
ഒരു കാര്യവുമില്ലാതെയാണ് ഇന്നലെ ശബരിമല കർമസമിതി എന്നപേരിൽ പരിവാർ സംഘടനകൾ ഒരു ഹർത്താൽ നടത്തിയത്. വേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ പോലീസിന് കഴിയാതിരുന്നതു കൊണ്ട് കേരളം ഒരു കലാപഭൂമിയായി. ഈ നില തുടർന്നാൽ നമ്മുടെ നാട് എന്താകുമെന്ന് പറയാൻ പറ്റില്ല. വാശികൾ എന്നും നാശത്തിൽ മാത്രമേ അവസാനിച്ചിട്ടുള്ളൂ.
മാധ്യമങ്ങളാണ് ബിജെപിയെ കേരളത്തിലെ വളരെ പ്രധാനമായ ഒരു കക്ഷിയായി അവതരിപ്പിച്ചത്. കഴിഞ്ഞ കുറെ കൊല്ലങ്ങളായി ദൃശ്യമാധ്യമങ്ങൾ കാണുന്ന ആർക്കും ബോധ്യമാകുന്ന ഒരു കാര്യമുണ്ട്. സിപിഎം കഴിഞ്ഞാൽ ഇവർ എന്നും രണ്ടാമത്തെ സ്ഥാനത്ത് നിർത്തിയത് ബിജെപിയെ ആണ്. ഏതു ചർച്ചയിലും ബിജെപി ഒരു അവിഭാജ്യ ഘടകമായിരുന്നു. യുഡിഎഫിനെക്കാളും ദൃശ്യമാധ്യമങ്ങൾ ഇടം നൽകിയത് ബിജെപിക്കാർക്കാണ്. എൽഡിഎഫിൽ സിപിഎം ഒഴിച്ച് മറ്റ് പാർട്ടികളെയൊക്കെ മാധ്യമങ്ങൾ തീരെ അവഗണിച്ചു. യുഡിഎഫിൽ കോൺഗ്രസിലെ ഒരാളെ വിളിച്ച്, മറ്റു പാർട്ടികളെയെല്ലാം തീരെ അവഗണിച്ചു.
കേരളത്തിലെ രാഷ്ട്രീയം സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഒരു ദ്വന്ദ്വയുദ്ധമാണ് എന്ന് വരുത്തിത്തീർക്കാൻ ദൃശ്യമാധ്യമങ്ങൾ ശ്രമം തുടങ്ങിയിട്ട് മൂന്നാല് കൊല്ലങ്ങളായി. ഇതുവഴി ബാക്കി രാഷ്ട്രീയ പാർട്ടികളൊക്കെ കൃമികീടങ്ങളാണ് എന്ന് വരുത്തിത്തീർക്കാനാണ് മാധ്യമങ്ങൾ ശ്രമിച്ചത്. മാധ്യമപ്രവർത്തകരിൽ ഒട്ടുമിക്കപേരും സിപിഎമ്മുകാരോ, പ്രത്യക്ഷത്തിൽ സിപിഎം ആയി നിന്ന്, ഉള്ളിൽ പരിവാർ മനസ്സുകൊണ്ട് നടക്കുന്നവരോ ആയതുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിച്ചത്. ഏതായാലും സിപിഎം-ബിജെപി എന്ന ഒരു ദ്വന്ദ്വം സൃഷ്ടിക്കാൻ മാധ്യമങ്ങൾ വല്ലാതെ ശ്രമിച്ചിരുന്നു.
ഇന്നലത്തെ ഹർത്താലിൽ മാധ്യമപ്രവർത്തകർക്ക് നന്നായി കിട്ടിയിരിക്കുന്നു. മർദ്ദനം കിട്ടിയ മാധ്യമപ്രവർത്തകർ മനുഷ്യരാണല്ലോ. ജീവിക്കാൻ വേണ്ടി പണിയെടുക്കുന്നവരും. അതുകൊണ്ട് സഹതാപമുണ്ട്. എന്നാൽ ഒരു വർഗ്ഗത്തിന്റെ പ്രതിനിധികൾ എന്ന നിലയ്ക്ക് അവർക്ക് കിട്ടേണ്ടത് കിട്ടി എന്ന് പറയേണ്ടി വന്നതിൽ വിഷമമുണ്ട്. കാവ്യനീതി എന്നൊന്നുണ്ടല്ലോ...
-അഡ്വ.സൈദാലിക്കുട്ടി-
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)