
തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് ഐ എ എസ് സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമ പ്രവര്ത്തകന് കെ.എം.ബഷീര്‍ (35) മരിച്ച സംഭവത്തില്‍ ശ്രീറാമിനും സുഹൃത്തും മോഡലുമായ വഫ ഫിറോസിനുമെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. വഫ ഫിറോസിന്റെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ചിരുന്നത്. കൊല്ലത്ത് ഓഫീസ് മീറ്റിംഗ് കഴിഞ്ഞ് തിരുവനന്തപുരത്ത് എത്തിയ ബഷീര്‍ വീട്ടിലേക്കു പോകും വഴിയാണ് അപകടമുണ്ടായത്. പ്രിന്റിംഗ് കഴിഞ്ഞ് എല്ലാ സ്ഥലത്തേക്കും പത്രം പോയെന്ന് ഉറപ്പുവരുത്താനായി മ്യൂസിയത്തിനു സമീപം വാഹനം നിര്‍ത്തി ഫോണില്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോഴാണ് വെങ്കിട്ടരാമന്റെ കാറിടിച്ചത്.
കാര്‍ ഓടിച്ചത് താനല്ല സുഹൃത്താണ് എന്നാണ് ശ്രീറാം പറഞ്ഞതെങ്കിലും കാര്‍ ഓടിച്ചത് ശ്രീറാം തന്നെയാണെന്ന് ദൃക്സാക്ഷി മൊഴി നല്കി. ശ്രീറാം ഡ്രൈവര്‍ സീറ്റില്‍ നിന്ന് തന്നെയാണ് പുറത്തിറങ്ങിയെന്നും നന്നായി മദ്യപിച്ചിരുന്നെന്നും ഓട്ടോ ഡ്രൈവറായ ഷഫീക്കാണ് മൊഴി നല്‍കിയത്. മാത്രമല്ല ശ്രീറാമാണ് വണ്ടി ഓടിച്ചതെന്ന് കൂടെയുണ്ടായിരുന്ന യുവതിയും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അമിത വേഗതയില്‍ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനില്‍ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വൈദ്യ പരിശോധനയില്‍ ശ്രീറാം വെങ്കിട്ടരാമന് മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍, സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നതാണെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് വ്യക്തമാക്കി. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കമ്മീഷണര്‍.
സംഭവത്തില്‍ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന് തന്നെയെന്ന് പോലീസും വ്യക്തമാക്കി. അദ്ദേഹത്തെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെന്നും ശ്രീറാം വെങ്കിട്ടരാമന് തന്നെയാണ് വാഹനമോടിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തലെന്നും ഡി.സി.പി മാധ്യമങ്ങളോട് പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തിട്ടുണ്ടെന്നും കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസും ശ്രീറാമിനെതിരെ പോലീസിന് മൊഴി നല്കി. കവടിയാര്‍ വരെ താനാണ് വാഹനമോടിച്ചതെന്നും പിന്നീട് ശ്രീറാം വെങ്കിട്ടരാമന് കാറെടുത്തെന്നുമാണ് വഫയുടെ മൊഴി. എന്നാല്‍ കാറോടിച്ചത് വഫ ഫിറോസാണെന്നായിരുന്നു ശ്രീറാം വെങ്കിട്ടരാമന് പോലീസിനോട് നേരത്തെ പറഞ്ഞത്.
കൂടാതെ, ശ്രീറാം രക്തസാമ്പിള്‍ എടുക്കാന്‍ വിസമ്മതിച്ചെന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന് മാധ്യമങ്ങളോട് പറയുന്നത്. അപകടത്തിന് ശേഷം ജനറല്‍ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ റഫര്‍ ചെയ്തത് മെഡിക്കല്‍ കോളജിലേക്കാണെങ്കിലും ശ്രീറാം സ്വന്തം നിലയ്ക്ക് തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് പോകുകയായിരുന്നുവെന്നും കമ്മീഷണര്‍ വ്യക്തമാക്കുന്നു. എന്നാല്‍, 12 മണിക്കൂറിനുള്ളില്‍ രക്തസാമ്പിള്‍ എടുത്താല്‍ മതിയെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
അതേസമയം, ഈ അപകട മരണത്തില്‍ മുഖ്യമന്ത്രി തന്റെ അനുശോചനം രേഖപ്പെടുത്തി. 'സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീര്‍. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു'- മുഖ്യമന്ത്രി അനുശോചിച്ചു.
