
ബംഗളൂരു: ഗവേഷണങ്ങൾക്ക് ഉൾപ്പെടെ വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ‘മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷന്’-ന്റെ ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സസ്പെൻഡ് ചെയ്തു. വിദേശ ഫണ്ട് സ്വീകരിക്കുന്നതിനും ഉപയോഗിക്കുന്നതിനും സ്ഥാപനത്തിനുണ്ടായിരുന്ന എഫ്.സി.ആർ.എ ലൈസൻസ് ആണ് ആരോപണങ്ങളെ തുടർന്ന് സസ്പെൻഡ് ചെയ്തത്. ‘നിപ’ വൈറസുമായി ബന്ധപ്പെട്ട് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അനുമതിയില്ലാതെ ഗവേഷണം നടത്തിയെന്ന ആരോപണത്തിന്റെ പേരിലാണ് കേന്ദ്ര നടപടി.
എന്നാൽ, ‘നിപ’ വൈറസ് സാമ്പിളുകൾ പരിശോധിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം അനുമതി നൽകിയതാണെന്നും ഇപ്പോഴത്തെ ആരോപണങ്ങളിൽ അടിസ്ഥാനമില്ലെന്നുമാണ് മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജുക്കേഷന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബ് അധികൃതർ വ്യക്തമാക്കുന്നത്.
‘നിപ’ വൈറസ് പരിശോധനയ്ക്കായി വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് 2020 ജനുവരിയിൽ മണിപ്പാൽ എജുക്കേഷൻസിന്റെ എഫ്.സി.ആർ.എ അക്കൗണ്ട് സസ്പെൻഡ് ചെയ്തതെന്നും ഇത് നിഷേധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തിന് മറുപടി കാത്തിരിക്കുകയാണെന്നുമാണ് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഇക്കാര്യത്തിൽ വേണ്ടത്ര വിശദീകരണം തേടാതെ ഏകപക്ഷീയമായി ലൈസൻസ് സസ്പെൻഡ് ചെയ്യുകയായിരുന്നുവെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
2018-ൽ കേരളത്തിൽ ‘നിപ’ വൈറസ് ബാധ നേരത്തെ കണ്ടെത്തി പ്രശംസ പിടിച്ചുപറ്റിയ മണിപ്പാൽ വൈറോളജി ലാബിനെതിരെയാണ് കേന്ദ്ര നീക്കം. വൈറസ് സ്ഥിരീകരിക്കാനുള്ള അധികാരികമായ ലാബുകളുടെ പട്ടികയിൽ മണിപാൽ വൈറോളജി ലാബും ഉൾപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് 2019-ൽ ‘നിപ’ മാർഗനിർദേശക രേഖയിൽ നിന്നും ലാബ് ഒഴിവാക്കപ്പെട്ടു.
ബി.എസ്.എൽ-നാല് (ബയോളജിക്കൽ സേഫ്റ്റി ലെവൽ-നാല്) സർട്ടിഫിക്കറ്റ് ഇല്ലാതെ ‘നിപ’ വൈറസ് സാമ്പിളുകൾ സൂക്ഷിച്ചുവെന്നാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ആരോപിച്ചിരുന്നത്. ബി.എസ്.എൽ-നാല് സർട്ടിഫിക്കേഷൻ ലഭിച്ച ലാബുകൾക്ക് മാത്രമാണ് ‘നിപ’ വൈറസ് ഉൾപ്പെടെയുള്ള അപകടസാധ്യതയുള്ള വൈറസുകൾ സൂക്ഷിക്കാൻ അനുമതിയുള്ളത്. സർക്കാറിന്റെ അനുമതിയില്ലാതെ ഇന്ത്യയിലേക്കുള്ള ഫണ്ടിങ് നിർത്തിവെയ്ക്കാനും അമേരിക്കയിലെ രോഗനിയന്ത്രണ സെന്ററിനോട് (സി.ഡി.സി) നിർദേശിച്ചിട്ടുണ്ട്.
നിപ വൈറസുമായി ബന്ധപ്പെട്ട ഗവേഷണത്തിന് ഒരു വിധ വിദേശ ഫണ്ടും സ്വീകരിച്ചിട്ടില്ലെന്നും വൈറസ് പടർന്ന സമയത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയവുമായും ഐ.സി.എം.ആറുമായും ചേർന്നാണ് പ്രവർത്തിച്ചിരുന്നതെന്നുമാണ് മണിപ്പാൽ എജുക്കേഷൻ അധികൃതർ പറയുന്നത്. ഐ.സി.എം.ആർ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പരിശോധനകളും ഗവേഷണവും നടത്തിയത്. ഐ.സി.എം.ആറിന്റെ പട്ടികയിൽ നിന്നും മണിപ്പാൽ വൈറോളജി ലാബ് ഒഴിവാക്കപ്പെട്ടതിനെതിരെ തുടർ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)