
ഷെയ്ന് നിഗമിന് മലയാള സിനിമയില്‍ വിലക്ക്. മുടങ്ങിയ ഖുര്‍ബാനി, വെയില് എന്നീ ചിത്രങ്ങളുടെ നഷ്ടം നികത്തുന്നതു വരെയാണ് ഷെയ്നിന് വിലക്ക്. രണ്ടു ചിത്രങ്ങളും കൂടി ഏഴു കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സിനിമയ്ക്കായി കോടിക്കണക്കിന് കാശ് മുടക്കുന്നവരെ കളിയാക്കുകയാണ് ഷെയ്ന് ചെയ്തതെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പറഞ്ഞു. അസോസിയേഷന് നേതാക്കളായ സിയാദ് കോക്കര്‍, എം. രഞ്ജിത്ത് തുടങ്ങിയവര്‍ കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഷെയിനിനെ ബഹിഷ്കരിക്കാനുള്ള തീരുമാനം അറിയിച്ചത്.
സിനിമയ്ക്കായി കോടിക്കണക്കിന് കാശ് മുടക്കുന്നവരെ കളിയാക്കുകയാണ് ഷെയ്ന് ചെയ്തതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പറഞ്ഞു. ഷെയ്നില് നിന്നും നേരിട്ടത് മലയാള സിനിമയില്‍ നിന്നും ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണെന്നുമാണ് നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍. ഷെയ്ന് നിഗം നിസ്സഹകരണം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരണം മുടങ്ങിയ ചിത്രങ്ങളായ വെയിലും ഖുര്‍ബാനിയും ഉപേക്ഷിക്കുകയാണെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അറിയിച്ചത്. ഇതിന്റെ നഷ്ടം നികത്തുന്നത് എന്നാണോ അന്ന് ഷെയ്ന് മലയാളത്തില്‍ അഭിനയിച്ചാല്‍ മതിയെന്ന നിലപാടിലാണ് അസോസിയേഷന്. വിലക്ക് സംബന്ധിച്ച് താര സംഘടനയായ അമ്മയെ അറിയിച്ചെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മലയാള സിനിമാരംഗത്ത് എല്‍.എസ്.ഡി ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്നും അസോസിയേഷന് ചൂണ്ടിക്കാട്ടി. യുവതലമുറയിലെ ഒരു വിഭാഗം നടന്മാര് മയക്കുമരുന്ന് ഉപയോഗിക്കുന്നെന്നും കാരവാനില്‍ അടക്കം ലോക്കേഷനുകളില്‍ പൊലീസ് പരിശോധന നടത്തണമെന്നും അസോസിയേഷന് ആവശ്യപ്പെട്ടു. സൂപ്പര്‍ സ്റ്റാറുകളില്‍ നിന്നും പോലും ഉണ്ടാകാത്ത പെരുമാറ്റമാണ് ഷെയിന്റെ ഭാഗത്തു നിന്നും നേരിടേണ്ടി വന്നിരിക്കുന്നതെന്നും താരത്തെ കുറിച്ച് നിരവധി പരാതികളാണ് ലഭിക്കുന്നതെന്നും വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മ്മാതാക്കളുടെ അസോസിയേഷന് അറിയിച്ചു.
ഷെയ്നിന്റെ വിലക്കിന് പിന്നാലെയാണ് വെയില് സിനിമ ഉപേക്ഷിക്കുകയാണെന്ന അറിയിപ്പുമായി ജോബി ജോര്‍ജ് എത്തിയത്. ഫെയ്സ്ബുക്കിലൂടെയായിരുന്നു നിര്‍മ്മാതാവിന്റെ ഈ വെളിപ്പെടുത്തല്‍. 'സേന്ഹിതരെ ആദ്യമായി ഗുഡ്വില് തുടങ്ങിവെച്ച ഒരു സിനിമ, വെയില് വേണ്ടെന്ന് വെയ്ക്കുകയാണ്. ഗുഡ്വില് എല്ലായിപ്പോഴും ജനങ്ങള്‍ക്കും അസോസിയേഷനും ഒപ്പമാണ്. കൂടെയുണ്ടാവണം സ്നേഹത്തോടെ. ജോബി ജോര്‍ജ്'.
