
ന്യൂഡല്‍ഹി: ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തിക്കപ്പുറത്തെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ സേന. 21 മിനിറ്റ് നീണ്ടു നിന്ന പ്രത്യാക്രമണമാണ് വ്യോമാക്രമണത്തിലൂടെ അതിര്‍ത്തിയിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തത്. ആക്രണം ഇന്ത്യ സ്ഥിരീകരിച്ചു.
ഇന്ത്യന്‍ വ്യോമ സേനയുടെ 12 മീറാഷ് യുദ്ധ വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. പാക്ക് അധീന കാശ്മീരിലെത്തിയ സേന ഭീകര ക്യാമ്പുകള്‍ തകര്‍ത്ത് ഇന്ത്യയില്‍ തിരിച്ചെത്തിയെന്നും, 1,000 കിലോ ഗ്രാം ബോംബുകള്‍ വര്‍ഷിച്ചെന്നുമാണ് റിപ്പോര്‍ട്ട്. മുസാഫറാബാദിന് 24 കിലോമീറ്റര്‍ വടക്കു പടിഞ്ഞാറ് ബാലാകോട്ടില്‍ പുലര്‍ച്ചെ 3.45 നും 3.53 നും ഇടയിലാണ് ആക്രമണം നടത്തിയത്. ജയ്ഷെ മുഹമ്മദ്, ലഷ്കറെ തയിബ, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ എന്നീ പാക് ഭീകരസംഘടനകളുടെ സംയുക്ത പരിശീലന ക്യാംപുകളാണ് ഇവിടെ തകര്‍ത്തത്. മുസാഫറാബാദില്‍ 3.48 മുതല്‍ 3.55 വരെയായിരുന്നു ആക്രമണം. ചകോതിയില്‍ 3.58 മുതല്‍ 4.04 വരെ ആക്രമണം നീണ്ടു.
ബാല്‍ക്കോട്ട്, ചാക്കോത്തി, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളാണ് തകര്‍ത്തത്. ജെയ്ഷെ ഇ മുഹമ്മദിന്റെ കേന്ദ്രങ്ങളും തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. പൂഞ്ച് മേഖലയ്ക്ക് അപ്പുറത്ത് കടന്ന് ലേസര്‍ ടെക്നോളജി ഉപയോഗിച്ച് ബോംബ് വര്‍ഷിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പാക് മണ്ണില്‍ കടന്നുകയറി ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തിന് ഉപയോഗിച്ചത് ലേസര്‍ ഗൈഡഡ് ബോംബുകളാണ്. അതീവ കൃത്യതയോടെ ലക്ഷ്യങ്ങള്‍ക്കു നേരെ ആക്രമണം നടത്തുന്നതിന് ശേഷിയുള്ളവയാണ് ലേസര്‍ ഗൈഡഡ് ബോംബുകള്‍.
പന്ത്രണ്ട് മിറാഷ് 2000 പോര് വിമാനങ്ങളില്‍ നിന്ന് ആയിരം കിലോയോളം ബോംബുകള്‍ ഭീകര കേന്ദ്രങ്ങളില്‍ സൈന്യം വര്‍ഷിച്ചു. വലിയ നാശനഷ്ടമാണ് ഭീകര കേന്ദ്രങ്ങളില്‍ ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് ഭീകരക്യാമ്പുകള്‍ പൂര്‍ണമായും നശിച്ചു. മുന്നൂറോളം പേര് കൊല്ലപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ മിന്നലാക്രമണം നൂറുശതമാനം വിജയമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. കാര്‍ഗില്‍ യുദ്ധത്തിനു ശേഷം ഇതു ആദ്യമായാണ് വ്യോമസേന ആക്രമണത്തിന് മിറാഷ് 2,000 പോര്‍വിമാനങ്ങള്‍ ഉപയോഗിക്കുന്നത്.
ഇന്ന് രാവിലെ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേര്‍ന്നിട്ടുണ്ട്. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, വിദേശ- ധന കാര്യമന്ത്രിമാര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, സേന മേധാവിമാര്‍ എന്നിവര്‍ അതില്‍ സംബന്ധിച്ചു. സാധാരണ നിലക്ക് ആ യോഗത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാറില്ല. ഇന്ന് പക്ഷെ യോഗം നടക്കുന്ന ഫോട്ടോ മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ എത്തിച്ചുകൊടുത്തു. ഒരു പദ്ധതി വിജയിച്ചതിന്റെ സൂചന അതിലുണ്ട്. മാത്രമല്ല ഇനി എന്ത് എന്നതാവും ഇന്നത്തെ സുരക്ഷാ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തത് എന്നും വ്യക്തം.
കഴിഞ്ഞ ഫെബ്രുവരി 14 നാണ് രാജ്യത്തെയാകെ ഞെട്ടിച്ചു കൊണ്ട് പുല്‍വാമയില്‍ സിആര്‍പിഫ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. പുല്‍വാമ ആക്രമണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് തിരിച്ചടിയെന്നത് ശ്രദ്ധേയമാണ്. 40-ലധികം സൈനികരാണ് അന്ന് മരിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്വം ജെയ്ഷെ ഇ മുഹമ്മദ് ഏറ്റെടുത്തിരിന്നു. ഇതിന് തിരിച്ചടിയെന്നോണമാണ് സൈന്യം അതിര്‍ത്തിയിലെത്തി ഭീകരസംഘങ്ങളുടെ ക്യാമ്പുകള്‍ തകര്‍ത്തത്. ഭീകരരെ നുഴഞ്ഞു കയറാന്‍ അനുവദിച്ചും അതിലുളള സാഹചര്യങ്ങള്‍ സൃഷ്ടിച്ചുമാണ് പാക്കിസ്താന് ഇന്ത്യയ്ക്കെതിരെ ആക്രമണം അഴിച്ചു വിടുന്നത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)