
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കടുത്ത കുടിയേറ്റ നയത്തിന്റെ ഫലമായി എച്ച് 1 ബി വിസ നിഷേധിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് കുടിയേറ്റ വിദഗ്ധസംഘടനയായ നാഷണല്‍ ഫൗണ്ടേഷന് ഫോര്‍ അമേരിക്കന്‍ പോളിസിയുടെ റിപ്പോര്‍ട്ട്. 2019-ന്റെ മൂന്നാം പാദത്തില്‍ മാത്രം ഇന്ത്യക്കാരുടെ 24 ശതമാനം അപേക്ഷകളാണ് തള്ളിയതെന്ന് യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ (യു.എസ്.സി.ഐ.എസ്.) കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2015-ല്‍ ഇതേസമയം, ഇത് വെറും ആറു ശതമാനമായിരുന്നു. ഇന്ത്യന്‍ കമ്പനികളുടെ വിസാ അപേക്ഷകളാണ് കൂടുതല്‍ തള്ളുന്നത്. ട്രംപ് ഭരണകൂടം ഇന്ത്യന്‍ കമ്പനികളെ ലക്ഷ്യമിടുന്നുവെന്ന ആരോപണത്തിന് ബലമേകുന്നതാണ് കണക്കുകള്‍.
ഉദാഹരണമായി, ആമസോണ്‍, മൈക്രോസോഫ്റ്റ്, ഇന്റല്‍, ഗൂഗിള്‍ തുടങ്ങിയ വിദേശ കമ്പനികളുടെ വിസാ നിഷേധനിരക്ക് 2015-ല്‍ ഒരു ശതമാനമായിരുന്നു. 2019-ല്‍ ഇത് യഥാക്രമം ആറ്, എട്ട്, ഏഴ്, മൂന്ന് എന്നിങ്ങനെ ശതമാനമായി വര്‍ധിച്ചു. 2015-ലും 2019-ലും ആപ്പിള്‍ കമ്പനിയുടെ രണ്ട് ശതമാനം അപേക്ഷകള്‍ മാത്രമാണ് നിരസിച്ചത്. എന്നാല്‍, ഇതേ കാലയളവില്‍ ഇന്ത്യയുടെ ടെക് മഹീന്ദ്ര കമ്പനിയുടെ നിരസിച്ച അപേക്ഷകളുടെ എണ്ണം നാല് ശതമാനത്തില്‍ നിന്ന് 41 ശതമാനമായാണ് കൂടിയത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്വീസസിന്റെത് ആറ് ശതമാനത്തില്‍ നിന്ന് 34 ആയും വിപ്രോയുടേത് ഏഴില്‍ നിന്ന് 53 ശതമാനമായും ഇന്‍ഫോസിസിന്റെത് രണ്ടില്‍ നിന്ന് 45 ശതമാനമായും വര്‍ധിച്ചു.
യു.എസില്‍ ജോലി തുടരാനുള്ള ഇന്ത്യന്‍ ഐ.ടി. കമ്പനികളുടെ അപേക്ഷ നിരസിക്കപ്പെടുന്നതിലും വര്‍ധനയുണ്ടായി. ഇത്തരത്തില്‍ ടെക് മഹീന്ദ്രയുടെ 16 ശതമാനവും വിപ്രോയുടെ 19 ശതമാനവും ഇന്‍ഫോസിസിന്റെ 29 ശതമാനവും അപേക്ഷകളാണ് തള്ളിയത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)