ആവശ്യങ്ങളെല്ലാം അംഗീകരിച്ചിട്ടും സിനിമയുമായി സഹകരിക്കുന്ന ഒരു നീക്കവും ഷെയിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല. അഭിനയിക്കാന്‍ മൂഡായില്ല, പ്രകൃതി അനുവദിക്കുന്നില്ല തുടങ്ങിയ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞുകൊണ്ട് ലൊക്കേഷനില്‍ നിന്നും ബൈക്കും എടുത്ത് പോകുന്ന ഷെയിന്‍ പിന്നീട് ഫോണ്‍ പോലും എടുക്കാറില്ലെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. ഇക്കാര്യം ഷെയിന്റെ അമ്മയെ അറിയിക്കുകയും ഒരു ദിവസം അമ്മ കൂടി ലൊക്കേഷനില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിറ്റേന്ന് ലൊക്കേഷനില്‍ നിന്നും പോയ ഷെയ്നുമായി രണ്ടു ദിവസത്തോളം ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നു.
ഷെയ്ന് അഭിനയിച്ചിരുന്ന വെയില്, കുര്‍ബാനി, ഉല്ലാസം എന്നീ മൂന്ന് ചലച്ചിത്രങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇതോടെ അസോസിയേഷന് പിന്മാറി. ഉല്ലാസം എന്ന ചിത്രത്തിനായി 25 ലക്ഷം രൂപയുടെ കരാറാണ് തയാറാക്കിയത്. എന്നാല്‍, ഡബ്ബിംഗ് സമയത്ത് 20 ലക്ഷം അധികമായി ഷെയ്ന് ആവശ്യപ്പെട്ടെന്നും നിര്‍മ്മാതാക്കള്‍ ആരോപിച്ചു. മറ്റ് ഭാഷകളിലെ നിര്‍മ്മാതാക്കളോടും ഇതിനെക്കുറിച്ച് അറിയിക്കുമെന്നും അസോസിയേഷന് പറഞ്ഞു. നിര്‍മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷെയ്നിനെ വിലക്കാന്‍ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. ഷെയ്ന് സിനിമയുമായി സഹകരിക്കാന്‍ തയ്യാറാവുന്നില്ലെന്ന് കാണിച്ച് ജോബി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഷെയ്നിനെ ഇനി അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ അമ്മയെ അറിയിച്ചിരുന്നു.
ഷെയ്നും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് വിവാദമായ ചിത്രമായിരുന്നു നവാഗതനായ ശരത് മേനോന് സംവിധാനം ചെയ്യുന്ന വെയില്. ജോബി ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റ്സായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം. നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് വധഭീഷണി മുഴക്കിയതായി ആരോപിച്ച് ഷെയ്ന് ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്നതോടെയാണ് സംഭവം മാധ്യമ ശ്രദ്ധ നേടിയത്. ജോബിയുടെ സിനിമയ്ക്കായി നീട്ടി വളര്‍ത്തിയ മുടി മറ്റൊരു സിനിമയ്ക്കായി മുറിച്ചതാണ് വധഭീഷണിയ്ക്ക് കാരണമെന്ന് ഷെയ്ന് വീഡിയോയില്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് താര സംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ജോബിക്കെതിരെ പൊലീസിനെ സമീപിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും താരം ആ വീഡിയോയില്‍ പറഞ്ഞിരുന്നു.
