
തിരുവനന്തപുരം: ബംഗളൂരുവിലേക്കും തിരിച്ചും കൂടുതൽ ട്രെയിൻ വേണമെന്ന കേരളത്തിന്റെ ആവശ്യം സ്വകാര്യ ബസ് ലോബിക്ക് വേണ്ടി റെയിൽവേ അട്ടിമറിക്കുന്നു. യാത്രക്കാരുടെ തിരക്കും യാത്രാസൗകര്യങ്ങളുടെ അഭാവവും ചൂണ്ടിക്കാട്ടി പലവട്ടം സംസ്ഥാനസർക്കാർ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കത്തയച്ചിരുന്നു.
ട്രെയിനുകൾ ഓടിക്കാൻ തിരുവനന്തപുരം ഡിവിഷൻ സന്നദ്ധത അറിയിച്ചെങ്കിലും ബംഗളൂരുവിൽ മതിയായ പ്ലാറ്റ്ഫോമില്ലെന്ന് ചൂണ്ടിക്കാട്ടി ചെന്നൈ ആസ്ഥാനമായ ദക്ഷിണ റെയിൽവേ ഓരോ വട്ടവും തടയിടുകയാണ്.
കർണാടകയിലെ മറ്റ് സ്റ്റേഷനുകളിൽ നിന്ന് നിരവധി പുതിയ സർവിസുകൾ ബംഗളൂരുവിലേക്ക് ആരംഭിക്കുമ്പോഴാണ് കേരളത്തിനോട് മുഖം തിരിക്കുന്നത്. ബദൽ മാർഗങ്ങളില്ലാത്ത നിസ്സഹായാവസ്ഥയിലാണ് അധിക പേരും ബസ് യാത്ര തെരഞ്ഞെടുക്കുന്നത്.
ഒരു ട്രെയിൻ ഓടിച്ചാൽ 1,700 യാത്രക്കാരെ ഉൾക്കൊള്ളാം. ശരാശരി 50 യാത്രക്കാരെ വെച്ച് കണക്കാക്കിയാലും 34 ബസുകൾ നിരത്തൊഴിയേണ്ടി വരും. ഇത് മറികടക്കാനുള്ള സ്വകാര്യ ബസ് ലോബിയുടെ നീക്കമാണ് റെയിൽവേയുടെ അവഗണന. നിലവിൽ ആഴ്ചയിൽ രണ്ട് ദിവസമുള്ള കൊച്ചുവേളി-ബാനസ്വാടി ഹംസഫർ എക്സ്പ്രസ് പ്രതിദിനമാക്കണമെന്ന ആവശ്യം ഏറെനാളായി ഉയരുന്നുവെങ്കിലും പുതിയ ടെർമിനൽ യാഥാർഥ്യമാകാതെ അനുവദിക്കാനാകില്ലെന്നാണ് റെയിൽവേയുടെ നിലപാട്.
കോച്ചുകളുടെ അറ്റകുറ്റപ്പണി, സുരക്ഷ പരിശോധന എന്നിവയ്ക്ക് മതിയായ സൗകര്യമില്ലെന്നും റെയിൽവേ ചൂണ്ടിക്കാട്ടുന്നു. റിസർവേഷൻ ആരംഭിക്കുന്ന ദിവസം തന്നെ ബംഗളൂരു ടിക്കറ്റുകൾ കാലിയാകുന്നതാണ് ഇപ്പോഴത്തെ നില. പിന്നീട് കഴുത്തറുപ്പൻ നിരക്കുള്ള സ്വകാര്യബസുകളെ ആശ്രയിക്കുകയേ നിവർത്തിയുള്ളൂ.
ബംഗളൂരു യാത്രക്കാര്‍ക്ക് നേരെ സ്വകാര്യ അന്തർസംസ്ഥാന ബസിലെ ജീവനക്കാരുടെ അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഏറ്റവുമൊടുവിൽ കേരളത്തില്‍ നിന്ന് കൂടുതല്‍ ട്രെയിനുകള്‍ വേണമെന്ന ആവശ്യമുയർന്നത്. നേർക്കുനേർ ബാധിക്കുന്ന വിഷയമായതിനാൽ ബസുടമകൾ ഇടപെട്ടു.
ഇതോടെ നീക്കങ്ങളെല്ലാം നിന്നു. നിലവിൽ തിരുവനന്തപുരം ഡിവിഷനിൽ നിന്ന് ആഴ്ചയിൽ 10 ട്രെയിനുകളാണ് ബംഗളൂരുവിലേക്കുള്ളത്. ഇതിനെക്കാൾ 50 ശതമാനത്തിലധികം യാത്രക്കാർ ഡിവിഷനിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് ബംഗളൂരുവിലേക്കുണ്ടെന്ന സാഹചര്യത്തിലാണിത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)