
ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാകുന്നു. നിരോധനാജ്ഞ ലംഘിച്ച് മാര്‍ച്ച് നടത്താനെത്തിയ ഇടതു നേതാക്കളായ സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, നീലോല്‍പ്പല്‍ ബസു, ഡി രാജ, എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ.തസ്ലിം റഹ്മാനി, കാംപസ് ഫ്രണ്ട് ദേശീയ സെക്രട്ടറി എസ് എം റാഷിദ്, കമ്മിറ്റി അംഗം പി വി ഷുഹൈബ് തുടങ്ങിയവരെ പോലിസ് അറസ്റ്റ് ചെയ്തു. പ്രതിഷേധത്തിനെത്തിയ യോഗേന്ദ്ര യാദവ്, സന്ദീപ് ദീക്ഷിത്, ഉമര്‍ ഖാലിദ്, നദീം ഖാന്, ധരംവീര്‍ ഗാന്ധി തുടങ്ങിയവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ജന്ദര്‍ മന്ദറിലും ചെങ്കോട്ടയിലും ഒരു തരത്തിലുമുള്ള പ്രതിഷേധങ്ങള്‍ക്കും പോലിസ് അനുമതി നല്‍കില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. രാജ്യ തലസ്ഥാനത്തും രാജ്യത്തെ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും കര്‍ണാടകത്തിലെ പ്രമുഖ പട്ടണങ്ങളിലെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രതിഷേധം ശക്തമായതോടെ രാജ്യതലസ്ഥാനത്ത് ഇന്റര്‍നെറ്റിനും മൊബൈല്‍ ഫോണിനും നിരോധനം ഏര്‍പ്പെടുത്തി. എയര്‍ടെല്‍, വോഡാഫോണ്‍ തുടങ്ങിയ നെറ്റുവര്‍ക്കുകളാണ് നഗരത്തിലെ ചിലയിടങ്ങളില്‍ നിരോധിച്ചത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് നിരോധനമെന്ന് എയര്‍ടെല്‍ അറിയിച്ചു. ഡല്‍ഹിയിലെ പ്രമുഖ മെട്രോ സ്റ്റേഷനുകളെല്ലാം പോലിസ് അടച്ചു. മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് പോലിസ് രാജാണെന്ന് സീതാറാം യെച്ചൂരി പ്രതികരിച്ചു. രാജ്യമൊട്ടാകെ നിരോധനാജ്ഞ നടപ്പാക്കാനാണോ മോദി ശ്രമിക്കുന്നതെന്നും യെച്ചൂരി ചോദിച്ചു.
ഉത്തര്‍ പ്രദേശില്‍ പക്ഷോഭകര്‍ ബസ്സുകള്‍ കത്തിച്ചു. ലക്നോ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് പ്രക്ഷോഭകര്‍ ബസ്സുകള്‍ കത്തിച്ചത്. ബെംഗളുരുവില്‍ പുസ്തകപ്രകാശനം തടഞ്ഞതിനെതിരെ പ്രതിഷേധിച്ച വിഖ്യാത ചരിത്രകാരന് രാമചന്ദ്രഗുഹയെ പോലിസ് അറസ്റ്റ് ചെയ്തു. പോലിസിന്റെ നിരോധനാജ്ഞ ലംഘിച്ചും ആയിരക്കണക്കിന് ആളുകളാണ് ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തിയത്. ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികളും ഇടതുപാര്‍ട്ടികളും ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് പോലിസ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. എന്നാല്‍ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് ജാമിഅ മില്ലിയ സമരസമിതി അറിയിച്ചു.