വെയിലിന്റെ ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയായതിനു ശേഷം 'കുര്‍ബാനി' എന്ന ചിത്രത്തിന് വേണ്ടി ഷെയ്ന് ഗെറ്റപ്പ് മാറ്റിയതായിരുന്നു വധഭീഷണിയ്ക്ക് കാരണമെന്നും താരം പറഞ്ഞിരുന്നു. എന്നാല്‍, 30 ലക്ഷം കൈപ്പറ്റി ഷെയ്ന് വഞ്ചിക്കുകയായിരുന്നുവെന്നും ഒരിക്കലും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു ഇതിന് ജോബി നല്കിയ മറുപടി. 30 ലക്ഷം രൂപ പ്രതിഫലത്തില്‍ ആരംഭിച്ച സിനിമയ്ക്കിടെ ഷെയ്ന് 10 ലക്ഷം അധികമായി ചോദിച്ചുവെന്നും ഒരു മടിയും കൂടാതെ താനത് നല്‍കിയെന്നും ജോബി പറഞ്ഞിരുന്നു. സിനിമയുമായി സഹകരിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നു ഷെയ്നിനോട് പറഞ്ഞതായി സമ്മതിച്ച ജോബി തന്റെ അവസ്ഥ പറയുക മാത്രമാണുണ്ടായതെന്നും അന്ന് പറഞ്ഞു
വെയിലിന്റെ ചിത്രീകരണം തീരുന്നത് വരെ മുടിയും തടിയും വടിക്കരുതെന്ന നിബന്ധന ഷെയ്ന് ലംഘിച്ചതായും നിര്‍മ്മാതാവ് ആരോപിച്ചിരുന്നു. ഒക്ടോബര്‍ 16-ന് റിലീസ് ചെയ്യേണ്ട ചിത്രം നവംബര്‍ 16-ലേക്ക് മാറ്റിയത് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായും ഷെയ്ന് വന്നാല്‍ 10 ദിവസത്തെ ഷൂട്ടിംഗ് കൊണ്ട് ചിത്രം പൂര്ത്തിയാക്കാനാക്കുമെന്നും ജോബി പറഞ്ഞിരുന്നു.
ഇനി താന്‍ ഒന്നിനും മറുപടി തരുന്നില്ലെന്നും ഈശ്വരന് എല്ലാത്തിനും മറുപടി തന്നുകൊള്ളും എന്ന് പറഞ്ഞ് ഇതിന് ശേഷം ഷെയ്ന് മറ്റൊരു വീഡിയോയുമായി രംഗത്തെത്തി. ഇതേതുടര്‍ന്ന്, പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും നേതൃത്വം നല്കിയ ചര്‍ച്ചയില്‍ ഇരുവരും തമ്മിലുള്ള പ്രശ്നം പരിഹരിച്ചിരുന്നു. ചര്‍ച്ചയില്‍ തൃപ്തനാണെന്നും വ്യക്തിപരമായ അധിക്ഷേപങ്ങളില്‍ ജോബി മാപ്പ് പറഞ്ഞുവെന്നും ഷെയ്ന് ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, ഷെയ്നിന്റെ നിസഹകരണത്തെ തുടര്‍ന്ന് വെയില് സിനിമയുടെ ചിത്രീകരണം നിര്‍ത്തി വച്ചു. ഇതേതുടര്‍ന്നാണ് ജോബി പരാതി നല്‍കിയത്.
എന്നാല്‍, തനിക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഏര്‍പ്പെടുത്തിയ വിലക്ക് അംഗീകരിക്കില്ലെന്ന് ഷെയ്ന് വ്യക്തമാക്കി. സംഘടനയുടെ തീരുമാനം ഏകപക്ഷീയാണെന്നും സംഘടന തന്റെ ഭാഗം കേള്ക്കുകയുണ്ടായില്ലെന്നും തീരുമാനം തന്നെ രേഖാമൂലം ഇതുവരെ അറിയിച്ചിട്ടില്ലെന്നും അറിയിപ്പുണ്ടായ ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ഷെയ്ന് അറിയിച്ചു.
നടനും പ്രശസ്ത മിമിക്രി താരവുമായിരുന്ന അബിയുടെ മകനായ ഷെയ്ന് അഭിനയിച്ച് തിയേറ്ററില്‍ എത്തിയ അവസാന ചിത്രം ഓളാണ്.
