
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭം നടത്താന്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍, അതിന്റെ രൂപമോ ഭാവമോ രീതിയോ സംബന്ധിച്ച് ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായില്ല. ഇത് സംബന്ധിച്ച അന്തിമ തീരുമാനം പിണറായി വിജയനും രമേശ് ചെന്നിത്തലയും ചേര്‍ന്ന് കൈക്കൊള്ളാനാണ് യോഗം ധാരണയായിരിക്കുന്നത്. കേരളത്തില്‍ ഇനി നടക്കേണ്ട പ്രക്ഷോഭം സംബന്ധിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് തീരുമാനമെടുക്കും.
നിയമത്തിനെതിരെ നിലപാടെടുക്കാന്‍ ഭരണഘടനാ സംരക്ഷണ സമിതി പോലെയുള്ള വേദി രൂപീകരിക്കുന്നതിനെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ചില്ല. പ്രതിപക്ഷത്തിന് ഈ നിര്‍ദ്ദേശത്തോട് യോജിക്കാനാവില്ലെന്ന് മുന്‍കൂട്ടി കണ്ടാണ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത്. സംയുക്ത പ്രക്ഷോഭം എന്ന ആശയത്തോട് തന്നെ പ്രതിപക്ഷത്ത് പൂര്‍ണമായ യോജിപ്പില്ല. അതിനാല്‍ കൂടിയാലോചനകള്‍ വേണ്ടിവരുമെന്ന് പ്രതിപക്ഷ നേതാക്കള്‍ മുഖ്യമന്ത്രിയെ അനൗദ്യോഗികമായി അറിയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഭരണഘടനാ സംരക്ഷണ സമിതി എന്ന ആശയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത്.
യോഗത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗത്തിനു ശേഷം മാധ്യമങ്ങളോടു പറഞ്ഞു. 'പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ കേന്ദ്രത്തെയും രാഷ്ട്രപതിയെയും അറിയിക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണം. ഭരണഘടനാ സംരക്ഷണത്തിനുള്ള പ്രമേയം ഏകകണ്ഠമായി പാസ്സാക്കണം. സര്‍വകക്ഷിസംഘം രാഷ്ട്രപതിയെ കാണണം. കേരളത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങളില്‍ അനാവശ്യമായി കേസുകള്‍ ചുമത്തുന്ന നടപടി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കണം. യു.എ.പി.എ പോലുള്ള നിയമങ്ങള്‍ ഈ സന്ദര്‍ഭത്തില്‍ ഉപയോഗിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം.'- പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കേരളത്തില്‍ ഡിറ്റന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിനു ലഭിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. കേരളത്തിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനു വേണ്ടി ഗവണ്മെന്റ് തലത്തില്‍ പ്രചരണ പരിപാടികള്‍ നടത്തണം എന്നീ ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചതെന്നും ഇക്കാര്യങ്ങള്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ചെന്നിത്തല വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടര്‍ പ്രതിഷേധങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് എന്‍.എസ്.എസും എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശനും എത്തിയില്ല. വെള്ളാപ്പള്ളി നടേശന് യോഗത്തിന് പ്രതിനിധിയെ അയക്കുകയായിരുന്നു.
പങ്കെടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എത്തിയില്ല. എല്‍.ഡി.എഫുമായി സംയുക്ത സമരത്തിനില്ലെന്ന് യു.ഡി.എഫ് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്തു. മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബിജെപി ഗവണ്മെന്റ് കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി നിയമത്തിന് കേരളം എതിരാണെന്ന് വ്യക്തമാണെന്ന് യോഗത്തിനു ശേഷം കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. വിവിധകക്ഷി നേതാക്കളും സാമുദായിക സംഘടനാ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
അതേസമയം, യോഗത്തില്‍ ബിജെപി അംഗങ്ങള്‍ക്കെതിരെ 'ഗോ ബാക്ക്' വിളി ഉണ്ടായി. എ.കെ ബാലന് സ്വാഗതം പറഞ്ഞ ഉടനെയായിരുന്നു സംഭവം. തുടക്കത്തില്‍ തന്നെ ബിജെപി നേതാക്കള്‍ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോകുകയും ചെയ്തു. പാര്‍ലമെന്റ് അംഗീകരിച്ച് നിയമമായി മാറിയ ഭരണഘടന ഭേദഗതിക്കെതിരെ ജനങ്ങളെ അണിനിരത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്യുന്നത് പോലെ കേരള സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ലെന്ന് സര്‍വകക്ഷി യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയ ബിജെപി നേതാവ് എം.എസ്. കുമാര്‍ പറഞ്ഞു. ഇത്തരത്തില്‍ യോഗം വിളിക്കാന്‍ കേരള സര്‍ക്കാറിന് അധികാരമില്ലെന്നും ഇത് ഭരണഘടന വിരുദ്ധമാണെന്നും ബിജെപി നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)