
തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയുടെ 370, 35 എ വകുപ്പുകള്‍ റദ്ദാക്കിക്കൊണ്ടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനം ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനുമേറ്റ കനത്ത ആഘാതമാണെന്ന് കെപിസിസി രാഷ്ട്രീയ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അവിഭാജ്യഘടകമായ ജമ്മു കശ്മീരിനെ വെട്ടിമുറിച്ച് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ദുരുപധിഷ്ഠിതവും ബോധപൂര്‍വമായ രാഷ്ട്രീയ നടപടിയാണിത്. രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയെന്ന സംഘപരിവാര്‍ ശക്തികളുടെ രാഷ്ട്രീയ അജന്‍ഡയാണ് ഇതിലൂടെ നടപ്പാവുന്നത്.
കശ്മീരിനു നല്കിയ പ്രത്യേകമായ ഭരണഘടനാവകാശങ്ങളും അധികാരങ്ങളും പിന്‍വലിക്കുന്നതിലൂടെ കശ്മീര്‍ ജനതയെ ഭിന്നിപ്പിക്കാനും അവരെ ദേശീയ മുഖ്യധാരയില്‍ നിന്ന് അകറ്റാനുമാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. മോദിയുടെ ഏകാധിപത്യഭരണം സമ്പൂര്‍ണ ഫാസിസത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നുവെന്ന് രാഷ്ട്രീയ പ്രമേയം കുറ്റപ്പെടുത്തുന്നു. ഏകീകൃത സിവില്‍ കോഡ്, രാമക്ഷേത്ര നിര്‍മാണം തുടങ്ങിയ നിരവധി വിവാദ നടപടികളിലേക്കുള്ള പ്രയാണത്തിന് ഗതിവേഗം കൂടുകയാണ്. കശ്മീരിലെ ജനങ്ങളുടെ ഭയാശങ്കകള്‍ അകറ്റി, വിശ്വാസം ആര്‍ജിച്ച് അവരുടെ വിശ്വാസം, മതം, സ്വത്വം എന്നിവ പൂര്‍ണമായി സംരക്ഷിക്കാനാണ് 370ാം വകുപ്പ് ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തത്. ഭരണഘടനയുടെ 370, 35 എ വകുപ്പുകളുടെ ആനുകൂല്യങ്ങള്‍ മുസ്ലിംകള്ക്ക് മാത്രമാണ് നല്‍കിയതെന്നാണ് സംഘപരിവാര്‍ ശക്തികള്‍ പ്രചരിപ്പിക്കുന്നത്. ഇത് എല്ലാ വിഭാഗങ്ങള്‍ക്കും ബാധകമാണ് എന്നതാണ് വസ്തുത.
ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂടില്‍ യാതൊരു മാറ്റവും വരുത്താന്‍ പാടില്ലെന്ന വിഖ്യാതമായ കേശവാനന്ദഭാരതി കേസില്‍ സുപ്രിംകോടതി വ്യക്തമായി നല്കിയ വിധി നിലനില്‍ക്കെയാണ് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ കാറ്റില്‍പ്പറത്തിയും പാര്‍ലമെന്റിനെപ്പോലും ഇരുട്ടില്‍ നിര്‍ത്തിയും തീരുമാനമെടുത്തത്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും മുള്‍മുനയില്‍ നിര്‍ത്തിയും അസത്യം പ്രചരിപ്പിച്ചുമാണ് കേന്ദ്രം ഇങ്ങനെയൊരു സാഹസത്തിലേക്ക് പോയത്. ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഡോ. ബി ആര് അംബേദ്ക്കറുടെയും നേതൃത്വത്തില്‍ സൃഷ്ടിക്കപ്പെട്ട ലോകത്തിലെ തന്നെ ഏറ്റവും പുരോഗമനപരമായ ഇന്ത്യന്‍ ഭരണഘടനയെ നോക്കുകുത്തിയാക്കി ജനാധിപത്യത്തെയും ബഹുസ്വരതയെയും തകര്‍ക്കാനുള്ള നീക്കത്തെ ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണമെന്നും അതിനെ ചെറുത്തുതോല്‍പ്പിക്കണമെന്നും കെപിസിസി ആഹ്വാനം ചെയ്തു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)