
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കലാപത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേര് കൂടി മരിച്ചു. ഇതോടെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ ഡല്‍ഹി പോലിസും പൗരത്വ നിയമ അനുകൂലികളും അഴിച്ചുവിട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട നാല് പേര്‍ക്കും വെടിയേറ്റതായി റിപോര്‍ട്ട്. പ്രക്ഷോഭകരായ നാല് പേര്‍ക്ക് വെടിയേറ്റാണ് മരണപ്പെട്ടതെന്ന് പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ച ഡോക്ടര്‍ പറഞ്ഞതായി ഹിന്ദുസ്താന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു. മരിച്ചവരില്‍ ഒരാളുടെ തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്. ആക്രമണത്തില്‍ ഇതുവരെ 7 പേര് കൊല്ലപ്പെട്ടു. ഒരാള്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പോലിസ് കോണ്‍സ്റ്റബിളാണ്. മൗജ്പൂര്, ജാഫ്രാബാദ്, ഭജന്‍പുര, കര്‍ദാംപുരി, ദയാല്‍പൂര്‍, ചന്ദ്ബാഗ് തുടങ്ങിയ മുസ്ലിം മേഖലകളിലാണ് ആക്രമണം നടന്നത്. നൂറോളം പൊലിസുകാരുടെ സാന്നിധ്യത്തിലാണ് സിഎഎ അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടത്.
പോലീസ് നടത്തിയ വെടിവയ്പില്‍ നിരവധി പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റു. ദില്‍ഷാദ് ഗാര്‍ഡനിലെ ഗുരു തേജ് ബഹദൂര്‍ ആശുപത്രിയില്‍ പരിക്കേറ്റ 50-ലധികം പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തില്‍ 10 വയസുകാരന് വെടിയേറ്റ മുറിവുകളുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപോര്‍ട്ട് ചെയ്തു. കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ വെടിയേറ്റ മുറിവുകളുള്ളവര്‍ നിരീക്ഷണത്തിലാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം കൃത്യമായി നല്കാന് ഇപ്പോള്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മരിച്ച മറ്റുള്ളവരുടെ പേരുവിവരങ്ങള്‍ സംബന്ധിച്ചും വ്യക്തതയില്ല.
വാഹനങ്ങള്‍, കടകള്‍, വീടുകള്‍, പെട്രോള്‍ പമ്പ് എന്നിവ അഗ്നിക്കിരയാക്കി. രണ്ട് മിനി ട്രക്കുകളും നശിപ്പിച്ചു. അതേസമയം, ജാഫ്രാബാദ് പ്രദേശത്ത് അക്രമത്തിനിടെ വെടിയുതിര്‍ത്തത് ഷാരൂഖ് എന്നയാളാണെന്ന് പോലിസ് തിരിച്ചറിഞ്ഞതായി എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ എല്ലാ സ്വകാര്യ, സര്‍ക്കാര്‍ സ്കൂളുകളും ചൊവ്വാഴ്ച അടച്ചിടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സ്ഥിതി നിയന്ത്രണവിധേയമാണെന്നും വേണ്ടത്ര സേനയെ വിന്യസിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം ജാഫ്രാബാദില്‍ ആരംഭിച്ച സിഎഎ വിരുദ്ധ പ്രതിഷേധം തടയാന്‍ ബിജെപി നേതാവ് കപില്‍ മിശ്ര പോലിസിന് മൂന്ന് ദിവസത്തെ അന്ത്യശാസനം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)