
വാഷിങ്ടണ്‍: ഇറാനും അമേരിക്കയുമായുള്ള സംഘര്‍ഷം മൂര്‍ഛിക്കവേ അത്യാവശ്യമല്ലാത്ത സര്‍ക്കാര്‍ ജീവനക്കാരോട് ഇറാഖ് വിടാന്‍ നിര്‍ദേശിച്ച് അമേരിക്ക. ജീവനക്കാരോട് വാണിജ്യ യാത്രാ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് എത്രയും പെട്ടെന്ന് ഇറാഖ് വിടാനാണ് അമേരിക്ക ബഗ്ദാദിലെ എംബസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇറാന് പിന്തുണയുള്ള ശക്തികള്‍ ഇറാഖിലെ അമേരിക്കന്‍ സേനയ്ക്ക് വലിയ ഭീഷണി സൃഷ്ടിക്കുന്നതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ചൊവ്വാഴ്ച്ച പ്രസ്താവിച്ചിരുന്നു. ഇറാഖിലെയും അമേരിക്കയിലെയും യുസ് സഖ്യ സൈന്യം അതീവ ജാഗ്രത പാലിക്കുന്നതായും അറിയിച്ചിരുന്നു. വിമാനവാഹിനിക്കപ്പലും ബോംബറുകളും ഉള്‍പ്പെടെ വന്‍ സൈനിക വ്യൂഹത്തെ അമേരിക്ക ഗള്‍ഫ് മേഖലയില്‍ വിന്യസിച്ചുവരികയാണ്. ഇറാനില്‍ നിന്നുള്ള ഭീഷണി പ്രതിരോധിക്കാനാണ് ഇതെന്നാണ് അമേരിക്കയുടെ അവകാശവാദം.
ഗള്‍ഫിലെ സുരക്ഷാ ഭീഷണി പരിഗണിച്ച് ജര്‍മനിയും നെതര്‍ലന്‍ഡ്സും ഇറാഖിലെ സൈനിക പരിശീലനം റദ്ദാക്കി. ബഗ്ദാദിലെ യുഎസ് എംബസിയിലെയും ഇര്‍ബിലിലെ കോണ്‍സുലേറ്റിലെയും സാധാരണ വിസാ സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കും. അതു കൊണ്ട് തന്നെ ഇറാഖിലെ യു.എസ് പൗരന്മാര്ക്ക് അടിയന്തര സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തടസ്സം നേരിടുമെന്നും യുഎസ് സര്‍ക്കാര്‍ അറിയിച്ചു.
അതേ സമയം, ഇറാനില്‍ നിന്ന് പുതുതായി ഭീഷണിയൊന്നുമില്ലെന്നാണ് അമേരിക്കയുടെ സഖ്യകക്ഷികളായ ബ്രിട്ടന്റെയും ജര്‍മനിയുടെയും നിലപാട്. അതിനിടെ, പ്രതിസന്ധിക്ക് അയവ് വരുത്തുന്നതിന്റെ ഭാഗമായി ഖത്തര്വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആല്‍ഥാനി ഇറാന് വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)