
ദുബായ്: യു.എ.ഇ സന്ദർശനത്തിന്റെ ഭാഗമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദുബായിലെത്തി. വിമാനത്താവളത്തിൽ ഇന്ത്യൻ സമയം ഒമ്പത് മണിയോടെ ഇറങ്ങിയ രാഹുലിനെ കോൺഗ്രസ് നേതാക്കളും പ്രവാസി പ്രവർത്തകരും ചേർന്ന് ഉജ്ജ്വല സ്വീകരണം ഒരുക്കിയിരുന്നു. കെഎംസിസി-യുടെയും ഒഐസിസി-യുടെയും പ്രവർത്തകരായ മലയാളികളായിരുന്നു രാഹുൽഗാന്ധിയെ സ്വീകരിക്കാൻ എത്തിയവരിൽ ഭൂരിപക്ഷവും. ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസികളുമായി സംവദിക്കാനാണ് രാഹുൽഗാന്ധി യുഎഇ-യിൽ എത്തിയത്.
രാഹുൽഗാന്ധിയെ സ്വീകരിക്കാനായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും പി.കെ കുഞ്ഞാലിക്കുട്ടി എം.പി-യും അടക്കമുള്ള നേതാക്കളും ഉണ്ടായിരുന്നു. പ്രവർത്തകരുടെ ആവേശം ഏറ്റുവാങ്ങിയ രാഹുൽഗാന്ധി അവരെ ഒട്ടും നിരാശപ്പെടുത്താതെ അവരുടെ ആവേശത്തിനൊപ്പം നിന്നാണ് വിമാനത്താവളത്തിൽ നിന്നും താമസസ്ഥലത്തേക്ക് നീങ്ങിയത്. രാഹുലിനെ വരവേൽക്കുന്ന പ്ലക്കാർഡുകൾ ഏന്തിയാണ് ആളുകൾ എത്തിയത്. ചുറ്റും കൂടിയ പ്രവർത്തകർക്കൊപ്പം നിന്ന് സെൽഫി എടുക്കാനും രാഹുൽഗാന്ധി സമയം കണ്ടെത്തി.
കോൺഗ്രസ് നേതാക്കളായ കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി, എം.കെ രാഘവൻ എം.പി, ആന്റോ ആൻറണി എം.പി, മുൻ കെപിസിസി അധ്യക്ഷൻ കെ. മുരളീധരൻ, മുന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, തൃശൂർ ഡിസിസി പ്രസിഡന്റ് ടി.എന് പ്രതാപന്, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാൻ രണ്ടത്താണി, അഡ്വ. എൻ ശംസുദ്ദീൻ എംഎൽഎ, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങിയ നേതാക്കളും യുഎഇ-യിൽ എത്തിയിട്ടുണ്ട്.
പന്ത്രണ്ടാം തീയതി ദുബായിലെയും അബുദാബിയിലെയും ഇന്ത്യൻ ബിസിനസ് കൂട്ടായ്മകൾ ഒരുക്കുന്ന 2 സംഗമങ്ങളിലും രാഹുൽഗാന്ധി മുഖ്യാതിഥിയായി സംബന്ധിക്കും. ഇതോടൊപ്പം ഇന്ത്യക്കാരായ തൊഴിലാളികളുമായി രാഹുൽഗാന്ധി ആശയവിനിമയം നടത്തുകയും, അധ്യാപകർ, വിദ്യാർഥികൾ, യുവാക്കൾ, കുടുംബങ്ങൾ എന്നിവരുമായി രണ്ട് ദിവസത്തെ സന്ദർശനത്തിൽ രാഹുൽഗാന്ധി കൂടിക്കാഴ്ചയും നടത്തും. വെള്ളിയാഴ്ച വൈകിട്ട് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുത്ത് അദ്ദേഹം പ്രവാസികളെ സംബോധന ചെയ്യും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)