
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിനെതിരെ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ പങ്കെടുക്കവെ മോദിയുടെ പ്രസംഗത്തിന് മറുപടിയുമായി സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി.
'പൗരത്വനിയമം ഭരണഘടന വിരുദ്ധമാണെന്ന് എല്ലാവര്‍ക്കുമറിയാം. ആര്‍ക്കും പൗരത്വം നല്‍കരുതെന്ന ആവശ്യമുന്നയിച്ചല്ല പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തുന്ന പ്രക്ഷോഭം. ആര്‍ക്കും പൗരത്വം കൊടുക്കരുതെന്നല്ല നമ്മള് ആവശ്യപ്പെടുന്നത്. അതില്‍നിന്ന് മുസ്ലിംകളെ മാത്രം ഒഴിവാക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. എല്ലാ മതത്തിലുള്ളവര്‍ക്കും നിയമം ഒരു പോലെ ബാധകമായിരിക്കണം. എന്തുകൊണ്ട് മുസ്ലിംകളെ മാത്രം ഒഴിവാക്കുന്നതെന്ന് മോദി വിശദീകരിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. പീഡനം നേരിട്ട് അഭയാര്‍ഥികളായി ഇന്ത്യയിലേക്ക് വന്നവര്‍ക്ക് പൗരത്വം നല്‍കിയിട്ടുണ്ട്. അതിനു ഭേദഗതി കൊണ്ടുവരേണ്ട ആവശ്യമില്ല. ജനങ്ങളുടെ അവകാശം തുടരാനുള്ള പോരാട്ടമാണ്, അതു തുടരും. പോലീസ് നടത്തുന്ന ക്രൂരതകള്‍ക്ക് ആരു മറുപടി പറയും?'- യെച്ചൂരി ചോദിച്ചു.
അതേസമയം, പൗരത്വ ഭേദഗതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ മാനദണ്ഡമെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടതെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു.
ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നീക്കങ്ങള്‍ക്കെതിരെയാണ് രാജ്യത്ത് പ്രതിഷേധം അലയടിക്കുന്നത്. ഇന്ത്യന്‍ പൗരത്വം നിര്‍ണ്ണയിക്കുമ്പോള്‍ ഒരു മതം എങ്ങനെ അയോഗ്യമാകുന്നു എന്ന ജനങ്ങളുടെ ചോദ്യത്തിനാണ് ഉത്തരം വേണ്ടത്. തെറ്റായ സമീപനത്തെയും വര്‍ഗീയ നീക്കങ്ങളെയും കുറിച്ച് ജനങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ വസ്തുനിഷ്ഠമായ മറുപടികള്‍ക്ക് പകരം വികാരപ്രകടനം കൊണ്ട് നേരിടാമെന്നത് ആശാസ്യമായ രീതിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡല്‍ഹി രാംലീലാ മൈതാനിയിലെ നരേന്ദ്ര മോദിയുടെ പ്രസംഗവുമായി ബന്ധപ്പെട്ടായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
ജാതിയും മതവുമല്ല പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ മാനദണ്ഡമെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അത് പ്രവൃത്തിയിലാണ് തെളിയിക്കേണ്ടത്. ജനങ്ങളെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്ന ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നീക്കങ്ങള്‍ക്കെതിരെയാണ് രാജ്യത്ത് പ്രതിഷേധം അലയടിക്കുന്നത്. ഇന്ത്യന്‍ പൗരത്വം നിര്‍ണ്ണയിക്കുമ്പോള്‍ ഒരു മതം എങ്ങനെ അയോഗ്യമാകുന്നു എന്ന ജനങ്ങളുടെ ചോദ്യത്തിനാണ് ഉത്തരം വേണ്ടത്.
തെറ്റായ സമീപനത്തെയും വര്‍ഗീയ നീക്കങ്ങളെയും കുറിച്ച് ജനങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ വസ്തുനിഷ്ഠമായ മറുപടികള്‍ക്ക് പകരം വികാരപ്രകടനം കൊണ്ട് നേരിടാമെന്നത് ആശാസ്യമായ രീതിയല്ല. പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ കാര്യങ്ങള്‍ മൂടിവെയ്ക്കാന്‍ എന്തിന് ശ്രമിക്കുന്നു?
ഇന്ത്യന്‍ ഭരണഘടനയെയും അതിന്റെ അടിസ്ഥാന തത്വങ്ങളെയും സംരക്ഷിക്കാനുള്ള പ്രതിജ്ഞാ ബദ്ധത രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും നെഞ്ചേറ്റുകയാണ്. ആ വികാരത്തെ കുറച്ചുകാണരുത്; തെറ്റായി ചിത്രീകരിക്കുകയുമരുത്.
നോട്ട് നിരോധനകാലത്ത് അമ്പത് ദിവസം തരൂ എന്ന് പ്രസംഗിച്ച പ്രധാനമന്ത്രി പിന്നീട് അക്കാര്യം മിണ്ടിയിട്ടില്ല. അന്നത്തെ അതേ വികാരപ്രകടനമാണ് ഇപ്പോഴും കാണുന്നത്. കള്ളനോട്ട്, കള്ളപ്പണം, ഭീകരത എന്നായിരുന്നു നോട്ട് നിരോധനത്തെ ന്യായീകരിക്കാന്‍ നിരത്തിയ പ്രതീകങ്ങള്‍. അവയുടെ ഇന്നത്തെ അവസ്ഥ എന്തായി എന്ന് കൂടി പ്രധാനമന്ത്രിയില്‍ നിന്ന് കേള്‍ക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)