊന്നുകളഞ്ഞപ്പോഴേ ഞാന്‍ പറഞ്ഞതാ, ഇനി ഒരു പെണ്‍കുട്ടിയോടും ഇങ്ങനെയൊന്നും ചെയ്യാന്‍ ആര്‍ക്കും തോന്നാത്ത തരത്തിലുള്ള ശിക്ഷ അവര്‍ക്ക് കൊടുക്കണം എന്ന്. സാധിക്കുമെങ്കില്‍, ശിക്ഷ നടപ്പിലാക്കുന്നത് എനിക്കുംകൂടി കാണാനുള്ള അവസരം ഉണ്ടാക്കിത്തരണമെന്നും ആശാ ദേവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ജയില്‍ മാനുവല്‍ പ്രകാരം ജയില്‍ സൂപ്രണ്ട്, മജിസ്ട്രേറ്റ്, മെഡിക്കല്‍ ഓഫീസര്‍ എന്നിവരാണ് ശിക്ഷ നടപ്പിലാക്കുമ്പോള്‍ സമീപത്ത് ഉണ്ടാവാന്‍ പാടുള്ളു. ശിക്ഷയ്ക്ക് സാക്ഷ്യം വഹിക്കാന്‍ പ്രതികള്‍ക്ക് ഏതെങ്കിലും പുരോഹിതന്മാരുടെ സാന്നിധ്യം ആവശ്യപ്പെടാവുന്നതാണ്. അല്ലാത്ത ആര്‍ക്കും ശിക്ഷ നടപ്പിലാക്കുന്നതിന് സാക്ഷ്യം വഹിക്കാന്‍ സാധിക്കില്ല.
അതേസമയം, തന്റെ മകളുടെ ആത്മാവിന് ശാന്തി കിട്ടിയെന്ന് പ്രതികളെ തൂക്കിലേറ്റിയ ശേഷം നിര്‍ഭയയുടെ മാതാവ് ആശ ദേവി പ്രതികരിച്ചു. 'ഏഴു വര്‍ഷത്തിനു ശേഷം, ക്രൂരമായി കൊല്ലപ്പെട്ട മകള്‍ക്ക് നീതി കിട്ടി. ഒടുവില്‍ പ്രതികളെ തൂക്കിലേറ്റി. ഇനി തനിക്ക് സമാധാനമുണ്ടാകും.'- ആശ ദേവി പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)