
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപില്‍ ഇന്‍ഷുറന്‍സിന്റെ പാക്കേജ് ലാഭകരമല്ലെന്ന കാരണത്താല്‍ പങ്കുചേരാതെ പ്രമുഖ സ്വകാര്യ ആശുപത്രികള്‍. പട്ടികയില്‍ പ്രമുഖ ആശുപത്രികളെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധവുമായി ജീവനക്കാരും രംഗത്ത്. കാസര്‍കോട് ജില്ലയില്‍ രണ്ടും കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ മൂന്നും സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് നിലവില്‍ പദ്ധതിയിലുള്ളത്. മറ്റു ജില്ലകളിലും സ്പെഷ്യാലിറ്റി ചികിത്സയുള്ള ആശുപത്രികള്‍ പലതും പട്ടികയ്ക്ക് പുറത്താണ്. ഇതോടെ വിദഗ്ധ ചികിത്സ ആവശ്യമായ രോഗികള്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ മാത്രമായിരിക്കും അഭയം.
നിലവാരമുള്ള ഒറ്റ ആശുപത്രിയെപോലും ഉള്‍പ്പെടുത്താതെ ജീവനക്കാരെ വഞ്ചിച്ചെന്ന് എന്‍.ജി.ഒ. അസോസിയേഷന് പ്രസിഡന്റ് എന്‍.കെ. ബെന്നി പറഞ്ഞു. സര്‍ക്കാര്‍ വിഹിതമില്ലാതെ പദ്ധതി തുടങ്ങുന്നത് വഞ്ചനാപരമാണ്. അംബാനിയുടെ റിലയന്‍സ് ഇന്‍ഷുറന്‍സ് കമ്പനിയുമായിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് അവയവമാറ്റ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ക്ക് നാമമാത്ര നിരക്ക് നിശ്ചയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
മെഡിസെപില്‍ ചേരാന്‍ ജീവനക്കാരെ നിര്ബന്ധിക്കരുതെന്നാവശ്യപ്പെട്ട് ബ്രാഞ്ച് തലത്തില്‍ പ്രതിഷേധ കൂട്ടായ്മ നടത്തും. ഓഗസ്റ്റ് ഒന്നിന് വഞ്ചനാദിനം ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിസെപിലെ അപാകതകളില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് എന്‍.ജി. സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ്കുമാര്‍ അറിയിച്ചു.
ശ്രീചിത്ര പോലെയുള്ള ആശുപത്രികള്‍ പങ്കുചേരുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്. ചര്‍ച്ച നടക്കുന്നതേയുള്ളൂവെന്നാണ് അധികൃതരുടെ വിശദീകരണം. ഡല്‍ഹി, ഗാസിയാബാദ്, കോയമ്പത്തൂര്‍, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ ആശുപത്രികള്‍ പദ്ധതിയിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ചികിത്സാ ഇന്‍ഷുറന്‍സില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് അഞ്ച് ആശുപത്രികള്‍ മാത്രം. ഇതില്‍ രണ്ടെണ്ണം നേത്രാശുപത്രിയാണ്. ഫലത്തില്‍ കണ്ണൂരിലെ രണ്ട് ആശുപത്രികളിലും നീലേശ്വരത്തെ ഒരു ആശുപത്രിയിലും മാത്രമാണ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സൗജന്യചികിത്സ ലഭിക്കുക.
മെഡിസിപില് തലാസീമിയ പോലുള്ള രക്തജന്യരോഗം ബാധിച്ചവര്‍ക്ക് പരിരക്ഷ ലഭിക്കില്ലെന്ന് ആശങ്ക. ആനൂകൂല്യത്തിന് ചുരുങ്ങിയത് 24 മണിക്കൂര്‍ എങ്കിലും ആശുപത്രിയില്‍ കിടക്കണം. രണ്ടാഴ്ച കൂടുമ്പോഴും ആശുപത്രിയിലെത്തി രക്തം സ്വീകരിച്ച് അന്നുതന്നെ തിരിച്ചുപോകുന്ന തലാസീമിയ പോലുള്ള രോഗം ബാധിച്ചവര്‍ക്ക് ചികിത്സാനിഷേധം ഉണ്ടാവും. മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള 14 ലക്ഷം രൂപ ലൂക്കിമിയ രോഗികള്‍ക്ക് മാത്രം പരിമിതപ്പെടുത്തി.
തലാസീമിയ, സിക്കിള്‍സെല്‍ അനീമിയ (അരിവാള്‍ രോഗം), ഹീമോഫീലിയ രോഗികളുടെ പ്രശ്നങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചു. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാകുന്ന എല്ലാവര്ക്കും അതിന്റെ ആനൂകൂല്യം നല്‍കണമെന്ന് ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കരിം കാരശ്ശേരി ആവശ്യപ്പെട്ടു.
