
കൊച്ചി: കൊറോണ വൈറസിനെത്തുടര്‍ന്ന് രാജ്യത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയതോടെ സന്തോഷ് ട്രോഫി ഫുട്ബോള്‍ ടൂര്‍ണമെന്റ് അനിശ്ചിതത്വത്തില്‍. ഏപ്രില്‍ 14 മുതല്‍ 27 വരെ മിസോറമിലാണ് ടൂര്‍ണമെന്റ്. എന്നാല്‍, കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റ് നടക്കാനുള്ള സാധ്യതകള്‍ കുറവാണെന്നാണ് ഫുട്ബോള്‍ അസോസിയേഷന് നല്കുന്ന സൂചന. മാര്‍ച്ച് 12-ന് തൃശ്ശൂരില്‍ തുടങ്ങാനിരുന്ന കേരള ടീമിന്റെ ക്യാമ്പും മാറ്റിവെക്കാനാണ് സാധ്യത. ശനിയാഴ്ച കോഴിക്കോട് ചേരുന്ന കേരള ഫുട്ബോള്‍ അസോസിയേഷന്റെ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.
കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ ഒരു മാസത്തെ ക്യാമ്പ് പ്രായോഗികമാകില്ലെന്നാണ് കേരള ഫുട്ബോള്‍ അസോസിയേഷന് കരുതുന്നത്. ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്ന ഭയത്തില്‍ കൂടിച്ചേരലുകള്‍ പരമാവധി ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നല്കുന്ന നിര്‍ദേശം. ഈ സാഹചര്യത്തില്‍ ക്യാമ്പ് നടത്തുന്നത് ഉചിതമായിരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി കെ.എഫ്.എ ദേശീയ ഫുട്ബോള്‍ ഫെഡറേഷന് കത്തയക്കാനിരിക്കുകയാണ്.
സന്തോഷ് ട്രോഫി ടൂര്‍ണമെന്റ് ഇനിയും മാറ്റി വെയ്ക്കുകയാണെങ്കില്‍ കേരള ടീമിനെ അത് ഗുരുതരമായി ബാധിക്കുമെന്നാണ് കെ.എഫ്.എ പറയുന്നത്. സ്പോണ്സറില് നിന്ന് തുക കിട്ടിയില്ലെങ്കില്‍ ടീമിന്റെ യാത്ര ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അവതാളത്തിലാകും. മിസോറമിലായതു കൊണ്ട് ടീമിനെ വിമാനത്തില്‍ അയക്കാനുള്ള ശ്രമങ്ങളിലായിരുന്നു കെ.എഫ്.എ. സ്പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്ത ശേഷം സന്തോഷ് ട്രോഫിയുടെ പ്രാഥമിക റൗണ്ട് മാത്രമാണ് പൂര്‍ത്തിയായത്. ഇതില്‍ രണ്ടുകളി മാത്രമാണ് കേരളത്തിന് കളിക്കാനുണ്ടായത്.
ജനുവരിയില്‍ നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഫൈനല്‍ റൗണ്ട് ഫെബ്രുവരിയിലേക്ക് മാറ്റിയതോടെതന്നെ സ്പോണ്സര് നിരാശയിലായിരുന്നു. അതിനു പിന്നാലെ ഏപ്രിലിലേക്ക് മാറ്റിയ ടൂര്‍ണമെന്റ് ഇനിയും നടന്നില്ലെങ്കില്‍ സ്പോണ്‍സറുടെ തുകയെ അതു സാരമായി ബാധിക്കുമെന്നാണ് കെ.എഫ്.എ നല്കുന്ന സൂചന.
മിസോറമിലെ ഐസ്വാളില് ഏപ്രില്‍ 14-ന് തുടങ്ങാനിരുന്ന ടൂര്‍ണമെന്റില്‍ 15-ന് ഡല്‍ഹിക്കെതിരേയാണ് കേരളത്തിന്റെ ആദ്യ കളി. ജാര്‍ഖണ്ഡ്, മേഘാലയ, സര്‍വീസസ് എന്നിവരാണ് ഗ്രൂപ്പില്‍ കേരളത്തിന്റെ മറ്റു എതിരാളികള്‍. കഴിഞ്ഞ തവണ ദക്ഷിണമേഖലാ റൗണ്ടില്‍ ഒരു കളി പോലും ജയിക്കാതെ പുറത്തായ കേരളം ഇക്കുറി തകര്‍പ്പന്‍ ഫോമിലാണ് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)