
കൊച്ചി: കൊച്ചി മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതിയുടെ രണ്ട് ഉത്തരവുകളിലെ പിഴവുകള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഫ്ലാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. അഞ്ച് ദിവസത്തിനകം ഫ്ലാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്കിയ സാഹചര്യത്തില്‍ ഫ്ലാറ്റുടമകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് സുപ്രീം കോടതിയുടെ നടപടി. 'തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ലാറ്റ് പൊളിക്കണമെന്നാവശ്യപ്പെട്ടുള്ള ഉത്തരവില്‍ ഗുരുതരമായ പിഴവുകളുണ്ട്. അത് തിരുത്തണം. സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിക്ക് തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് പകരം സ്പെഷ്യല്‍ സെക്രട്ടറിയാണ് രൂപം നല്‍കിയത്. കോടതിയുടെ അനുമതിയില്ലാതെയാണ് സമിതിയുടെ ഘടന മാറ്റിയത്. മൂന്നംഗ സമിതി വിദഗ്ദ്ധ സമിതിക്ക് രൂപം നല്കിയതും കോടതിയുടെ അനുമതിയോടെയല്ല'.- തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഗോള്‍ഡന്‍ കായലോരം റെസിഡന്റ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയാണ് സുപ്രീം കോടതി രജിസ്ട്രി ഫയലില്‍ സ്വീകരിച്ചത്.
അതേസമയം, ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായി അഞ്ചു ദിവസത്തിനകം ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് താമസക്കാര്‍ക്ക് മരട് നഗരസഭ ഇന്നലെ നോട്ടീസ് നല്‍കിയതില്‍ മൂന്നു ഫ്ളാറ്റുകളിലെ താമസക്കാര്‍ നോട്ടീസ് കൈപ്പറ്റാതെ പ്രതിഷേധിച്ചു. ഒരു ഫ്ളാറ്റിലുള്ളവര്‍ നോട്ടീസ് കൈപ്പറ്റി. ഫ്ളാറ്റിലുള്ള സാധനസാമഗ്രികളും നീക്കം ചെയ്യണം. ഒഴിയാത്തവര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. സുപ്രീംകോടതി ഉത്തരവു പ്രകാരം ഫ്ളാറ്റുകള്‍ പൊളിക്കാന്‍ നഗരസഭ താത്പര്യപത്രം ക്ഷണിച്ചു. പൊളിക്കലില്‍ പ്രതിഷേധിച്ച് തിരുവോണദിനമായ ഇന്ന് ഫ്ളാറ്റുടമകള്‍ നഗരസഭാ ഓഫീസിന് മുമ്പില്‍ പട്ടിണി സമരം നടത്തുകയാണ്. എന്തു സംഭവിച്ചാലും ഒഴിഞ്ഞുപോകില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. സമരക്കാര്‍ക്ക് പിന്തുണയുമായി ഇന്ന് നിരവധി രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ നഗരസഭാ ഓഫീസിന് മുന്നിലേക്ക് എത്തി. ഫ്ലാറ്റുടമകളുടെ കാര്യത്തില്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ അനുഭാവ പൂര്‍വം പെരുമാറണമെന്ന് സമരക്കാരെ സന്ദര്‍ശിക്കാനെത്തിയ ഹൈബി ഈഡന് എം.പി ആവശ്യപ്പെട്ടു.
നിയമം ലംഘിച്ച ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതിയുടെ രണ്ട് ഉത്തരവുകളുടെയും ചീഫ് സെക്രട്ടറി നല്കിയ നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ അഞ്ചു ദിവസത്തിനകം താമസക്കാര്‍ ഒഴിഞ്ഞുപോകണമെന്ന് കഴിഞ്ഞ ദിവസം നഗരസഭാ സെക്രട്ടറി നല്കിയ നോട്ടീസില്‍ ആവശ്യപ്പെടുന്നു. കണ്ണാടിക്കടവിലെ ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റിലെ താമസക്കാരായ ഫ്രാന്‍സിസ്, അബൂബക്കര്‍, ജയശങ്കര്‍ എന്നിവര്‍ ഉപാധികളോടെ നോട്ടീസ് കൈപ്പറ്റി. കുണ്ടന്നൂരിലെ ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ ഫ്ളാറ്റിലെ താമസക്കാര്‍ ഗേറ്റ് പൂട്ടി സെക്രട്ടറിയും ഉദ്യോഗസ്ഥരും അകത്തു കടക്കുന്നത് തടഞ്ഞപ്പോള്‍ മതിലില്‍ നോട്ടീസ് പതിപ്പിച്ചശേഷം സെക്രട്ടറി മടങ്ങുകയായിരുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)