ഷെയിന്‍ നിഗമിന് മലയാള സിനിമയില്‍ നിന്നുള്ള വിലക്ക് വാര്‍ത്തയാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ മുഴുവന്‍. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്. മലയാളസിനിമയുടെ പ്രിയ സംവിധായകനായ ബൈജു കൊട്ടാരക്കര സോഷ്യല്‍മീഡിയയിലൂടെ ഷെയ്നിന് അനുകൂലമായി കുറിപ്പെഴുതിയിരിക്കുകയാണ്.
ഷെയിന്‍ നിഗമിന് അസോസിയേഷന് കൊടുത്ത പിഴയായ് ഏഴുകോടി രൂപ തിരിച്ചു കൊടുക്കാതെ ഇനി സിനിമയില്‍ അഭിനയിപ്പിക്കില്ല എന്നു പറയുന്നത് കേട്ട് ഞെട്ടേണ്ട കാര്യമില്ലെന്നും ഏതാനും നാളുകള്‍ക്കുള്ളില്‍ ഷെയ്ന് തിരിച്ചുവരുമെന്നും, ഒന്നും നടക്കില്ല എന്നും തുടര്‍ന്ന് അയാള്‍ സിനിമയിലുണ്ടാവുമെന്നും മറിച്ചാണെങ്കില്‍ തല മൊട്ടയടിക്കാമെന്നും ബൈജു കുറിച്ചു.
ഷെയ്നെ വിലക്കാന്‍ നിര്‍മാതാക്കളുടെ അസോസിയേഷന് എന്താണ് അധികാരവും അവകാശവുമെന്നും, മലയാള സിനിമയില്‍ വിലക്കുകള്‍ കണ്ടുപിടിച്ച മഹാന്മാരാണ് വിധി പറയുന്നവര്‍. ജഗതി ശ്രീകുമാര്‍, സുകുമാരന്‍, വിനയന്, ബൈജു കൊട്ടാരക്കര തുടങ്ങി നിരവധിയാളുകളെ വിലക്കാന്‍ ഇവര്‍ തയ്യാറായിട്ടുണ്ട്. നേരിട്ട് വിലക്കിയില്ല, പക്ഷെ മറ്റു സംഘടനകള്‍ വില്‍ക്കുന്നതിന് കൂട്ടുനിന്ന ആളുകളാണ് ഇവരൊക്കെ. ഈ പ്രഹസനങ്ങള്‍ കണ്ടൊന്നും പേടിക്കില്ലെന്നും ഷെയ്ന് തിരിച്ചു വന്നില്ലെങ്കില്‍ തലമുണ്ഡനം ചെയ്തു കൊച്ചിയില്‍ എം.ജി റോഡിലൂടെ നടക്കാന്‍ തയ്യാറാണെന്നും താരം പോസ്റ്റില്‍ തുറന്നടിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഞാന്‍ തല മൊട്ടയടിക്കാം.