3,000 രൂപയാണ് വര്‍ഷം ജീവനക്കാരില്‍ നിന്ന് പ്രീമിയമായി ഈടാക്കുന്നത്. മെഡിസെപില്‍ ഒ.പി. ചികിത്സ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളിലും ശ്രീചിത്ര, ആര്.സി.സി., കൊച്ചി, മലബാര്‍ കാന്‍സര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലെ ഒ.പി ചികിത്സയ്ക്ക് നിലവിലുള്ള പണം പിന്നീട് തിരികെ നല്കുന്ന സംവിധാനം തുടരും. ഒരു വീട്ടില്‍ത്തന്നെയുള്ള സര്‍ക്കാര്‍ ജീവനക്കാരെല്ലാം പ്രത്യേകം പ്രീമിയം അടയ്ക്കണമെന്നതും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
കണ്ണൂരില്‍ എ.കെ.ജി. സഹകരണ ആശുപത്രി, അഞ്ചരക്കണ്ടിയിലെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, കാസര്‍കോട് ജില്ലയില്‍ നീലേശ്വരത്തെ തേജസ്വിനി സഹകരണ ആശുപത്രി എന്നിവയാണ് മെഡിസെപ് പദ്ധതിയില്‍ എംപാനല്‍ ചെയ്തിട്ടുള്ളത്. ഇതിനു പുറമെ കണ്ണൂരില്‍ ഡോ. ബിനൂസ് സണ്‍റൈസ് കണ്ണാശുപത്രിയും കാസര്‍കോട്ടെ എം.എ.എം. കോംട്രസ്റ്റ് കണ്ണാശുപത്രിയും എംപാനല്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്തും കൊല്ലത്തും 12 വീതവും എറണാകുളത്ത് 10-ഉം കോഴിക്കോട്, പത്തനംതിട്ട, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ എട്ടുവീതവും ആശുപത്രികളെയാണ് പദ്ധതിയുടെ ഭാഗമാക്കിയത്. ഗവ.മെഡിക്കല്‍ കോളേജെന്ന നിലയില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും മെഡിസെപ് ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമുള്ള സൗജന്യചികിത്സ ലഭ്യമാകും. ഇപ്പോള്‍ എംപാനല്‍ ചെയ്ത ആശുപത്രികളുടെ പട്ടികയില്‍ സ്വകാര്യ-സഹകരണ ആശുപത്രികള്‍ മാത്രമേയുള്ളൂ.
ചികിത്സാസൗജന്യം ഫലത്തില്‍ പരിമിതപ്പെടുത്തുകയാണെന്നും ചില ആശുപത്രികളോട് പ്രത്യേക താത്പര്യം കാണിക്കുകയാണെന്നും ആരോപണമുണ്ട്. നിലവില്‍ മെഡിക്കല്‍ റി-ഇംബേഴ്സ്മെന്റ് സൗകര്യമുള്ള ആശുപത്രികളെ മെഡിസെപ്പില്‍ എംപാനല്‍ ചെയ്യാത്തതിനെതിരേയും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. കണ്ണൂരില്‍ നിലവില്‍ കൊയിലി, തലശ്ശേരിയിലെ സഹകരണ ആശുപത്രി, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി എന്നിവയും കാസര്‍കോട്ടെ മാലിക്ദീനാര്‍ ആശുപത്രിയും മെഡിക്കല്‍ റി-ഇംബേഴ്സ്മെന്റ് പദ്ധതിയുടെ പാനലിലുണ്ടായിരുന്നു.
24 മണിക്കൂറോ അതിലധികമോ കിടത്തിച്ചികിത്സിക്കുന്നതിനാണ് മെഡിസെപ് പദ്ധതി ബാധകമാവുക. ഒ.പി ചികിത്സയാണെങ്കില്‍ സൗജന്യം ബാധകമാവുക ശ്രീചിത്ര, ആര്.സി.സി., എം.സി.സി.യടക്കമുള്ള സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും മാത്രമാണ്. അപകടം, അടിയന്തരമായി ചെയ്യേണ്ട ശസ്ത്രക്രിയ എന്നിവ മറ്റ് ആശുപത്രികളില്‍ നിന്നു ചെയ്യേണ്ടിവന്നാല്‍ നിലവിലുള്ളതുപോലെ റി-ഇംബേഴ്സ് ചെയ്യാന്‍ സംവിധാനമുണ്ടാകുമെന്നാണ് ഉത്തരവില്‍ പറയുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)