അതുപോലെതന്നെ, യുവ മാധ്യമ പ്രവര്ത്തകന് വാഹനമിടിച്ചു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തില്‍ ഉണ്ടായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
'കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ മുഖംനോക്കാതെ നടപടി വേണം. അടുത്ത കാലത്തുണ്ടായിരുന്ന ഉണ്ടായ നിരവധി സംഭവങ്ങളില്‍ പൊലീസിന്റെ വീഴ്ച പ്രകടമായിരുന്നു. പത്ര പ്രവര്‍ത്തക യൂണിയന് മുഖ്യമന്ത്രിക്ക് നല്കിയ പരാതി ഗൗരവതരമാണ്. ഇതിലെ വസ്തുതകള്‍ പരിശോധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണ്. കൂടാതെ, ബഷീറിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണം. ഭാര്യയ്ക്ക് സര്ക്കാന് ജോലി നല്‍കണം'- രമേശ് ചെന്നിത്തല വ്യക്തമാക്കി.
അതോടൊപ്പം തന്നെ, മാധ്യമപ്രവര്ത്തകന് കെ.എം ബഷീര്‍ വാഹനാപകടത്തില്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം നടത്താനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് മാദ്ധ്യമങ്ങളോട് പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് ശുഷ്കാന്തിക്കുറവുണ്ടായിട്ടുണ്ടെന്ന ആക്ഷേപം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യം പ്രത്യേകം അന്വേഷിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
അപകടത്തില്‍ കളക്ടറോടും ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയോടും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നിയമം പാലിക്കുന്നതില്‍ ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണെന്നും ആരെങ്കിലും മനഃപ്പൂര്‍വം രക്ഷിക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് ഉടന്‍ റദ്ദാക്കുമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച പരിശോധിക്കുമെന്നും ഗതാഗതമന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ് ഡയറക്ടറായി നിയമിച്ചത്. കേരള ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ മിഷന് പ്രോജക്ട് ഡയറക്ടര്‍, ഹൗസിംഗ് കമ്മിഷണര്‍, ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും ശ്രീറാമിന് നല്‍കിയിരുന്നു. മന്ത്രിസഭയുടേതായിരുന്നു തീരുമാനം. മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങളില്‍ ശക്തമായ നടപടി സ്വീകരിച്ച് ശ്രദ്ധ നേടിയ മുന്‍ ദേവികുളം സബ്ബ് കളക്ടറാണ് ശ്രീറാം വെങ്കിട്ട രാമന്.
പ്രമുഖ സൂഫിവര്യന് ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീര്‍ തിരൂര്‍ വാണിയന്നൂര്‍ സ്വദേശിയാണ്.2004-ല്‍ തിരൂര്‍ പ്രാദേശിക റിപ്പോര്‍ട്ടറായി സിറാജില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ച കെ.എം. ബഷീര്‍ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി ചേര്‍ന്നു. 2006-ല്‍ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടര്‍ന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീര്‍ഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു.
മരണപ്പെട്ട കെ എം ബഷീറിന്റെ മൃതദേഹം ഉച്ചക്ക് ഒരു മണിക്ക് പ്രസ്ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി പോസ്റ്റ്മോര്‍ട്ടം തുടങ്ങി. 12 മണിക്ക് കുമാരപുരം പള്ളിയില്‍ എത്തിച്ച ശേഷമാണ് പ്രസ് ക്ലബ്ബില്‍ കൊണ്ടുവരിക. തുടര്‍ന്ന് തിരൂരേക്ക് കൊണ്ടുപോകും. വടകര നടുവണ്ണൂര്‍ ജുമാ അത്ത് ഖബറിസ്ഥാനിലാണ് കബറടക്കം.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)