
കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാൾ. കേരളം, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളാണ് നേരത്തെ പ്രമേയം പാസാക്കിയത്.
ബംഗാളിൽ സിഎഎ-യും എൻപിആറും എൻആർസി-യും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. സമാധാനപരമായ പ്രതിഷേധം തുടരും. പൗരത്വ നിയമ ഭേദഗതി പ്രകാരം പൗരത്വം ലഭിക്കണമെങ്കിൽ വിദേശിയാകണം എന്ന സ്ഥിതിയാണ്. ഭീകരമായ അവസ്ഥയാണിത്. ജനങ്ങളെ അത് മരണത്തിലേക്ക് തള്ളിവിടും. അത്തരത്തിലുള്ള കെണിയിൽ വീഴില്ലെന്നും മമത പറഞ്ഞു.
തടങ്കൽ പാളയങ്ങൾ അടക്കമുള്ളവ അംഗീകരിക്കാനാവില്ല. രാജ്യം വിട്ടുപോകേണ്ടി വരുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. ജനിക്കാതിരുന്നുവെങ്കിൽ നന്നായിരുന്നു എന്നുപോലും ചിന്തിക്കേണ്ടി വരുന്ന അവസ്ഥയാണിത്. വിവിധ കാർഡുകൾക്കുവേണ്ടി ജനം ക്യൂ നിൽക്കുകയാണ്.
അവർ പാകിസ്താന്റെ ബ്രാൻഡ് അംബാസിഡർമാരാണ്. പാകിസ്താനെപ്പറ്റി കൂടുതൽ സംസാരിക്കുന്ന അവർ ഹിന്ദുസ്ഥാനെപ്പറ്റി വളരെ കുറച്ചുമാത്രം സംസാരിക്കുന്നു. പൗരത്വ നിയമ ഭേദഗതിയിലൂടെ ആദ്യമായി മതം പൗരത്വം ലഭിക്കുന്നതിനുള്ള മാനദണ്ഡമായി മാറി. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മമത കുറ്റപ്പെടുത്തി.
കോൺഗ്രസും സിപിഎം നേതൃത്വം നൽകുന്ന ഇടതുമുന്നണിയും അടക്കമുള്ള പാർട്ടികൾ പ്രമേയത്തെ പിന്തുണച്ചു. പ്രമേയത്തെ എതിർത്ത ബിജെപി നിയമ ഭേദഗതി കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അഭിനന്ദിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)