
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപം കൊള്ളുമെന്നതിനാൽ വീണ്ടും അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴി രൂപപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനകം ഇത് ന്യൂനമര്‍ദമായി രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതനുസരിച്ച് ന്യൂനമര്‍ദ്ദം നാളെ രൂപപ്പെടുമെന്നാണ് സൂചന. അടുത്ത 24 മണിക്കൂറിനുള്ളിൽ മാത്രമേ ന്യൂനമര്‍ദത്തിന്റെ തീവ്രതയും സ്വഭാവവും വ്യക്തമാകൂ എന്നും അധികൃതര്‍ അറിയിച്ചു.
ഇതുമൂലം സംസ്ഥാനത്തിൻ്റെ തെക്കൻ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരക്കെ മഴയുണ്ടായേക്കും. എന്നാല്‍ അതിതീവ്ര മഴയുണ്ടായേക്കില്ലെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തീരദേശ മേഖലയിലായിരിക്കും കനത്ത മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ച് ദിവസമായി തുടരുന്ന മഴയ്ക്ക് ഇതുവരെ ശമനമില്ലായിരുന്നു.
നേരത്തെ തിങ്കളാഴ്ച വരെയാണ് മഴ പ്രവചിച്ചിരുന്നത്. നാളെ രൂപം കൊള്ളുന്ന ന്യൂനമര്‍ദത്തിന്റെ ഫലമായി ആഗസ്റ്റ് 15 വരെ കനത്ത മഴയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. 13-ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ പെയ്തേക്കുമെന്നും കണക്കുകൂട്ടുന്നു. അതേസമയം ഇന്ന് സംസ്ഥാനത്ത് എങ്ങും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)