
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടക്കുന്ന വിദ്യാർഥികളുടെയും മറ്റ് സംഘടനകളുടെയും പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി ഇന്ത്യയിലെ സാംസ്കാരിക പ്രവർത്തകരുടെ തുറന്ന കത്ത്. ബോളിവുഡ് താരം നസറുദ്ദീൻ ഷാ, സംവിധായിക മീരാ നായർ, സംഗീതജ്ഞൻ ടി.എൻ കൃഷ്ണ, ചരിത്രകാരൻമാരായ അമിതാവ് ഘോഷ്, റൊമില ഥാപ്പർ എന്നിങ്ങനെ വിവിധ മേഖലകളിൽ നിന്നുള്ള 300 പേരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.
പൗരത്വ നിയമം ഭേദഗതി ചെയ്തതും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നതും രാജ്യത്തിന്റെ ആത്മാവിന് ഭീഷണിയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. സി.എ.എ-ക്കും എൻ.ആർ.സിക്കുമെതിരെ ശബ്ദമുയർത്തുന്ന വിദ്യാർഥികൾക്കും പ്രതിഷേധിക്കുന്നവർക്കും ഐക്യദാർഢ്യം അറിയിക്കുന്നു. ഇന്ത്യൻ ഭരണഘടനയുടെ തത്വങ്ങൾക്ക് എതിരായി ഒരുമിച്ച് ശബ്ദമുയർത്തുന്നവർ ബഹുസ്വരതയും നാനാത്വവുമുള്ള സമൂഹം നിലനിർത്തുമെന്ന പ്രതീഷയാണ് നൽകുന്നതെന്നും കത്തിൽ പറയുന്നു.
പലരും അനീതിക്കെതിരെ മൗനം പാലിക്കുന്നു. നിലവിലുള്ള സാഹചര്യം ഭരണഘടനാ തത്വങ്ങൾ മുറുക്കെ പിടിക്കാൻ നമ്മൾ ഒരുമിച്ച് നിൽക്കണമെന്നാണ് ആവശ്യപ്പെടുന്നത്. നയങ്ങളും പ്രഖ്യാപനങ്ങളുമെല്ലാം പൊതുജന താൽപര്യം മനസിലാക്കിയോ തുറന്ന ചർച്ചകളിലൂടെയോ അല്ല കേന്ദ്രസർക്കാർ നടപ്പാക്കുന്നതെന്നും വിമർശിക്കുന്നു.
രാജ്യത്തിന്റെ ആത്മാവ് ഭീഷണിയിലാണ്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ജീവിതവും പൗരത്വവും അപകടത്തിലാണ്. എൻ.ആർ.സിക്ക് കീഴിൽ ആർക്കെങ്കിലും അവരുടെ കുടുംബവേരുകൾ കാണിക്കുന്ന രേഖകൾ സമർപ്പിക്കാൻ കഴിയാതിരുന്നാൽ അവർക്ക് പൗരത്വം നിഷേധിക്കപ്പെടും. എൻ.ആർ.സി പ്രകാരം അനധികൃത കുടിയേറ്റക്കാരായ മുസ്ലിം ഇതര വിഭാഗങ്ങൾക്ക് സി.എ.എ-ക്ക് കീഴിൽ പൗരത്വം ലഭിക്കുകയും ചെയ്യുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
എഴുത്തുകാരായ അനില ദേശായ്, കിരൺ ദേശായ്, എഴുത്തുകാരിയും നടിയുമായ നന്ദിത ദാസ്, സിനിമാപ്രവർത്തകരായ രത്ന പതക് ഷാ, ജാവേദ് ജഫ്രി, ലിറ്റെറ്റ് ദുബെ, സാമൂഹിക പ്രവർത്തകരായ സൊഹൈൽ ഹഷ്മി, ആഷിഷ് നന്ദി എന്നിവരും കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)