
ന്യൂഡല്‍ഹി: കശ്മീരിലെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് എം.പി-യും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് ഇന്ന് ശ്രീനഗര്‍ സന്ദര്‍ശിക്കും. എന്നാല്‍, അദ്ദേഹത്തെ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ആശയവിനിമയത്തിനുള്ള ഉപാധികളെല്ലാം അവിടെ നിരോധിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ്, വാര്‍ത്താവിനിമയ സംവിധാനം എല്ലാം നിലവില്‍ റദ്ദാക്കിയിരിക്കുകയാണ്. കര്‍ഫ്യൂ പാസുകളും ആശയവിനിമയ മാര്‍ഗങ്ങളും ഇല്ലാത്തതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയില്ല. മാധ്യമങ്ങളുടെ വാ മൂടിക്കെട്ടിയ ഈ അവസ്ഥ ഏറ്റെടുക്കാന്‍ ഞങ്ങള്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയോടും അന്താരാഷ്ട്ര പത്രപ്രവര്‍ത്തക സംഘടനകളോടും അഭ്യര്‍ത്ഥിക്കുന്നതായി കശ്മീര്‍ പ്രസ് ക്ലബിന്റെ ജനറല്‍ സെക്രട്ടറി ഇഷ്ഫാക്ക് തന്ത്രി പറഞ്ഞു.
കൂടാതെ, നേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരുമടക്കം നൂറുകണക്കിന് പേര് ഇപ്പോഴും കരുതല്‍ തടങ്കലില്‍ കഴിയുകയാണ്. മൂന്ന് വ്യവസായ നേതാക്കളും ഒരു യൂണിവേഴ്സിറ്റി പ്രൊഫസറും, രാഷ്ട്രീയ പ്രവര്‍ത്തകരും ഉള്‍പ്പെടെ 400-ഓളം പേരെ കശ്മീരിലെ പോലിസ് വളഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
വ്യവസായ നേതാക്കളായ ഷക്കീല്‍ കലന്ദര്‍, മുബീന് ഷാ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിട്ടുണ്ട്. നേരത്തെ എന്‍ഐഎ ചോദ്യം ചെയ്ത മറ്റൊരു വ്യവസായി യസീന്‍ ഖാനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കശ്മീര്‍ ബാര്‍ അസോസിയേഷന് പ്രസിഡന്റ് മിയാന്‍ ഖയൂമിനെയും കസ്റ്റഡിയിലെടുത്തു. ഖാന് കശ്മീര്‍ സാമ്പത്തിക സഖ്യത്തിന് നേതൃത്വം നല്‍കുന്നതായി ഒരു ഉദ്യോഗസ്ഥന് പറഞ്ഞു. കശ്മീര്‍ സെന്റര്‍ ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസിന്റെ (കെ.സി.എസ്. ഡി.എസ്) മേധാവിയായ ഹമീദ നയീമിനെ കസ്റ്റഡിയിലെടുത്തു. ഇവരുടെ ഭര്‍ത്താവും നേതാവുമായ നയീം ഖാന് ഇതിനകം ജയിലിലാണ്,'- ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കശ്മീര്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ മുന്‍ പ്രസിഡന്റ് മുബീന് ഷായുടെ കുടുംബം ഇയാളുടെ അറസ്റ്റ് സ്ഥിരീകരിച്ചു. 'എന്റെ കസിന് ഡോ. മുബീന് ഷായെ ഓഗസ്റ്റ് 5-ന് അര്‍ദ്ധരാത്രിയോടെ വീട്ടില്‍ നിന്ന് കൊണ്ടുപോയി. അയാള്‍ പ്രമേഹ രോഗിയാണ്, ഹൃദ്രോഗത്തിനും മരുന്ന് കഴിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഭാര്യയുടെ സാന്നിദ്ധ്യത്തിലാണ് മുബീന് ഷായെ കൊണ്ടു പോയത്,' ഒരു ബന്ധു അയച്ച സന്ദേശത്തില്‍ പറയുന്നു. തടങ്കലില്‍ വച്ചവരുടെ കൂട്ടത്തില്‍ പിഡിപി യുവനേതാവ് വഹീദ് പരയുമുണ്ടെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)