
ന്യൂഡല്‍ഹി: സംഘപരിവാര്‍ അക്രമിസംഘം ഡല്‍ഹിയില്‍ വന്‍ കലാപം നടത്തുകയാണ്. പള്ളികളും വീടുകളും വാഹനങ്ങളും അഗ്നിക്കിരയാക്കുന്നു. എല്ലാം കൈയ്യുംകെട്ടി നോക്കി നില്‍ക്കുകയാണ് പൊലീസ്. അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെയും അക്രമികള്‍ വെറുതെ വിടുന്നില്ല. ഡല്‍ഹിയിലെ സംഭവങ്ങള്‍ എത്രത്തോളം ഭീകരമാണെന്ന് പല മാധ്യമപ്രവര്‍ത്തകരുടെയും ലൈവ് റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാണ്.
അക്രമികള്‍ പൊലീസിന് മുന്നിലൂടെ ആയുധങ്ങളുമേന്തി പള്ളി കത്തിക്കുന്നത് താന്‍ നേരിട്ട് കണ്ടുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് ഡല്‍ഹി ബ്യൂറോ ലേഖകന്‍ പി ആര് സുനില്‍ റിപ്പോര്‍ട്ട് ചെയ്തു. പള്ളി കത്തിച്ച ശേഷം അവിടെനിന്ന് വെടിയൊച്ചയും കേട്ടു. പല അക്രമ ദൃശ്യങ്ങളും ഷൂട്ട് ചെയ്യാനാകാത്ത സ്ഥിതിയാണെന്നും അക്രമിസംഘം വന്ന് തന്നോടും മതം ചോദിച്ചുവെന്നും സുനില്‍ പറഞ്ഞു.
'16 വര്‍ഷമായി ഞാന്‍ ഡല്‍ഹിയിലുണ്ട്. എന്നാലിതുവരെ ഇത്തരമൊരു കലാപം ഞാന്‍ ഇവിടെ കണ്ടിട്ടില്ല. മുന്‍പ് പലപ്പോഴും അക്രമങ്ങളുണ്ടാകുമ്പോള്‍ പൊലീസ് എത്തി നിയന്ത്രിക്കുമായിരുന്നു. പക്ഷേ ഇപ്പോള്‍ സ്ഥിതി അങ്ങനെയല്ല. ആസൂത്രിതമായ സംഘടിതമായ അക്രമമാണ് ഇവിടെ നടക്കുന്നത്. ജയ് ശ്രീറാം വിളിച്ച് തോക്കും കമ്പിയുമായി അക്രമികള്‍ പോകുമ്പോള്‍ പൊലീസ് നോക്കി നില്‍ക്കുകയാണ്. അക്രമങ്ങള്‍ നടത്താന്‍ മൗനാനുവാദം പൊലീസ് തന്നെ കൊടുക്കുന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് ഞാന്‍ കണ്ടത്. പള്ളി ഏതാണ്ട് പൂര്‍ണമായും കത്തിയമര്‍ന്ന ശേഷമാണ് ഫയര്‍ എഞ്ചിന് എത്തിയത് തന്നെ.
അക്രമം ഷൂട്ട് ചെയ്യുന്നത് കണ്ടാല്‍ കല്ലെറിയും. മൊബൈല്‍ ഫോണ്‍ പുറത്തെടുക്കാന്‍ പോലും പലരെയും അനുവദിക്കുന്നില്ല. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഇപ്പോഴും ഭീഷണിയുണ്ട്. വാഹനങ്ങളെല്ലാം തടഞ്ഞ് നിര്‍ത്തി മതവും പേരും ചോദിക്കുകയാണ്. വലിയ ഗുണ്ടാ സംഘങ്ങള്‍ കൂട്ടത്തോടെ വന്ന് പള്ളികള്‍ ആക്രമിക്കുന്നു. അവരുടെ കൈയ്യില്‍ തോക്കും ചുറ്റികയുമൊക്കെയുണ്ട്. ആളുകളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് നടക്കുന്ന കൃത്യമായ അക്രമമാണ് ഇവിടെ നടക്കുന്നത്. ഞാന്‍ ഇവിടെ നിന്ന് അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ചു. പലയിടത്തും വാഹനങ്ങളും കടകളും കത്തുകയാണ്. അവിടെയൊന്നും പൊലീസില്ല. 84-ലെ സിഖ് കലാപത്തിന് ശേഷം കാണുന്ന ഏറ്റവും വലിയ സംഘര്‍ഷമേഖലയായി ഡല്‍ഹി മാറുകയാണ്.'- സുനില്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ലൈവ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
അതിനിടെ മുസ്ലീം പള്ളി തീയിട്ടത് ചിത്രീകരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമമുണ്ടായി. എന്‍ഡിടിവി മാധ്യമപ്രവര്ത്തകന് വെടിയേറ്റതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.
അതേസമയം, കലാപം വ്യാപിച്ച ഡൽഹിയിൽ മാധ്യമപ്രവർത്തകർക്കുനേരെ ആക്രമണമുണ്ടാകുകയും ഒരു മാധ്യമപ്രവർത്തകന് വെടിയേല്‍ക്കുകയും ചെയ്തു. ഇയാളുടെ നില ഗുരുതരമാണ്. ജെ കെ 24 ന്യൂസ് ചാനൽ റിപ്പോർട്ടർക്കാണ് വെടിയേറ്റത്. മൗജ്പൂരിലായിരുന്നു സംഭവം. നാല് എൻഡിടിവി മാധ്യമപ്രവർത്തകർക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. അവരിന്ദ് ഗുണശേഖർ, സൗരഭ് ശുക്ല, മരിയം അലവി, ശ്രീനിവാസൻ ജെയിൻ എന്നീ മാധ്യമപ്രവർത്തകർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)