
തിരുവനന്തപുരം: പൗരത്വ നിയമത്തിന്നെതിരെയുള്ള നാളത്തെ ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് സംയുക്ത സമിതി. എന്‍ആര്‍സി, പൗരത്വഭേദഗതി നിയമം എന്നിവയ്ക്കെതിരെ രാജ്യവ്യാപകമായി നടന്നുവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി നാളെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ഷഫീക്ക്, എസ്ഡിപി സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി, ബിഎസ്പി സംസ്ഥാന സെക്രട്ടറി മുരളി നാഗ, ഡിഎച്ച്ആര്‍എം വര്‍ക്കിങ് പ്രസിഡന്റ് സജി കൊല്ലം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
'കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യത്തില്‍ കടുംപിടുത്തം തുടരുന്നതിനാല്‍ ബഹുജന പ്രക്ഷോഭങ്ങള്‍ രാജ്യത്ത് വളര്‍ന്നു വരേണ്ടതുണ്ട്. അതിന്റെ ഭാഗമാണ് നാളത്തെ ഹര്‍ത്താല്‍. എല്ലാ ജനവിഭാഗങ്ങളും ഹര്‍ത്താലുമായി സഹകരിക്കുമെന്നാണ് പ്രതീക്ഷ. ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സമഗ്രാധിപത്യത്തിന്നെതിരെയുള്ള പ്രതിഷേധമാണ് നടത്തുന്നത്. ഭരണഘടനയുടെ മൗലികാവകാശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി ബില്‍ അവതരിപ്പിച്ചത്. ഇത് ഇപ്പോള്‍ നിയമമാക്കുകയും ചെയ്തു.
ഇന്ത്യയില്‍ ഭരണഘടന പിച്ചിചീന്തപ്പെട്ടിരിക്കുകയാണ്. മനുഷ്യാവകാശം റദ്ദ് ചെയ്യപ്പെട്ടിരിക്കുകയാണ്. മതന്യൂനപക്ഷങ്ങള്‍ക്ക് രണ്ടാം തരം പൗരത്വം, ചിലയാളുകള്‍ക്ക് പൗരത്വം നല്‍കില്ല എന്ന നിര്‍ദ്ദേശം മതനിരപേക്ഷതയ്ക്കോ ഭരണഘടനയ്ക്കോ ഇന്ത്യ എന്ന ആശയത്തിനോ ഒട്ടും ഉതകുന്നതല്ല. സമരങ്ങളിലൂടെ മാത്രമേ ഭരണകൂടത്തെ തിരുത്താല്‍ കഴിയൂ. ജനാധിപത്യത്തിന്റെ തൂണുകളെ സംഘപരിവാര്‍ വിഴുങ്ങിയിരിക്കുന്നു. സുപ്രീംകോടതിയില്‍ പോലും ഭരണകൂടം സ്വാധീനം ചെലുത്തുന്നു. പാര്‍ലമെന്റില്‍ ജനപ്രതിനിധികള്‍ക്ക് പോലും സംസാരിക്കാന്‍ കഴിയുന്ന അന്തരീക്ഷമില്ല. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ജനങ്ങള്‍ക്കുള്ള പ്രതിഷേധമാണ് നാളത്തെ ഹര്‍ത്താല്‍. അതിനാല്‍ ജനങ്ങള്‍ ഹര്‍ത്താല്‍ ഏറ്റെടുക്കണം. ബലപ്രയോഗം നാളെ ആവശ്യമില്ല എന്ന് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. സമരം ചെയ്യുന്നവരെ വസ്ത്രം കണ്ടാല്‍ തിരിച്ചറിയാം എന്നാണ് പ്രധാനമന്ത്രി തന്നെ പറഞ്ഞിരിക്കുന്നത്. ഇതാണ് വിഭജനം. ഇത്തരം ദുഃസൂചനകള്ക്കെതിരെയാണ് നാളത്തെ ഹര്‍ത്താല്‍. സമരം ചെയ്യുന്നവരല്ല വിഭജിക്കുന്നത് സമരത്തെ ഇങ്ങിനെ ചിത്രീകരിക്കുന്നവരാണ് വിഭജനം നടത്തുന്നത്. സംഘപരിവാറിനെതിരെയും കേന്ദ്ര സര്‍ക്കാരിനു എതിരെയുമാണ് ഹര്‍ത്താലും പ്രക്ഷോഭവും.
