
ബഗ്ദാദ്: ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തില്‍ വീണ്ടും വ്യോമാക്രമണം. നാല് റോക്കറ്റുകള്‍ പതിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വടക്കന്‍ ബഗ്ദാദില്‍ നടന്ന ആക്രമണത്തില്‍ നാല് ഇറാഖി സൈനികര്‍ക്ക് പരിക്കേറ്റു.
ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി നേരത്തെ ഇറാന് നടത്തിയ ആക്രമണം തുടക്കം മാത്രമാണെന്ന് ലബനാനിലെ ഹിസ്ബുള്ള നേതാവ് ഹസന് നസ്റുള്ള താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്.
അതേസമയം, ഉക്രെയിന് യാത്രാവിമാനം തകര്‍ന്ന് 176 പേര് കൊല്ലപ്പെട്ടത് സ്വന്തം സൈന്യത്തിന്റെ മിസൈലേറ്റാണെന്ന കുറ്റസമ്മതത്തിന് പിന്നാലെ ഇറാനില്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിക്കും സര്‍ക്കാരിനും എതിരെ പ്രക്ഷോഭം ആളിക്കത്തുന്നു.
സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് കള്ളം പറഞ്ഞ അയത്തൊള്ള അലി ഖമനേയി രാജി വയ്ക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളടക്കം ആയിരക്കണക്കിനാളുകള്‍ തെരുവിലിറങ്ങി. പരമോന്നത നേതാവായ ഖമനേയിക്കെതിരായ പ്രതിഷേധം അസാധാരണമാണ്. നേരത്തെ അമേരിക്കയ്ക്കെതിരെ തെരുവിലിറങ്ങിയ ജനത, ഇപ്പോള്‍ ഖമനേയിയുടെ രാജിക്കു വേണ്ടി പ്രതിഷേധിക്കുന്നത് ലോകത്തിന് മുന്നില്‍ ഇറാനെ പ്രതിസന്ധിയിലാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും, വിദേശകാര്യ സെക്രട്ടറിയും പ്രതിഷേധക്കാരെ പിന്തുണച്ച് പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തു.
വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ടെഹ്റാനിലെ അമീര്‍ കബീര്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയിരുന്നു. ഇത് പിന്നീട് വന്‍ പ്രതിഷേധമായി മാറുകയായിരുന്നു. പ്രക്ഷോഭത്തില്‍ പങ്കാളിയായെന്നാരോപിച്ച് ഇറാനിലെ ബ്രിട്ടീഷ് അംബാസഡര്‍ റോബര്‍ട്ട് മക്കെയ്റിനെ അറസ്റ്റ് ചെയ്തത് രാജ്യാന്തര തലത്തില്‍ വിവാദമായി. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തെ വിട്ടത്.
അംബാസഡറുടെ അറസ്റ്റില്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് അറസ്റ്റ് എന്നാണ് ഇറാന് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ അറസ്റ്റ് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ബ്രിട്ടീഷ് വിദേശമന്ത്രാലയം അറിയിച്ചു.
വിപ്ലവകരമായ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയ വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ബലം പ്രയോഗിച്ചെന്നാണ് റിപ്പോര്‍ട്ട്. 'കമാന്‍ഡര്‍ ഇന്‍ ചീഫ് ഖമനേയി രാജിവയ്ക്കൂ, കള്ളം പറയുന്നവരെ കൊല്ലൂ ' എന്നിങ്ങനെ പ്രതിഷേധക്കാര്‍ ആര്‍പ്പുവിളിച്ചു.
വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടതാണെന്ന് അന്ന് തന്നെ സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്ന് റവലൂഷണറി ഗാര്‍ഡ്സ് കമാന്‍ഡര്‍ അറിയിച്ചു. എന്നിട്ടും ഇറാന് ഇക്കാര്യം മറച്ചുവച്ചു.
'ഇറാനിലെ ധീരരും ക്ഷമയുള്ളവരുമായ ജനങ്ങളോട്; ഞാന്‍ പ്രസിഡന്റായതു മുതല്‍ നിങ്ങളോടൊപ്പം നിന്നു. എന്റെ ഭരണകൂടം നിങ്ങളോടൊപ്പം തുടരും. ഞങ്ങള്‍ നിങ്ങളുടെ പ്രതിഷേധത്തെ അടുത്തറിയുന്നു, നിങ്ങളുടെ ധൈര്യത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊള്ളുന്നു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടക്കൊല ചെയ്യാനോ ഇന്റര്‍നെറ്റ് റദ്ദാക്കാനോ കഴിയില്ല.'- ട്രംപ് അറിയിച്ചു.
വിമാനം തകര്‍ത്തത് അന്വേഷിക്കണമെന്ന് കാനഡ ഇറാനോട് ആവശ്യപ്പെട്ടു. 63 കാനഡക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ഇറാന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉക്രെയിന് ആവശ്യപ്പെട്ടു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)