
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം പാസാക്കി. ഭരണ, പ്രതിപക്ഷ അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. നിയമം രാജ്യത്തും പ്രവാസികള്‍ക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്നും, മതനിരപേക്ഷത തകര്‍ത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാകില്ലെന്നും, അതിനായുള്ള ഒരു നടപടികളും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പൗരത്വ നിയമദേഗതി നിയമം മതവിവേചനത്തിന് ഇടയാക്കുന്നതാണ്. നിയമം പ്രവാസികള്‍ക്കിടയിലും ആശങ്ക ഉളവാക്കുന്നു. മതേരത്വത്തെ തകര്‍ക്കുന്ന ഒരു നിയമത്തേയും അനുകൂലിക്കാനാവില്ല. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാകില്ലെന്നും അതിനുള്ള ഒരു നടപടിയും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തിന്റെ സവിശേഷതകളായി നാം അഭിമാനിക്കാറുള്ള ഘടകങ്ങളാണ് മതനിരപേക്ഷതയും അതിന്റെ ഭാഗമെന്നോണം നിലകൊള്ളുന്ന നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാടും. മതനിരപേക്ഷതയ്ക്കും വൈവിധ്യങ്ങളെ അംഗീകരിക്കുന്ന രീതിക്കും പോറല്‍ ഏല്ക്കുമ്പോള് അത് രാജ്യത്തിന്റെ നിലനില്‍പ്പിനെ തന്നെ ദുര്‍ബലപ്പെടുത്തുന്ന സ്ഥിതിയുണ്ടാകും എന്നത് നാം ഓര്‍ക്കണം. അതുകൊണ്ടുതന്നെ ഈ മൂല്യങ്ങളെ കണക്കിലെടുക്കാതെ രൂപീകരിക്കുന്ന ഏതു നിയമനിര്‍മ്മാണവും വലിയ പ്രത്യാഘാതങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കും.
ഒരു രാഷ്ട്രം എങ്ങനെയാണ് എന്നത് നിര്‍ണയിക്കുന്നത് അതിന്റെ പൗരത്വത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ടു ഏതു തരം ജനവിഭാഗങ്ങളെ രാഷ്ട്രം ഉള്‍ക്കൊള്ളുന്നു എന്നത് അതിന്റെ സ്വഭാവ സവിശേഷതകളുടെ മര്‍മ്മപ്രധാനമായ ഘടകങ്ങളാണ്. അതുകൊണ്ടുതന്നെ പൗരത്വം എന്നത് രാഷ്ട്രസ്വഭാവത്തിന്റെയും അതിന്റെ ഘടനയുടേയും അടിത്തറയായി തീരുന്നു. എല്ലാ മതവിഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്നിടത്താണ് മതേതര രാഷ്ട്രം എന്ന നിലയിലേക്ക് ഒരു രാജ്യം മാറുന്നത്. ഏതെങ്കിലും മതവിഭാഗങ്ങള്‍ക്ക് നിയന്ത്രണവും ഏതെങ്കിലും വിഭാഗത്തിന് പൗരത്വത്തിന് കൂടുതല്‍ പരിഗണനയും നല്കുന്നിടത്ത് അതിന്റെ മതേതര ഭാവം നഷ്ടപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നാം അംഗീകരിക്കുന്ന പ്രമേയം ചരിത്രത്തിന്റെ ഏടുകളില്‍ സ്ഥാനം നേടുമെന്നത് ഉറപ്പാണ്. പൗരത്വ നിയമ ഭേദഗതി 2019 റദ്ദ് ചെയ്ത് രാജ്യത്തെ ജനതയെ ഒന്നായി കാണുന്ന ഭരണഘടനാ കാഴ്ചപ്പാട് മുറുകെ പിടിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)