
ന്യൂഡല്ഹി: പാകിസ്താനിൽ നിന്നെത്തിയ മുസ്ലിം ഗായകൻ അദ്നാൻ സാമിക്ക് പൗരത്വവും പത്മശ്രീയും നൽകാമെങ്കിൽ കേന്ദ്ര സർക്കാർ എന്തിനാണ് പൗരത്വ നിയമ ഭേദഗതികൊണ്ടുവന്നതെന്ന് കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ബോധപൂർവ്വം ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ ഭിന്നത വളർത്താൻ വേണ്ടി മാത്രമാണ് പൗരത്വ നിയമ ഭേദഗതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘നേരത്തെ അദ്നാൻ സാമിക്ക് പൗരത്വം നൽകണമെന്ന് പറഞ്ഞതിന്റെ പേരിൽ എനിക്കെതിരെ വലിയ വിമർശനങ്ങളായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് പൗരത്വവും പത്മശ്രീയും ലഭിച്ചതിൽ എനിക്ക് സന്തോഷമുണ്ട്. കേന്ദ്രസർക്കാരിന് ഒരു പാകിസ്താനി മുസ്ലിമിന് പൗരത്വം നൽകാമെങ്കിൽ സിഎഎ കൊണ്ടുവന്നത് എന്തിനാണ്? ഇത് ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ ഭിന്നതയുണ്ടാക്കാൻ വേണ്ടിയല്ലാതെ മറ്റൊന്നിനുമല്ല ‘- ദിഗ് വിജയ് സിംഗ് പറഞ്ഞു.
സാമിയുടെ സംസ്ഥാനം മഹാരാഷ്ട്ര എന്നായിരുന്നു പദ്മശ്രീ ജേതാക്കളുടെ പട്ടികയിൽ രേഖപ്പെടുത്തിയിരുന്നത്. പാക് വ്യോമസേനാ ഉദ്യോഗസ്ഥന്റെ മകനായ സാമി ലണ്ടനിലാണ് ജനിച്ചത്. അദ്ദേഹം ഇന്ത്യൻ പൗരത്വത്തിന് മോദി സർക്കാരിന്റെ കാലത്ത് 2015-ലാണ് അപേക്ഷിച്ചത്. 2016 ജനുവരിയിൽ കേന്ദ്രസർക്കാർ ഈ അപേക്ഷ അംഗീകരിച്ചുകൊണ്ട് പൗരത്വം നൽകുകയായിരുന്നു.
ഗായകൻ അദ്നൻ സാമിക്ക് പത്മശ്രീ നൽകിയതിനെ വിമർശിച്ച് കോൺഗ്രസ് വക്താവ് ജയ്വീർ ഷെർഗിലും രംഗത്ത് എത്തി. കാർഗിൽ യുദ്ധവീരനായ മുഹമ്മദ് സനാവുള്ളയെ എൻആർസി-യിലൂടെ വിദേശിയായി പ്രഖ്യാപിച്ച സർക്കാർ ഒരു പാക് വ്യോമസേന പൈലറ്റിന്റെ മകനായ അദ്നൻ സാമിയെ ആദരിച്ചതിൽ അത്ഭുതം തോന്നുന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)