
തിരുവനന്തപുരം: കെ.എ.എസ് പ്രാഥമിക പരീക്ഷയുടെ ഫലം ഈ മാസം അവസാനമോ ഏപ്രില്‍ ആദ്യമോ പ്രസിദ്ധീകരിക്കും. മൂന്ന് കാറ്റഗറികളിലുമായി 5,000 മുതല്‍ 6,000 വരെ ഉദ്യോഗാര്‍ത്ഥികളെ മുഖ്യപരീക്ഷയ്ക്ക് ഉള്‍പ്പെടുത്താനാവശ്യമായ കട്ട് ഓഫ് മാര്‍ക്കാവും നിശ്ചയിക്കുക. സ്ട്രീം ഒന്നിലാവും ഉയര്‍ന്ന നിലയിലുള്ള കട്ട് ഓഫ് മാര്‍ക്ക്. പ്രാഥമിക പരീക്ഷയുടെ മൂല്യനിര്‍ണയത്തിനുള്ള നടപടികള്‍ പി.എസ്.സി തുടങ്ങിക്കഴിഞ്ഞു.
ഫെബ്രുവരി 22-ന് പരീക്ഷ കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ പ്രാഥമിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചിരുന്നു. ഉത്തരസൂചിക സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ സമര്‍പ്പിച്ച പരാതികള്‍ പരിശോധിച്ച് വരികയാണ്. അന്തിമ ഉത്തരസൂചിക ഉടന്‍ പ്രസിദ്ധീകരിക്കും. മുഖ്യപരീക്ഷ എഴുതാനുള്ള ലിസ്റ്റില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉദ്യോഗാര്‍ത്ഥികള്‍ക്കുണ്ട്. എന്നാല്‍ കെ.എ.എസ് കേഡറില്‍ വരുന്ന ഒഴിവുകള്‍ മിക്ക വകുപ്പുകളും രേഖപ്പെടുത്തിയിട്ടില്ല. ഇത് പ്രധാന പരീക്ഷ എഴുതേണ്ടവരുടെ എണ്ണം നിശ്ചയിക്കുന്നതിന് തിരിച്ചടിയാകും.
മെയിന്‍ പരീക്ഷയ്ക്ക് മൂന്ന് പേപ്പര്‍
വിവരാണാത്മക രീതിയിലുള്ള മൂന്ന് പേപ്പറാണ് കെ.എ.എസ് മെയിന്‍ പരീക്ഷയ്ക്കുള്ളത്. ചോദ്യങ്ങള്‍ ഇംഗ്ലീഷിലായിരിക്കും. ഉത്തരങ്ങള്‍ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാം. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷയ്ക്ക് നൂറു വീതമാണ് മാര്‍ക്ക്. മെയിന്‍ പരീക്ഷയുടെ മാര്‍ക്കും അഭിമുഖത്തിന്റെ മാര്‍ക്കുമാണ് റാങ്കിന് പരിഗണിക്കുന്നത്. സിവില്‍ സര്‍വീസ് തലത്തില്‍ ഉയര്‍ന്ന നിലവാരത്തിലായിരിക്കും മെയിന്‍ പരീക്ഷ നടത്തുകയെന്ന് പി.എസ്.സി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രാഥമിക പരീക്ഷയുടെ മാര്‍ക്ക് മുഖ്യപരീക്ഷയ്ക്ക് തിരഞ്ഞെടുക്കപ്പെടാന്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.
ജൂണിലോ ജൂലൈലോ മെയിന്‍ പരീക്ഷ നടത്താനാണ് പി.എസ്.സി ശ്രമിക്കുന്നത്. ഈ വര്‍ഷാവസാനമോ 2021 ആദ്യമോ മെയിന്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനാണ് സാദ്ധ്യത.
120 നിയമനം
കെ.എ.എസില്‍ വിജ്ഞാപനം ചെയ്തിട്ടുള്ള വിവിധ വകുപ്പുകളിലെ 120-ഓളം 'ഓഫീസര്‍ (ജൂനിയര്‍ ടൈംസ്കെയില്‍) ട്രെയിനി' തസ്തികകളാണുള്ളത്. അതുകൊണ്ടുതന്നെ ജൂനിയര്‍ ടൈംസ്കെയിലില് പ്രതീക്ഷിക്കാവുന്ന ഒഴിവുകളും ഇത്രയാണ്. ഈ തസ്തികകളെ മൂന്ന് സ്ട്രീമുകളിലായി വിഭജിക്കുമ്പോള്‍ ഓരോന്നിലും 40 ഒഴിവുകള്‍ വീതം ഉണ്ടാവും. സംവരണപ്രകാരമുള്ള തസ്തികകള്‍ മാറ്റിവച്ചാല്‍ ഓരോ സ്ട്രീമിലും ഓപ്പണ്‍ കാറ്റഗറിയില്‍ പരമാവധി 20 ഒഴിവുകള്‍ വീതം ഉണ്ടാവും.
കെ.എ.എസ് കേഡറിലേക്കുള്ള നിയമനത്തിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഇനിയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതുണ്ട്. ഇതു കൂടി പരിഗണിച്ചാണ് മുഖ്യപരീക്ഷ എഴുതാനുള്ള റാങ്ക് പട്ടിക തയ്യാറാക്കുന്നത്. വിജ്ഞാപനം പുറപ്പെടുവിച്ച് ഒരു വര്‍ഷത്തിനകം നിയമനം എന്നതു തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് പി.എസ്.സി ഓഫീസ് അറിയിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)