
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മുസ്ലിംകള്ക്കും സ്വത്തുക്കള്‍ക്കും പള്ളികള്‍ക്കും നേരെ നടന്ന ഭീതിജനക ആക്രമണത്തെ അപലപിക്കുന്നതായി ഇസ്ലാമിക രാജ്യങ്ങളുടെ സഹകരണ സഖ്യം (ഒ.ഐ.സി). ഡല്‍ഹിയിലേത് മുസ്ലിം വിരുദ്ധ കലാപമാണെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു. അങ്ങേയറ്റം ഹീനമായ അക്രമമാണ് ഡല്‍ഹിയില്‍ നടന്നത്. മുസ്ലിം പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ആരാധനാലയങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ഒ.ഐ.സി മോദി സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു.
കലാപങ്ങളിലെ മരണങ്ങളില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. അക്രമം അമര്‍ച്ച ചെയ്യുന്നതിലെ ഡല്‍ഹി പൊലീസിന്റെ അനാസ്ഥയില്‍ യു.എന്‍ മനുഷ്യാവകാശ കമീഷന് അധ്യക്ഷന്‍ മിഷേല്‍ ബാച്ചലേ ആശങ്ക അറിയിച്ചു. ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നിന്ന് മുസ്ലിംകള്ക്കും മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്കാന് ഇന്ത്യന്‍ സര്‍ക്കാര്‍ ഗൗരവമായി ശ്രമിക്കണമെന്ന് മതസ്വാതന്ത്ര്യത്തിനുള്ള യു.എസ് ഏജന്‍സിയും ആവശ്യപ്പെട്ടു.
സ്വന്തം പൗരന്മാര്ക്ക് വിശ്വാസം പരിഗണിക്കാതെ ആക്രമണങ്ങളില്‍നിന്ന് സംരക്ഷണം നല്കാന് ഇന്ത്യന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് മതസ്വാതന്ത്ര്യത്തിനുള്ള യു.എസ് കമീഷന് (യു.എസ്.സി.ഐ.ആര്.എഫ്) അധ്യക്ഷന്‍ ടോണി പെര്‍കിന്‍സ് ആവശ്യപ്പെട്ടു. മുസ്ലിംകളുടെ വീടുകളും കടകളും ആരാധനാലയങ്ങളും തകര്‍ക്കപ്പെടുന്നത് അതി ഗൗരവതരമാണ്. അത്യന്തം ക്രൂരവും അനിയന്ത്രിതവുമായ ആക്രമങ്ങള്‍ തുടരാന്‍ അനുവദിക്കരുതെന്ന് സി.ഐ.ആര്.എഫ്. കമീഷണര്‍ അരുണിമ ഭാര്‍ഗവയും ആവശ്യപ്പെട്ടു.
ഇന്ത്യന്‍ തലസ്ഥാനത്ത് നടന്നത് ഹിന്ദുക്കള്‍ നടത്തിയ മുസ്ലിം കൂട്ടക്കൊലയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് ആരോപിച്ചു.
അതേസമയം, ഒ.ഐ.സി പ്രസ്താവന അപക്വവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. ജനങ്ങള്‍ക്ക് ആത്മ വിശ്വാസം നല്‍കാനും സാധാരണ നില പുനഃസ്ഥാപിക്കാനും ശ്രമിക്കുന്നുണ്ട്. അതിനിടയ്ക്ക് ഒ.ഐ.സി-യെ പോലുള്ള സംഘടന നിരുത്തരവാദ പ്രസ്താവന നടത്തരുതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ആവശ്യപ്പെട്ടു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)