പൊലീസും സംഘപരിവാറും നാളത്തെ ഹര്‍ത്താലില്‍ കൈകോര്‍ക്കും എന്ന് ഞങ്ങള്‍ സംശയിക്കുന്നു. സംഘപരിവാറിന്റെ സ്വാധീനം കേരളത്തില്‍ പ്രകടമാണ്. കേരളത്തിലെ ഭരണകൂടം തന്നെ സമ്മതിച്ചിട്ടുള്ളതാണ്. ഹര്‍ത്താലിന്റെ മറവില്‍ നാളെ സംഘപരിവാര്‍ അക്രമം നടത്തുകയാണെങ്കില്‍ അത് തടയാന്‍ പൊലീസും ഭരണകൂടവും നടപടികള്‍ എടുക്കണം. സംഘപരിവാറിനു കേരളത്തില്‍ താത്പര്യങ്ങളുണ്ട്. കേരളത്തിലെ പൊലീസില്‍ സംഘപരിവാറിന്റെ ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. സംഘപരിവാര്‍ കേരളത്തിലെ സമാധാനാന്തരീക്ഷം ദുര്‍ബലപ്പെടുത്തുകയാണ്. ഡല്‍ഹിയില്‍ ആര്‍എസ്എസും പൊലീസും കൈകോര്‍ത്തു. കേരളത്തിലും അതിനുള്ള ശ്രമങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. മുഖ്യമന്ത്രി തന്നെ പൊലീസിലെ ആര്‍എസ്എസ് പ്രവര്ത്തനത്തിന്നെതിരെ രംഗത്ത് വന്നിട്ടുണ്ട്.'- സംയുക്ത സമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
'നിര്‍ബന്ധിത ഹര്‍ത്താലിനല്ല ജനം സ്വയം ഏറ്റെടുത്ത് നടത്തേണ്ട ഹര്‍ത്താലിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനാധിപത്യപരവും സമാധാനപരവും ജനകീയവുമായിരിക്കണം ഹര്‍ത്താല്‍ എന്ന നിര്‍ദ്ദേശമാണ് നല്‍കുന്നത്. എന്തെങ്കിലും അക്രമ പ്രവര്‍ത്തനമോ ബലപ്രയോഗമോ ഹര്‍ത്താലിന്റെ പേരില്‍ നടത്തില്ല. എന്നാല്‍ സംഘപരിവാറും പൊലീസും ചേര്‍ന്ന് ഹര്‍ത്താലിനെ ഭീകരവത്ക്കരിക്കാന് സാധ്യതയുണ്ട്. അതിനാല്‍ ഹര്‍ത്താലില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ക്ക് നേരെ കരുതിയിരിക്കണം. കുമ്മനം രാജശേഖരന്റെ പ്രസ്താവന ഈ രീതിയില്‍ ഒരു ദുസൂചന നല്‍കുന്നുണ്ട്. അതിനാല്‍ ഹര്‍ത്താലില്‍ അക്രമം അരങ്ങേറിയാല്‍ പൊലീസിനും സര്ക്കരിനുമാകും ഉത്തരവാദിത്തം.
സ്വമേധയാ കടകള്‍ അടച്ചും യാത്ര, തൊഴില്‍ എന്നിവ ഒഴിവാക്കിയും ജനങ്ങള്‍ ഹര്‍ത്താലിനോട് സഹകരിക്കണം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഒരു അസൗകര്യവും നാളെയുണ്ടാകില്ല. റാന്നി താലൂക്കിനെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നാളെ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനും അസൗകര്യങ്ങള്‍ സൃഷ്ടിക്കില്ല'- സംയുക്ത സമിതി അറിയിച്ചു.
അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലില്‍ സര്‍വീസുകള്‍ മുടക്കില്ലെന്ന് ബസ് ഉടമകള്‍. ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കണമെന്ന് ആരും രേഖാമൂലമോ അല്ലാതെയോ ആവശ്യപ്പെട്ടിട്ടില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി കെ രാധാകൃഷ്ണന് പറഞ്ഞു.
ഹര്‍ത്താലിന്റെ പേരില്‍ സര്‍വീസുകള്‍ മുടക്കേണ്ടെന്നാണ് ബസ് ഉടമകളുടെയും ജീവനക്കാരുടെയും സംഘടനകളുടെയും തീരുമാനം. പക്ഷേ, അക്രമസംഭവങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ബസുകള്‍ക്ക് പൊലീസ് സംരക്ഷണം തരണമെന്ന് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
അതുപോലെതന്നെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ നാളെ സംസ്ഥാനത്ത് വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സ്കൂള്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല. രണ്ടാംപാദ വാര്‍ഷിക പരീക്ഷകള്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അക്രമ സാധ്യത കണക്കിലെടുത്ത് സമരസമിതി നേതാക്കളെ കരുതല്‍ തടങ്കലില്‍ ആക്കി. എറണാകുളത്ത് നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹര്‍ത്താല്‍ ദിവസം പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടി നില്ക്കാന് അനുവദിക്കില്ല. പൊതുമുതല്‍ നശിപ്പിച്ചാല്‍ കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത് എന്നും പൊലീസ് നിര്‍ദേശിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)