
തിരുവനന്തപുരം കോടതിയിൽ നടന്ന സംഭവങ്ങൾ അത്യന്തം അപലപനീയം ആണെന്ന് പറയാതെ വയ്യ. തർക്കത്തിന് തുടക്കമിട്ട മജിസ്ട്രേറ്റിന്റെ ഉത്തരവ് തികച്ചും നിയമ വിരുദ്ധമാണ്. ക്രിമിനൽ നടപടി നിയമങ്ങൾ ഒട്ടും അറിയാത്ത ഒരാളെ പോലെയാണ് മജിസ്ട്രേറ്റ് ആ ഉത്തരവിട്ടത്. അതിൽ ആർക്കും സംശയം ഉണ്ടാകാൻ ഇടയില്ല.
പക്ഷെ പ്രശ്നം അതല്ല. പല കോടതികളും പലപ്പോഴും തീർത്തും നിയമ വിരുദ്ധമായ ഉത്തരവുകൾ ഇറക്കുന്നുണ്ട്. ഇങ്ങനെയുള്ള ഉത്തരവുകൾ നിയമപരമായി തന്നെ ചോദ്യം ചെയ്യാൻ ഉള്ള സാധ്യതകളും നിയമം തന്നെ അനുശാസിക്കുന്നുണ്ട്. ഈ രീതികൾ ഒന്നും തേടാതെ മജിസ്ട്രേറ്റിന്റെ ചേമ്പറിൽ കയറി സഭ്യമോ അല്ലാതെയോ ഉള്ള സംസാരം നടത്താൻ അഭിഭാഷകർക്ക് സ്വാതന്ത്ര്യം ആരും നൽകുന്നില്ല. സ്വന്തം ഉത്തരവ് തെറ്റാണ് എന്നു ബോധ്യപ്പെട്ടാൽ പോലും അത് തിരുത്താനുള്ള അധികാരം ക്രിമിനൽ നടപടി നിയമം ഒരു മജിസ്ട്രേറ്റിന് നല്കുന്നുമില്ല. ഈ സാഹചര്യങ്ങളിൽ അഭിഭാഷകർ മജിസ്ട്രേറ്റിന്റെ ചേംബറിൽ കയറി നടത്തിയ സംസാരങ്ങൾ അത് മര്യാദയുടെ സീമയ്ക്ക് അകത്ത് നിന്നായാൽ പോലും അംഗീകരിക്കാൻ വിഷമം ഉണ്ട്.
മറ്റൊരു രസകരമായ കാര്യം പരാമർശ വിധേയമായ ഉത്തരവ് അതേ ദിവസം തന്നെ ജില്ലാ ജഡ്ജ് പരിഗണിക്കുകയും അതു സ്റ്റേ ചെയ്യുകയും ചെയ്തു എന്നതാണ്. നിയമ വ്യവസ്ഥ ഉണർന്നു പ്രവർത്തിച്ചു എന്ന് അർത്ഥം. ഇതു മാത്രം ചെയ്താൽ മതിയായിരുന്നു. ഈ മജിസ്ട്രേറ്റ് ഇതു പോലെ നിയമ വിരുദ്ധമായി സ്ഥിരമായി ഉത്തരവുകൾ ഇറക്കുന്നുണ്ടെങ്കിൽ അതു ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ മുമ്പിൽ പരിഗണനയ്ക്ക് കൊണ്ട് വരികയും ചെയ്യാമായിരുന്നു. ഇതൊന്നും ചെയ്യാതെ മജിസ്ട്രേറ്റിന്റെ മുമ്പിൽ പോയി സംസാരിച്ചത് തെറ്റായിരുന്നു എന്നു പറയാതെ വയ്യ.
Rule of Law അല്ലെങ്കിൽ നിയമ വ്യവസ്ഥിതി എന്ന ഒരു ഏർപ്പാട് ഉള്ളതാണ് അഭിഭാഷകന്റെ അസ്തിത്വം; പ്രസക്തിയും. അത് നില നിർത്തേണ്ടത് അഭിഭാഷകർ തന്നെയാണ്. അത് ഇല്ലാതാക്കുന്ന ഏത് പ്രവർത്തിയും ഇരിക്കുന്ന കമ്പ് മുറിക്കുന്നതിന് തുല്യമാകും എന്ന് അഭിഭാഷകർ ഓർക്കുന്നത് നന്ന്. ആ ഓർമ്മ അവരെക്കാൾ സമൂഹത്തിന്റെ നന്മക്ക് വേണ്ടി ആയിരിക്കും.
പിൻ കുറിപ്പ്: നൂറു ശതമാനം മാന്യനും നീതിമാനും ആയ എന്റെ പ്രിയ സുഹൃത്ത് ജയചന്ദ്രൻ ആണ് തിരുവനന്തപുരം ബാറിന്റെ സാരഥി എന്നത് എന്നെ കുറച്ചൊന്നും അല്ല വേദനിപ്പിക്കുന്നത്.
- അഡ്വ. സൈദാലിക്കുട്ടി -
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)