
പഠാന്‍കോട്ട്: കത്വ പീഡനക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്ക് പഠാന്‍കോട്ട് ജില്ലാ സെക്ഷന്‍ കോടതി ശിക്ഷ വിധിച്ചു. മുഖ്യപ്രതികളായ മൂന്ന് പേര്‍ക്ക് ജീവപര്യന്തവും മറ്റ് മൂന്ന് പേര്‍ക്ക് അഞ്ച് വര്‍ഷം കഠിന തടവുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പഠാന്‍കോട്ട് അതിവേഗകോടതിയിലെ ജില്ലാ സെഷന്‍സ് ജഡ്ജി തേജ്വീന്ദര് സിംഗാണ് കേസില്‍ വിധി പറഞ്ഞത്. വിധിപ്രസ്താവനത്തിന് മുന്നോടിയായി കോടതിയ്ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ആസൂത്രണം ചെയ്ത ക്ഷേത്ര പൂജാരി സാഞ്ജി റാ൦, പര്‍വേഷ് കുമാര്‍ അഥവാ മന്നു, ദീപക് ഖജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്ത൦. ആനന്ദ് ദത്ത, സബ് ഇന്‍സ്പെക്ടര്‍ സുരേന്ദര്‍ വെര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവര്‍ക്കാണ് അഞ്ച് വര്‍ഷം കഠിന തടവ്. സുരേന്ദര്‍ വെര്‍മ, തിലക് രാജ് എന്നിവര്‍ക്ക് സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതിനാണ് ശിക്ഷ നല്‍കിയിരിക്കുന്നത്.
കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ വിളിച്ചുവരുത്തിയെന്ന് പ്രോസിക്യൂഷന് ആരോപിച്ച സാഞ്ചി റാമിന്റെ മകന് വിശാലിനെയും പ്രായപൂര്‍ത്തിയാകാത്ത മരുമകനെയും കോടതി നേരത്തെ കുറ്റവിമുക്തരാക്കിയിരുന്നു.
2018 ജനുവരി 10-ന് ആയിരുന്നു കത്വായിലെ രസന ഗ്രാമത്തിലെ എട്ട് വയസ്സുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സഞ്ജി റാമിന്റെ മരുമകനും, കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയും ആയ ആണ്‍കുട്ടിയായിരുന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് തുടര്‍ച്ചയായി ഏഴ് ദിവസത്തോളം പെണ്‍കുട്ടിയെ അതി ക്രൂരമായ ബലാത്സംഗങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു. മയക്കുമരുന്ന് നല്‍കിയായിരുന്നു പീഡനം.
പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതും അതി ക്രൂരമായിട്ടായിരുന്നു. ആദ്യം കഴുത്തൊടിച്ചും പിന്നീട് കഴുത്തില്‍ ഷാള്‍ മുറുക്കിയും കൊലപ്പെടുത്തി. മരണം ഉറപ്പാക്കാന്‍ തലയില്‍ കല്ലുകൊണ്ട് അടിക്കുകയും ചെയ്തു.
നാടോടി മുസ്ലീങ്ങളായ ബക്കര്‍വാള്‍ വിഭാഗത്തില്‍ പെടുന്ന പെണ്‍കുട്ടിയാണ് ക്രുരമായ ആക്രമണങ്ങള്‍ക്കൊടുവില്‍ കൊല്ലപ്പെട്ടത്. വര്‍ഗ്ഗീയ ചിന്തയോടെ ആയിരുന്നു ഒന്നാം പ്രതി സഞ്ജി റാം ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തത് എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഉത്തര്‍ പ്രദേശിലെ മീററ്റില്‍ പഠിക്കുകയായിരുന്ന സഞ്ജി റാമിന്റെ മകന് വിശാല്‍ ഗംഗോത്രെ ഫോണില്‍ വിളിച്ചുവരുത്തിയാണ് കാമപൂര്‍ത്തീകരണത്തിന് അവസരം ഒരുക്കിയത് എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ വിശാല്‍ ഗംഗോത്രിയെ കോടതി വെറുതേ വിടുകയായിരുന്നു.
കുറ്റപത്രം കത്വ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരു കൂട്ടം അഭിഭാഷകര്‍ അനുവദിക്കാതെ വന്നതോടെ സുപ്രിം കോടതിയാണ് വിചാരണ പഠാന്‍കോട്ടിലെ അതിവേഗ കോടതിയിലേക്ക് മാറ്റിയത്. 275 തവണ നടന്ന ഹിയറിംഗില്‍ 132 സാക്ഷികളെ വിസ്തരിച്ചു.
അതേസമയം, ശിക്ഷാവിധി തൃപ്തികരമല്ലെന്നും, അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷനും വ്യക്തമാക്കി. ഇത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന് വാദിച്ചത്. എന്നാല്‍ രണ്ട് കാര്യങ്ങള്‍ പരിഗണിച്ചാണ് പഠാന്‍കോട്ട് സെഷന്‍സ് കോടതിയുടെ വിധി. പ്രതികള്‍ ഇതിന് മുന്‍പ് ക്രിമിനല്‍ കേസുകളില്‍ പ്രതികളായിട്ടില്ല. ഇതോടൊപ്പം ഇവര്‍ക്ക് മനംമാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയ കോടതി പരാമാവധി ശിക്ഷ നല്കാന് മടിച്ചു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)