
തിരുവനന്തപുരം: ഉപയോഗ ശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന വിവിധതരം വസ്ത്രങ്ങളില്‍ നിന്നും ഉപയോഗപ്രദമായ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാം എന്ന് ഉറപ്പ് തരുന്നു ഗ്രാമീണ പഠനകേന്ദ്രം. വീട്ടില്‍ കൂട്ടിവെച്ചിരിക്കുന്ന പഴയ സാരികളോ പാന്റ്സോ ഉണ്ടെങ്കില്‍ അതുമായി നേരെ കനകക്കുന്നിലെ സൂര്യകാന്തി പ്രദര്‍ശന നഗരിയിലേക്ക് വന്നാല്‍ വിവിധതരം തുണി സഞ്ചികളുമായി മടങ്ങാം. കനകക്കുന്നില്‍ സൂര്യകാന്തിയില്‍ ഹരിതകേരളം മിഷന് സംഘടിപ്പിക്കുന്ന ശുചിത്വസംഗമം പ്രദര്‍ശന വിപണന മേളയിലെ കരകുളം ഗ്രാമീണ പഠന കേന്ദ്രം സ്റ്റാളിലാണ് ഈ സൗകര്യം. മോഡേണ്‍ ബാഗുകള്‍ പലതരം തുണി പൗച്ചുകള്‍, ഡോര്‍മാറ്റ്, മറ്റ് അലങ്കാര വസ്തുക്കള്‍ എന്നിവയൊക്കെ പാഴ്വസ്തുക്കളില് നിന്നും നിര്‍മ്മിക്കാന്‍ ഗ്രാമീണ പഠന കേന്ദ്രം പൊതുജനങ്ങളെ പരിശീലിപ്പിക്കുന്നു.
പ്ലാസ്റ്റിക് നിരോധനമായതിനാല്‍ ടൂത്ത് ബ്രഷ് ഉള്‍പ്പെടെ മുള കൊണ്ടുള്ള നിരവധി പ്രകൃതി സൗഹൃദ ഉത്പന്നങ്ങളാണ് കോഴിക്കോട് നിന്നുള്ള സ്വസ്തി ഫൗണ്ടേഷന്റെ സ്റ്റാളില്‍ പ്രദര്‍ശനത്തിനും വിപണനത്തിനുമുള്ളത്.
പേപ്പര്‍പേനകള്‍ സര്‍വസാധാരണമാണെങ്കിലും ഇവിടെയുള്ള പേപ്പര്‍ പേനകള്‍ പുനരുപയോഗിക്കപ്പെട്ട പേപ്പറുകള്‍ ഉപയോഗിച്ചുള്ള പേനകളാണ്. പേപ്പര്‍ ഉപയോഗിച്ചുണ്ടാക്കിയ മികച്ചയിനം നോട്ട്ബുക്കുകള്‍, പേപ്പര്‍ പള്‍പ്പ് കൊണ്ടുണ്ടാക്കിയ പെന്സിലുകള് എന്നിവയും മേളയിലെ ആകര്‍ഷണങ്ങളാണ്. കൂടാതെ ചണം കൊണ്ടുള്ള ഷോപ്പിംങ് ബാഗുകള്‍, വേപ്പിന്റെ തടി കൊണ്ടുള്ള ചീര്‍പ്പുകള്‍, ഹാന്റ് ബാഗുകള്‍, ഹാന്റ്ലൂം ബാഗുകള്‍, കോട്ടണ്‍ ബാഗുകള്‍, പേപ്പര്‍ ബാഗുകള്‍ എന്നിവയും ഈ സ്റ്റാളില്‍ ലഭ്യമാണ്. സാനിട്ടറി നാപ്കിനുകളുടെ ഉപയോഗം കുറച്ച് മെന്‍സ്ട്രല്‍ കപ്പുകളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ഇതും വില്‍പ്പനയ്ക്കുണ്ട്.
ശുചിത്വ സംഗമം പ്രദര്‍ശന നഗരിയില്‍ ക്വിസ് മത്സരവും ആക്ടിവിറ്റി കോര്‍ണറും ശ്രദ്ധേയമാവുന്നു. എല്ലാ ദിവസവും ശുചിത്വമാലിന്യ സംസ്കരണം വിഷയമാക്കി സംഘടിപ്പിച്ചിട്ടുള്ള ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ നഗരത്തിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്. മേളയിലെത്താന്‍ ആഗ്രഹിക്കുന്ന സ്കൂളുകള്‍ മുന്‍കൂട്ടി സമയക്രമം നിശ്ചയിക്കാനായി 9387801694, 9895029009 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
നിങ്ങളുടെ വീട് ഹരിത വീടാണോ എന്ന് പരിശോധിക്കാം, ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കാം തുടങ്ങിയ വിഷയങ്ങളില്‍ കമ്പ്യൂട്ടര്‍ ഗെയിമുകള്‍ സജ്ജമാക്കിയുള്ള ആക്ടിവിറ്റി കോര്‍ണറും കുട്ടികളെ ഏറെ ആകര്ഷഷിക്കുന്നുണ്ട്. മത്സര വിജയികള്‍ക്ക് തത്സമയം സമ്മാനവും നല്‍കും.
മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ നദീ സംയോജന പദ്ധതിയെ ആധാരമാക്കി ഹരിതകേരളം മിഷന് നിര്‍മ്മിച്ച ഹ്രസ്വചിത്രം ദി ബര്‍ത്ത് ഓഫ് എ റിവറിന്റെ ടീസര്‍ ശുചിത്വ സംഗമം പ്രദര്‍ശന നഗരിയില്‍ ഹരിതകേരളം മിഷന് എക്സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ പ്രകാശനം ചെയ്തു. നദികളെ രക്ഷിക്കാന്‍ അതിന്റെ സിരാ പടലങ്ങളായ തോടുകള്‍ വീണ്ടെടുക്കണമെന്ന ബോധ്യത്തോടെ രൂപീകരിച്ച ജനകീയ കൂട്ടായ്മയുടെ വിജയഗാഥയാണ് ഡോക്യമുമെന്ററിയുടെ ഉള്ളടക്കം. വിധു വിന്‍സെന്റാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാങ്കേതിക നിര്‍വഹണം സി-ഡിറ്റ്. ഹരിതകേരളം മിഷന്റെ വെബ്സൈറ്റിലും ഫോസ്ബുക്ക് പേജിലും ടീസര്‍ കാണാം. ശുചിത്വ സംഗമത്തോടനുബന്ധിച്ച് ഈ മാസം 21 ന് നടക്കുന്ന ചടങ്ങില്‍ ജലവിഭവ മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഡോക്യുമെന്ററിയുടെ പ്രകാശനം നിര്‍വഹിക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)