പ്രതിഷേധം ശക്തമാകുന്നത് കണക്കിലെടുത്ത് ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തി റോഡുകള്‍ പൊലീസ് അടച്ചിരിക്കുകയാണ്. കൊല്‍ക്കത്തയിലും ജാമിയ വിദ്യാര്‍ത്ഥികളെ അനുകൂലിച്ചും, രാജ്യമെമ്പാടും നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിേരയും വന്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. തമിഴ്നാട്ടിലും പ്രതിഷേധം കത്തിപ്പടരുകയാണ്. ചെന്നൈ എംജിആര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയവരെ അറസ്റ്റ് ചെയ്തു. വിവിധ മുസ്ലീം സംഘടനാ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്ക് എതിരെ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചില്‍ അഭിഭാഷകരുടെ പ്രതിഷേധമുണ്ടായി. കോടതിയുടെ പ്രധാന കവാടത്തിന് മുന്നിലായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിനായി പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ നൂറോളം വിദ്യാര്‍ത്ഥികളെ തെലങ്കാന പോലിസ് കസ്റ്റഡിയില്‍ എടുത്തു. മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ മൊയ്നാബാദ് പൊലീസ് സ്റ്റേഷനിലാണുള്ളത്. ജമാഅത്തെ ഇസ്ലാമി തെലങ്കാന പ്രസിഡന്റ് ഹാമിദ് മുഹമ്മദ് ഖാനും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. അജന്ത ഗേറ്റില്‍ നിന്നാണ് ഇദ്ദേഹത്തെ പോലിസ് അറസ്റ്റ് ചെയ്തത്. ഡല്‍ഹയില്‍ വിദ്യാര്‍ഥികളെ പ്രതിഷേധ സ്ഥലത്തേക്ക് എത്താന്‍ കഴിയാതെ തടയുക എന്ന തന്ത്രമാണ് പോലിസ് സ്വീകരിക്കുന്നത്.
അതുപോലെ തന്നെ, ജനനേതാക്കളെയും ജനങ്ങളെയും തടവിലിട്ടും സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചും ജനാധിപത്യ പ്രതിഷേധം ഇല്ലാതാക്കാമെന്ന് കേന്ദ്ര ഭരണ നേതൃത്വം വ്യാമോഹിക്കരുതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് പിണറായി കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ചത്. അടിയന്തരാവസ്ഥയില്‍ പോലും ഇല്ലാതിരുന്ന അമിതാധികാര പ്രവണതയാണ് എന്‍ഡിഎ സര്‍ക്കാര്‍ കാണിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് രാജ്യ തലസ്ഥാനത്ത് ഇടത് പാര്‍ട്ടികളും ജാമിഅ മില്ലിയ വിദ്യാര്‍ഥികളും നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ചത് ഇന്ത്യന്‍ ഭരണഘടന പൗരന് നല്കുന്ന സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. ഇപ്പോള്‍ ഇടതുപക്ഷ പാര്‍ട്ടി നേതാക്കളെ അറസ്റ്റു ചെയ്തിരിക്കുന്നു. സമരം ചെയ്യുന്നവരെയാക്കെ അറസ്റ്റ് ചെയ്യുന്നു. ഭീഷണിപ്പെടുത്തുന്നു. രാജ്യ തലസ്ഥാനത്തു പോലും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തുന്നു.
ഭയപ്പെടുത്തി ഇല്ലാതാക്കാവുന്നതാണ് ജനങ്ങളുടെ രോഷം എന്ന് കരുതുന്നത് മൗഢ്യമാണ്. രാജ്യത്തെ സുപ്രധാന സര്‍വ്വകലാശാലകളെയും വിദ്യാര്‍ത്ഥികളെയും ആക്രമിക്കുന്നത് അവസാനിപ്പിക്കണം. ഭരണഘടനാ മൂല്യങ്ങളെയും പൗരാവകാശങ്ങളെയും ചവിട്ടിത്തേച്ച് മുന്നോട്ടു പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കരുത്. നിരോധനാജ്ഞയും യാത്രാ സൗകര്യ നിഷേധവും അറസ്റ്റും കസ്റ്റഡിയും അടിച്ചമര്‍ത്തലും കൊണ്ട് ഒരു ജനകീയ പ്രക്ഷോഭവും തോറ്റു പോയ ചരിത്രമില്ല. രാജ്യത്താകെ ഉയരുന്ന പ്രതിഷേധത്തെ പഴമുറം കൊണ്ട് മൂടിവെക്കാന്‍ വൃഥാ ശ്രമിക്കുന്നതിനു പകരം തെറ്റായ നിയമ നിര്‍മ്മാണം ഉപേക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം.
സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി ബി അംഗങ്ങളായ പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് , സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരടക്കമുള്ള നേതാക്കളെ ഡല്‍ഹിയിലും ചരിത്രകാരന് രാമചന്ദ്ര ഗുഹയെ ബംഗളൂരുവിലും കസ്റ്റഡിയിലെടുത്തതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
ഭരണഘടനാ മൂല്യങ്ങളെ കശാപ്പു ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളും രോഷവും ഇന്ത്യന്‍ ജനതയുടെ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സ്വാതന്ത്ര്യവും മത നിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാന്‍ ത്യാഗസന്നദ്ധരായി മുന്നോട്ടു വരുന്ന ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു. ആ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള കിരാത നടപടികള്‍ക്കെതിരെ ശക്തമായ ജനവികാരം ഉയരേണ്ടതുണ്ട്. മതനിരപേക്ഷതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാനുള്ള ഇന്ത്യന്‍ ജനതയുടെ പോരാട്ടത്തില്‍ മുന്നില്‍ തന്നെയുണ്ടാകും എന്നാണ് യോജിച്ച പ്രതികരണ വേദി ഒരുക്കി കേരളം പ്രഖ്യാപിച്ചത്. ഒരു ശക്തിക്കും കവര്‍ന്നെടുക്കാനുള്ളതല്ല നമ്മുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍.
കൂടാതെ, കേരളീയ വിദ്യാര്‍ത്ഥികള്‍ ആക്രമിക്കപ്പെടുന്നതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഉത്കണ്ഠ അറിയിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ കുറച്ചു നാളുകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്യാംപസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ചൂണ്ടിക്കാട്ടി അയച്ച കത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഇടപെടല്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധം പ്രകടപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ചില ശക്തികള്‍ കായിക ആക്രമണം നടത്തുന്ന വാര്‍ത്തകള്‍ കത്തില്‍ ചൂണ്ടിക്കാട്ടി. അക്രമിക്കപ്പെടുന്നതില്‍ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമുണ്ട്. ഈ കുട്ടികളുടെ രക്ഷിതാക്കളും ബന്ധുക്കളും ആശങ്കയിലാണ്. സംസ്ഥാന ഗവണ്മെന്റിനും അതേ വികാരമാണ്. അത്തരം അക്രമണങ്ങള്‍ തടയാന്‍ അടിയന്തര നടപടി ഉണ്ടാകണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മതരാഷ്ട്ര നിര്‍മിതിക്കുള്ള പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നതിനിടെ എസ്എഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്ലീം റഹ്മാനിയെ ഇന്ന് രാവിലെ 11 ഓടെ ഡല്‍ഹി ലാല്‍ ഖിലയ്ക്ക് സമീപം പോലിസ് കസ്റ്റഡിയിലെടുത്തു. എസ്എഡിപിഐ പ്രവര്‍ത്തകരോടൊപ്പം ലാല്‍ ഖിലയില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് സംയുക്ത റാലിയില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. സവര്‍ക്കരുടെയും ഗോല്വാള്ക്കറുടെയും ആശയാടിത്തറയില്‍ രാജ്യത്തെ പുനഃക്രമീകരിക്കാനുള്ള ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നീക്കത്തിനെതിരേ നടത്തുന്ന പൊതുജന പ്രക്ഷോഭത്തെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. എസ്ഡിപിഐ ആദ്യ ദിവസം മുതല്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുവരികയാണ്. സാമുദായിക നിയമം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭം തുടരാന്‍ വിദ്യാര്‍ത്ഥികളും പൗരസമൂഹവും തയ്യാറാവണമെന്നും സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)