
ന്യൂഡല്‍ഹി: മറ്റു പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഇപ്പോഴത്തെ ശ്രമങ്ങളെന്നും, ഇനിയും യുവാക്കളുടെ ക്ഷമ പരീക്ഷിക്കരുതെന്നും ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രതിഷേധങ്ങള്‍ക്കെതിരായ പോലീസ് അടിച്ചമര്‍ത്തലില്‍ പ്രതിഷേധവുമായി എഴുത്തുകാരനും ബിജെപി അനുഭാവിയുമായ ചേതന്‍ ഭഗത്.
'തുടര്‍ച്ചയായി ഇന്റര്‍നെറ്റ് തടസപ്പെടുത്തുന്നത് വ്യവസായങ്ങള്‍ക്കും സമ്പദ് വ്യവസ്ഥയ്ക്കും ഭൂഷണമല്ല. മറ്റു ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യയെക്കുറിച്ച് മോശം അഭിപ്രായം സൃഷ്ടിക്കാന്‍ ഇത് കാരണമാകും. പൗരത്വ ഭേദഗതി നിയമം കൂടുതല്‍ പഠനങ്ങളും ചര്‍ച്ചകളും ആവശ്യമുള്ളതാണ്. രാജ്യത്തെ സാമൂഹിക അന്തരീക്ഷം തകര്‍ക്കുന്നതു സമ്പദ് വ്യവസ്ഥയ്ക്കു ഗുണകരമല്ല. യുവാക്കള്‍ ക്ഷോഭത്തിലാണ്. തൊഴിലില്ല. വേതനം കുറയുന്നു. അവരുമായി കളിക്കാന്‍ നില്‍ക്കരുത്. സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തുന്നതിനാവണം ശ്രദ്ധ നല്‍കേണ്ടത്'- ചേതന്‍ ഭഗത് പറഞ്ഞു.
'സമ്പദ് വ്യവസ്ഥ തകരുകയാണ്. തൊഴില്‍ നഷ്ടപ്പെടുന്നു. ഇന്റര്‍നെറ്റ് നിരോധിക്കുന്നു. പോലീസ് ലൈബ്രറികള്‍ക്കുള്ളില്‍ പോലും കടക്കുന്നു. യുവജനങ്ങള്‍ക്ക് ക്ഷമയുണ്ടാകും, പക്ഷേ അതിന്റെ പരിധി പരീക്ഷിക്കരുത്. എല്ലാവരും സാഹോദര്യത്തില്‍ ജീവിക്കുന്ന, മെച്ചപ്പെട്ട സമ്പദ് വ്യവസ്ഥയുള്ള ഒരു രാജ്യമാണ് എന്റെ താത്പര്യം. അതാണ് എന്റെ സ്വപ്നം. ഞാന്‍ ആരുടെയും പക്ഷത്തല്ല. ഞാന്‍ രാജ്യത്തിന്റെ പക്ഷത്താണ്'- ചേതന്‍ ഭഗത് വ്യക്തമാക്കി.
'പേര് എന്തു തന്നെയാണെങ്കിലും ഇന്ത്യയിലെ സര്‍വകലാശാലകളെ മുസ്ലിം, ഹിന്ദു എന്നിങ്ങനെ വേര്‍തിരിക്കാന്‍ കഴിയില്ല. അവയെല്ലാം ഇന്ത്യന്‍ സര്‍വകലാശാലകളാണ്. അവ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നോട്ട് നിരോധനം, ജിഎസ്ടി, ആര്‍ട്ടിക്കിള്‍ 370, പൗരത്വ ദേഭഗതി നിയമം എന്നിവയൊക്കെ വന്‍ പ്രതിഷേധം വിളിച്ചുവരുത്തിയവയാണ്. എല്ലാത്തിനും യേസ് പറയുന്ന ഉദ്യോഗസ്ഥരുടെ നിരയാണ് പ്രശ്നം. ശരിയായ ചോദ്യങ്ങളും സംശയങ്ങളും ഉയര്‍ത്തുന്നതില്‍ ഭയക്കേണ്ടതില്ല. തീരുമാനങ്ങള്‍ സ്വീകരിക്കുന്ന രീതിയില്‍ മാറ്റം വരേണ്ടതുണ്ട്.'- ചേതന്‍ ഭഗത് ചൂണ്ടിക്കാട്ടി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)