
ലണ്ടൻ: കശ്മീരിന്റെ പ്രത്യേക പദവി ഉറപ്പ് വരുത്തുന്ന ആർട്ടിക്കിൾ 370ഉം 35 എയും റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരേ ഓഗസ്റ്റ് ഒമ്പതിന് നടന്ന വൻ പ്രതിഷേധത്തിന്റെ എക്സ്ക്ലുസീവ് വീഡിയോ ഓഗസ്റ്റ് 10-ന് ബിബിസി പുറത്തു വിട്ടിരുന്നു. കശ്മീരിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ റാലിയുടെയും അതിനു നേരെ സൈന്യത്തിന്റെ പെല്ലെറ്റ്-കണ്ണീർ വാതക ഷെൽ പ്രയോഗവും ദൃശ്യങ്ങളടക്കമാണ് ബിബിസി പുറത്തു വിട്ടത്. എന്നാല്‍ കശ്മീരില്‍ പ്രതിഷേധം നടന്നിട്ടില്ലെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാർത്താകുറിപ്പിനെതിരേ ഇപ്പോള്‍ ബിബിസി രംഗത്ത് വന്നു. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ബിബിസിയുടെ പ്രതികരണം. കേന്ദ്രസർക്കാർ നടപടിക്ക് എതിരെ കശ്മീരിൽ സംഭവിക്കുന്നത് ഇനിയും റിപ്പോർട്ട് ചെയ്യുമെന്ന് ബിബിസി ട്വീറ്റ് ചെയ്തു.
"ബിബിസി അതിന്റെ മാധ്യമ പ്രവർത്തനത്തെ മുറുകെപ്പിടിക്കും. കശ്മീരിലെ സംഭവങ്ങളെ ദുർവ്യാഖ്യാനം ചെയ്തുവെന്ന അവകാശവാദങ്ങളെ ശക്തമായി നിരാകരിക്കും. സാഹചര്യം പക്ഷപാതമില്ലാതെയും കൃത്യമായുമാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മറ്റ് മാധ്യമങ്ങളെപ്പോലെ നിലവിൽ കടുത്ത നിയന്ത്രണങ്ങൾക്കിടയിലാണ് കശ്മീരിൽ പ്രവർത്തിക്കുന്നതെങ്കിലും ഞങ്ങൾ സംഭവങ്ങൾ വാർത്ത നൽകുന്നത് തുടരുക തന്നെ ചെയ്യും" - ബിബിസി ട്വീറ്റ് ചെയ്തു.
ശ്രീനഗറിൽ പതിനായിരങ്ങൾ പങ്കെടുത്ത പ്രതിഷേധം നടന്നുവെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ബിബിസിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നത്.
'അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്തത് പൂർണ്ണമായും തെറ്റും വ്യാജവുമാണ്. ശ്രീനഗറിലും ബരാമുള്ളയിലും ചില ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ നടന്നിരുന്നു. എന്നാൽ അതിലൊന്നിലും 20-ലധികം പേര് പങ്കെടുത്തില്ല' - ആഭ്യന്തര മന്ത്രാലയ വക്താവ് വസുധ ഗുപ്ത ഇന്നലെ അറിയിച്ചിരുന്നു.
courtesy: BBC News
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)