
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടിയും കമല്‍ഹാസനും രംഗത്ത്. ജാതിക്കും മതത്തിനും അതീതമായി ഉയരാന്‍ കഴിഞ്ഞാലേ നമുക്ക് ഒറ്റ രാഷ്ട്രമായി മാറാന്‍ കഴിയൂ എന്ന് മമ്മൂട്ടി പറഞ്ഞു. ഒരുമയുടെ ആത്മാവിനെ നശിപ്പിക്കുന്ന എന്തിനെയും നിരുത്സാഹപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മമ്മൂട്ടിയുടെ മകനും നടനുമായ ദുല്‍ഖര്‍ സല്‍മാനും വിഷയത്തില്‍ നേരത്തെ ഫേസ്ബുക്കിലൂടെ പ്രതികരണം നടത്തിയിരുന്നു.
മതേതരത്വവും ജനാധിപത്യവും തുല്യതയും നമ്മുടെ ജന്മാവകാശമാണെന്നും അതു തകര്‍ക്കാനുള്ള ഏതു ശ്രമത്തെയും ചെറുക്കേണ്ടതുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. 'മതേതരത്വം, ജനാധിപത്യം, തുല്യത എന്നിവ നമ്മുടെ ജന്മാവകാശമാണ്. അതു തകര്‍ക്കാനുള്ള ഏതു ശ്രമത്തെയും നമുക്കു ചെറുക്കേണ്ടതുണ്ട്. എന്തൊക്കെയായാലും നമ്മുടെ പാരമ്പര്യം അഹിംസയാണ്. സമാധാനപരമായി പ്രതിഷേധം നടത്തുക, നല്ലൊരു ഇന്ത്യയ്ക്കു വേണ്ടി നിലകൊള്ളുക.'- അദ്ദേഹം കുറിച്ചു.
'ഈ അതിര്‍ത്തിക്കുമപ്പുറം നമ്മളെ ഇന്ത്യന്‍ എന്നു വിളിക്കും' എന്ന അടിക്കുറിപ്പോടെ ഇന്ത്യയുടെ ഭൂപടത്തിന്റെ ചിത്രവും അദ്ദേഹം ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാജ്യം അപകടകരമായ അവസ്ഥയിലാണെന്നും ഐ.സി.യുവിലാണെന്നും പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച ജാമിഅ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണച്ചുകൊണ്ട് നടനും മക്കള്‍ നീതി മയ്യം പാര്‍ട്ടി അധ്യക്ഷനുമായ കമല്ഹാസന് പറഞ്ഞു.
യുവജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും രാഷ്ട്രീയത്തെ ചോദ്യം ചെയ്യുകയും വേണം. രാഷ്ട്രീയം സര്വ്വസ്വാപകവും നമ്മെ ഓരോരുത്തരേയും ബാധിക്കുന്നതുമാണ്. യുവത ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ തെറ്റില്ല. ചോദ്യങ്ങള്‍ അടിച്ചമര്‍ത്തുമ്പോഴാണ് ജനാധിപത്യം അപകടത്തിലാവുന്നത്- കമല്ഹാസന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇപ്പോഴും ഒരു വിദ്യാര്‍ഥിയെന്ന നിലയില്‍ അവര്‍ക്കായി ശബ്ദമുയര്ത്തിക്കൊണ്ടിരിക്കുമെന്നും കമല്‍ ഹാസന് പറഞ്ഞു. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം സംസ്ഥാനങ്ങളുടെ അതിര്‍ത്തിക്കപ്പുറവും രാഷ്ട്രീയത്തിനും പാര്‍ട്ടികള്‍ക്കും അതീതമായും ഉയരണം. ഇത് ദേശീയ വിഷയമാണെന്നും കമല്‍ പറഞ്ഞു. പോരാട്ടം എങ്ങനെ തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് ശശിയായ ദിശയില്‍ നിയമപോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് താരം മറുപടി നല്കി. തന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മത അടിസ്ഥാനത്തില്‍ പൗരത്വം നല്കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നും രാജ്യത്തിന്റെ മതനിരപേക്ഷതയെ അതു ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് മക്കള്‍ നീതി മയ്യം സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ കമല്‍ഹാസന്റേത് ഉള്‍പ്പെടെ 17 ഹരജികളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്.
നേരത്തെ സിനിമാ താരങ്ങളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്, പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, ഷെയിന്‍ നിഗം തുടങ്ങിയവര്‍ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)