
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ പത്ത് ലക്ഷം വീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. മറ്റു നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന നഷ്ട പരിഹാരങ്ങളും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. കലാപത്തില്‍ പരിക്ക് പറ്റിയവര്‍ക്ക് സ്വകാര്യ ആശുപത്രികളിലടക്കം സൗജന്യ ചികിത്സ നല്‍കും. കലാപത്തില്‍ അംഗവൈകല്യമടക്കം സംഭവിച്ചവര്‍ക്ക് അഞ്ച് ലക്ഷം വീതവും വലിയ പരിക്കുകളുള്ളവര്‍ക്ക് രണ്ട് ലക്ഷം വീതവും പരിക്കേറ്റ മറ്റുള്ളവര്‍ക്ക് 20,000 രൂപ വീതവും നഷ്ട പരിഹാരമായി നല്‍കും.
കലാപത്തില്‍ പങ്കുള്ളവര്‍ക്കെതിരെ അവരുടെ പാര്‍ട്ടിയോ മറ്റു പരിഗണനകളോ നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമാധാനം നിലനിര്‍ത്തുന്നതിലും കലാപാന്തരീക്ഷം നിയന്ത്രിക്കുന്നതിലും ആപ് സര്‍ക്കാറിനെതിരെ കോണ്‍ഗ്രസ് വിമര്‍ശം ഉന്നയിക്കുന്നതിനിടെയിലാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
'കലാപം നടത്തിയത് എഎപിക്കാരനായാലും ബിജെപിക്കാരനായാലും കോണ്‍ഗ്രസ്സുകാരനായാലും അവരെ വെറുതെ വിടില്ല'-മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
തീ വെച്ച് നശിപ്പിച്ച വ്യാപാര സ്ഥാപനങ്ങള്‍ ഇന്‍ഷുര്‍ സുരക്ഷ ഉള്ളവയല്ലെങ്കില്‍ അഞ്ച് ലക്ഷം വീതം ഡല്‍ഹി സര്‍ക്കാര്‍ നല്‍കും. വീടുകള്‍ അഗ്നിക്കിരയായവര്ക്ക് അഞ്ച് ലക്ഷം വീതം നല്‍കും. വാടക വീടുകളാണെങ്കില്‍ വീട്ടുടമസ്ഥന് നാല് ലക്ഷവും താമസക്കാര്‍ക്ക് ഒരു ലക്ഷവുമാണ് നല്‍കുക. മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് 5,000 രൂപ വീതവും റിക്ഷകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 25,000 രൂപ വീതവും ഇ-റിക്ഷകള്‍ നഷ്ടപ്പെട്ടവര്‍ക്ക് 50,000 രൂപ വീതവും ഡല്‍ഹി സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)