
മലയാള സിനിമാ ഹാസ്യത്തിന് ഒരു പുതിയ ദിശ നൽകിയ ഒരു ഹാസ്യനടനായിരുന്നു അടൂർ ഭാസി. എന്നും നായകന്റെ അടുത്തു നിൽക്കുന്ന ഒരു കഥപാത്രമായിട്ടാണ് ഭാസി സിനിമകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ആദ്യ കാല ബ്ലാക്ക് & വൈറ്റ് മലയാള ചിത്രങ്ങളിലെ ഹാസ്യത്തിന്റെ ഒരു അവിഭാജ്യ ഘടകമായിരുന്നു ഭാസി. അഭിനയം കൂടാതെ രചയിതാവ്, പത്ര പ്രവർത്തകൻ, ഗായകൻ, നിർമാതാവ് എന്നീ നിലകളിലും ഭാസി പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത നടനായിരുന്ന ബഹദൂറുമായി ചേർന്നുള്ള സഖ്യം മലയാളി സിനിമയിൽ ഒരു ഭാസി-ബഹദൂർ എന്ന ഒരു സംസ്കാരം തന്നെ സൃഷ്ടിച്ചു. ഇതിനാസ്പദമായി കേരളത്തിൽ കാർട്ടൂൺ പരമ്പരയും പ്രശസ്തമാണ്.
1927 മാർച്ച് ഒന്നിന് (കുംഭമാസത്തിൽ അവിട്ടം നക്ഷത്രത്തിൽ) ഹാസ്യ സാഹിത്യകാരനായിരുന്ന ഇ.വി. കൃഷ്ണപ്പിള്ളയുടേയും, കെ. മഹേശ്വരി അമ്മയുടേയും നാലാമത്തെ സന്തതിയായി കെ. ഭാസ്കരൻ നായർ എന്ന ഭാസി തിരുവനന്തപുരം വഴുതക്കാട്ട് റോസ്കോട്ട് ബങ്ലാവിൽ ജനിച്ചു. സി.വി. രാമൻപിള്ളയുടെ മകളാണ് ഇദ്ദേഹത്തിന്റെ അമ്മ. സന്തോഷത്തോടെ ജീവിക്കുന്നതിനിടയിൽ ഇ.വി മരിച്ചു. അച്ഛന്റെ മരണത്തോടെ അവർ അടൂരിലേക്ക് താമസം മാറ്റി. ചെറിയ ക്ലാസുകൾ അടൂരിൽ പഠിച്ച ഭാസി ഇന്റർമീഡിയേറ്റ് പഠിക്കാനാണ് പിന്നീട് തിരുവനന്തപുരത്തെത്തുന്നത്. അടൂർ പെരിങ്ങനാട് ചെറുതെങ്ങിലഴികത്ത് തറവാട്ടിലാണ് ജനിച്ചത് എന്നും അഭിപ്രായം ഉണ്ട്.
പരേതയായ ഓമനയമ്മ, പരേതനായ ചലച്ചിത്രനടൻ കെ. രാമചന്ദ്രൻ നായർ (ചന്ദ്രാജി), രാജലക്ഷ്മിയമ്മ, പത്രപ്രവർത്തകൻ കെ. പത്മനാഭൻ നായർ (അടൂർ പപ്പൻ), പരേതരായ കെ. ശങ്കരൻ നായർ, കെ. കൃഷ്ണൻ നായർ എന്നിവരായിരുന്നു സഹോദരങ്ങൾ. ആദ്യം മധുരയിലായിരുന്നു ജോലി. തിരുവനന്തപുരം ആകാശവാണിയിൽ ഉദ്യോഗത്തിലിരിക്കുമ്പോൾ ടി എൻ ഗോപിനാഥൻ നായരെ പരിചയപ്പെട്ടു. അദ്ദേഹം പത്രാധിപരായിരുന്ന 'സഖി' വാരികയിൽ സഹപത്രാധിപരായി. അക്കാലത്ത് തിരുവനന്തപുരത്തെ പ്രശസ്ത അമച്വർ നാടക സംഘടനയായ കലാവേദിയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ടി ആർ സുകുമാരൻ നായർ, ടി എൻ ഗോപിനാഥൻ നായർ, ജഗതി എൻ കെ ആചാരി, നാഗവള്ളി ആർ എസ് കുറുപ്പ്, പി കെ വിക്രമൻ നായർ തുടങ്ങിയവരോടൊപ്പം നാടക രംഗത്ത് ദീർഘകാലം പ്രവർത്തിച്ചു. വൃക്കരോഗബാധയെ തുടർന്ന് 1990 മാർച്ച് 29-ന് 63-ആം വയസ്സിൽ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് അദ്ദേഹം അന്തരിച്ചു. അച്ഛന്റെ 52-ാം ചരമവാർഷികത്തിന്റെ തലേ ദിവസമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മൃതദേഹം വിലാപ യാത്രയായി അടൂരിലെ തറവാട്ട് വീട്ടിലെത്തിച്ച ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭാസി തന്റെ അഭിനയ ജീവിതം ആരംഭിച്ചത് നാടകങ്ങളിൽ അഭിനയിച്ചു കൊണ്ടാണ്. പ്രസിദ്ധ നാടകാചാര്യന്മാരായ പി.കെ. വിക്രമൻ നായർ, ടി.ആർ. സുകുമാരൻ നായർ, ജഗതി എൻ.കെ. ആചാരി എന്നിവരോടൊപ്പം ഭാസി പ്രവർത്തിച്ചിട്ടുണ്ട്.