ഷെയിന്‍ നിഗമിന് മലയാള സിനിമയില്‍ വിലക്ക്. ഇയാളെ വിലക്കാന്‍ നിര്‍മാതാക്കളുടെ അസോസിയേഷന് എന്താണ് അധികാരം. അവകാശം. കാരണം മലയാള സിനിമയില്‍ വിലക്കുകള്‍ കണ്ടുപിടിച്ചത് ഇവരാണ്. ജഗതി ശ്രീകുമാര്‍, സുകുമാരന്‍, വിനയന്, ബൈജു കൊട്ടാരക്കര തുടങ്ങി നിരവധിയാളുകളെ വിലക്കാന്‍ ഇവര്‍ തയ്യാറായിട്ടുണ്ട്. ഇവരെ നേരിട്ട് വിലക്കിയില്ല എങ്കില്‍ മറ്റു സംഘടനകള്‍ വില്‍ക്കുന്നതിന് കൂട്ടുനിന്ന ആളുകളാണ്. 2011-ല്‍ ഒരു നിര്‍മ്മാണ കമ്ബനി രജിസ്റ്റര്‍ ചെയ്യാന്‍ 85,000 രൂപയോളം എന്റെ കൈയ്യില്‍ നിന്നും വാങ്ങിയിട്ട്. ഇന്നും മെമ്പര്‍ഷിപ്പ് തന്നിട്ടില്ല. അതിന്റെ പണി പുറകെ വരുന്നുണ്ട്. ഞാന്‍ ആ വിലക്കിനെ അഭിമുഖീകരിക്കുന്നു. കുറേക്കാലം വിനയനെ വിലക്കി എന്നിട്ടിപ്പോ എന്തായി വിനയന് സിനിമകള്‍ ചെയ്തു കൊണ്ടിരിക്കുന്നു. സംഘടനയില്‍ മത്സരിക്കുന്നു. രഞ്ജിത്ത് താങ്കള്‍ സിനിമയില്‍ വന്ന കാലം മുതല്‍ എനിക്ക് താങ്കളെ അറിയാം ഒരു കാര്യം മാത്രം പറയുന്നു. കുറച്ചു കാലങ്ങള്‍ക്കു മുമ്പ് മലയാള സിനിമയിലെ ചില താരങ്ങള്‍ ലഹരി പാര്‍ട്ടികള്‍ നടത്തുകയും ലഹരി ലൊക്കേഷനുകളില്‍ ഉള്‍പ്പെടെ ഉപയോഗിക്കുകയും ചെയ്യുന്നു എന്ന് ഞാന്‍ ചില ചാനല്‍ ചര്‍ച്ചകളില്‍ പറഞ്ഞപ്പോള്‍ നിര്‍മാതാക്കളുടെ അസോസിയേഷനെ പ്രതിനിധീകരിക്കുന്ന ചില ആളുകള്‍ ഉള്‍പ്പെടെ നിഷേധിക്കുകയും എന്നെ കരിവാരിത്തേക്കാന്‍ ആ സമയം ഉപയോഗിക്കുകയും ചെയ്തു. എന്നിട്ടിപ്പോള്‍ എന്തായി കുത്തഴിഞ്ഞില്ലേ, സുഹൃത്തുക്കളെ ഇതിനുള്ള മറുപടി എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത്. ഇപ്പോള്‍ പറയുന്നു ലോക്കേഷനുകള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നു എന്ന്. ചിലരുടെ ഡേറ്റുകള്‍ക്ക് വേണ്ടി എന്ത് തോന്നിവാസവും അനുവദിച്ചു കൊടുക്കുന്ന നിര്‍മാതാക്കളാണ് ഇതിന് കാരണക്കാര്‍. എന്നിട്ടിപ്പോ നാണമില്ലേ ഇതൊക്കെ പറഞ്ഞു നടക്കാന്‍. ഷെയിന്‍ നിഗമിന് നിങ്ങള്‍ കൊടുത്ത പിഴയായ്ഏഴുകോടി രൂപ തിരിച്ചു കൊടുക്കാതെ ഇനി സിനിമയില്‍ അഭിനയിപ്പിക്കIല്ല എന്നു പറയുന്നു. മിസ്റ്റര്‍ രഞ്ജിത്ത് ഏതാനും നാളുകള്‍ക്കുള്ളില്‍ ഇയാള്‍ തിരിച്ചുവരുമെന്നും ഒന്നും നടക്കില്ല എന്നും ഞാന്‍ പറയുന്നു തുടര്‍ന്ന് അയാള്‍ സിനിമയിലുണ്ടാവും , അങ്ങനെയെങ്കില്‍ ഇപ്പോഴത്തെ നിര്‍മ്മാതാക്കളുടെ അസോസിയേഷനിലെ നേതാക്കള്‍ തല മുണ്ഡനം ചെയ്യാന്‍ തയ്യാറുണ്ടോ? തിരിച്ചു വന്നില്ലെങ്കില്‍ തലമുണ്ഡനം ചെയ്ത് കൊച്ചിയില്‍ എം.ജി റോഡിലൂടെ നടക്കാന്‍ ഞാന്‍ തയ്യാറാണ്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)