ഭാസിയുടെ ആദ്യസിനിമ 1953-ൽ പുറത്തിറങ്ങിയ തിരമാല ആയിരുന്നു. പക്ഷെ ഇതിൽ വളരെ അപ്രധാനമായ ഒരു കഥാപാത്രമായിരുന്നു ഭാസി അവതരിപ്പിച്ചത്. ശ്രദ്ധേയമായ കഥാപാത്രങ്ങൾ ഭാസി അഭിനയിച്ചത് 1965-ൽ ഇറങ്ങിയ ചന്ദ്രതാര, മുടിയനായ പുത്രൻ എന്നീ ചിത്രങ്ങളിലാണ്. അതിനു ശേഷം ഭാസിയുടെ സാന്നിദ്ധ്യം സിനിമയിൽ ഒരു അവിഭാജ്യഘടകമായി മാറി. 1960-70 കാലഘട്ടത്തിൽ ഭാസിയുടെ വേഷമില്ലാത്ത അപൂർവ്വം മലയാള സിനിമകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പ്രശസ്ത നടനായിരുന്ന പ്രേം നസീറിനോടൊപ്പം ഒരു ജോടി തന്നെ രൂപപ്പെട്ടിരുന്നു അക്കാലത്ത്. അദ്ദേഹം 700-ലധികം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
കുറ്റവാളി, കരിമ്പന, ഇതാ ഒരു മനുഷ്യൻ എന്നീ ചിത്രങ്ങളിൽ ഭാസി വില്ലൻ വേഷത്തിലും അഭിനയിച്ചിട്ടുണ്ട്. കൊട്ടാരം വിൽക്കാനുണ്ട്, ലങ്കാദഹനം, റെസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങളിൽ ഇരട്ട വേഷങ്ങളിലും ഭാസി അഭിനയിക്കുകയുണ്ടായി.
പുരസ്കാരങ്ങൾ
സംസ്ഥാന പുരസ്കാരങ്ങൾ
- 1979 - മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - (ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ)
- 1974 - മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - (ചട്ടക്കാരി)
- 1984 - മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം - (ഏപ്രിൽ 18)
സംവിധാനം ചെയ്ത ചിത്രങ്ങൾ
- രഘുവംശം (1978)
- അച്ചാരം അമ്മിണി ഓശാരം ഓമന (1977)
- ആദ്യപാഠം (1977)
പാടിയ ചിത്രങ്ങൾ
- മറവിൽ തിരിവ് സൂക്ഷിക്കുക - കടുവ...
- ലോട്ടറി ടിക്കറ്റ് - ഒരു രൂപ നോട്ട് കൊടുത്താൽ...
- ആഭിജാത്യം - തള്ള് തള്ള്...
- സ്ഥാനാർത്ഥി സാറാമ്മ - വോട്ടില്ല വോട്ടില്ല...
- ചക്രവാകം - വെളുത്ത വാവിനും...
- തെക്കൻകാറ്റ് - നീയേ ശരണം...
- സാക്ഷി - മാന്യന്മാരേ...
- കാട്ടുകുരങ്ങ് - കല്ലുകുളങ്ങരെ..
- ആദ്യകിരണങ്ങൾ - അനച്ചാൽ നാട്ടിലുള്ള...
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)