
ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാളത്തിൻറെ പ്രകൃതി നടൻ എന്ന വിശേഷണം കരസ്ഥമാക്കിയ നായക നടനാണ് ഫഹദ് ഫാസിൽ. കൈയ്യെത്തും ദൂരത്ത് എന്ന പടത്തിലെ ദുരന്ത അഭിനയത്തിന് ശേഷം വെള്ളിത്തിരയിൽ നിന്നും പിൻവലിഞ്ഞ ഫഹദിൻറെ രണ്ടാംവരവ് പലരെയും ഞെട്ടിച്ചു കൊണ്ടായിരുന്നു. ചാപ്പാ കുരിശ്, 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്ലേസ്... അങ്ങനെ ഒരു പിടി നല്ല ചിത്രങ്ങളിലെ അത്യുഗ്രൻ പ്രകടനങ്ങൾ. ഫാസിൽ എന്ന ചലച്ചിത്രകാരൻ മലയാള സിനിമയ്ക്ക് നൽകിയ ഏറ്റവും വലിയ വാഗ്ദാനം മോഹൻലാൽ എന്ന നടനെയല്ല, അത് ഫഹദ് ഫാസിൽ എന്ന മകനെ മലയാളസിനിമയ്ക്ക് സമ്മാനിച്ചതാണെന്ന് ഫഹദ് തിരുത്തി പറയിച്ചു. ഫഹദിന്റെ പ്രകൃതി നടനെന്ന പട്ടത്തിലേക്കുള്ള വഴി തുടങ്ങുന്നത് ദിലീഷ് പോത്തൻ സംവിധാനം നിർവഹിച്ച മഹേഷിന്റെ പ്രതികാരം ആയിരുന്നെങ്കിലും സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച ഒരു പ്രണയകഥയിലെ അയ്മനം സിദ്ധാർത്ഥൻ എന്ന യുവ രാഷ്ട്രീയ നേതാവ് ഫഹദിൻറെ സ്വാഭാവികാഭിനയ പാടവത്തിലെ നാഴികക്കല്ലായിരുന്ന കഥാപാത്രമായിരുന്നു എന്ന് തന്നെ പറയാം. ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം സത്യൻ അന്തിക്കാടും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷക പ്രതീക്ഷകൾ കുറച്ചൊന്നുമായിരിക്കില്ലല്ലോ. അതുല്യ ചലച്ചിത്രകാരൻ ശ്രീനിവാസന്റെ തിരക്കഥ കൂടിയാകുമ്പോഴോ...? ഞാന്‍ പ്രകാശൻ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നോ എന്ന് നമുക്കൊന്ന് നോക്കാം...
ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച കോമഡി-ഡ്രാമ മലയാള ചിത്രമാണ് ഞാൻ പ്രകാശൻ. എസ്.കുമാർ ചായാഗ്രഹണവും രാജഗോപാല്‍ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. ഷാൻ റഹ്മാനാണ് ഞാൻ പ്രകാശനിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. പാട്ടുകളൊന്നും മോശം എന്ന് പറയാനുള്ള തരത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും, പഴയ സത്യൻ അന്തിക്കാട് ചിത്രങ്ങളിലെ മനോഹര ഗാനങ്ങളുടെ നിലവാരത്തിൽ എത്തിയോ എന്ന് സംശയമാണ്. മനസ്സിൽ തങ്ങി നിൽക്കാനുള്ള ശക്തി ഞാൻ പ്രകാശനിലെ ഗാനങ്ങൾക്ക് ഉണ്ടായിരുന്നില്ല എന്നാണ് എൻറെ വ്യക്തിപരമായ അഭിപ്രായം. പക്ഷേ പാട്ടുകളൊന്നും സിനിമയുടെ ഒഴുക്കിനെ യാതൊരു തടസ്സവുമുണ്ടാക്കിയില്ല.
പ്രകാശൻ എന്ന ഒരു നാട്ടിൻപുറത്തുകാരന്റെ മാത്രം കഥയാണ് ഞാൻ പ്രകാശന്. സിനിമ സഞ്ചരിക്കുന്നത് അയാളോടൊപ്പമാണ്. അയാളോടൊപ്പം മാത്രമാണ്. ചില്ലറ ഉഡായിപ്പുകളും ഒരു തനി നാട്ടിൻപുറത്തുകാരന്റെ അസൂയയും കുശുമ്പും വേണ്ടുവോളമുള്ള ഒരു കഥാപാത്രമാണ് പ്രകാശനും. നാട്ടിൽ ബെസര്‍പ്പിന്റെ അസുഖമുള്ള മലയാളികൾ, പ്രവാസത്തിൽ ചെന്നാൽ പട്ടിയെപ്പോലെ പണിയെടുക്കും എന്നു പറഞ്ഞതു പോലെയുള്ള ഒരു ടിപ്പിക്കൽ മലയാളി തന്നെയാണ് പ്രകാശനും. ഒരു മെയിൽ നഴ്സ് ആയ പ്രകാശന്, എല്ലാ ശരാശരി നാട്ടിൻപുറത്തെ ചെറുപ്പക്കാരെയും പോലെ വിദേശത്ത് ജോലി ചെയ്ത് കാശുകാരനാവണം എന്നത് തന്നെയായിരുന്നു മോഹം. തന്റെ പ്രകാശൻ എന്ന പഴഞ്ചൻ പേര് ഇഷ്ടപ്പെടാത്തത് കൊണ്ട് പി.ആര്. ആകാശ് എന്ന സ്വത്വം സ്വീകരിക്കുന്നു പ്രകാശൻ. ആശുപത്രിയിൽ നഴ്സ് ആയുള്ള തൻറെ ജോലിക്കിടയിൽ ഒരു പെൺകുട്ടിയെ ശുശ്രൂഷിക്കേണ്ടി വരുന്നത് പ്രകാശന്റെ ജീവിതത്തെ മാറ്റിമറിക്കുകയാണ്.
പ്രകാശന് എന്ന തനി നാട്ടിൻപുറത്തുകാരനെ ഗംഭീരമായി അവതരിപ്പിച്ച് ഫഹദ് ഫാസിൽ തന്റെ പ്രകൃതി നടൻ പട്ടം കാത്തു സൂക്ഷിച്ചിട്ടുണ്ട്. തൊണ്ണൂറുകളിലെ ലാലേട്ടനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഫഹദിൻറെ മാനറിസങ്ങൾ. തിയേറ്റർ വിട്ടുപോരുമ്പോൾ പ്രകാശനും കൂടെ പോരും എന്നത് തീർച്ച. ശ്രീനിവാസന്റെ ഗോപാല്‍ജിയുടെ നർമ്മങ്ങൾ സ്വതസിദ്ധമായ ചിരി പടർത്തും. ആദ്യാന്ത്യം പ്രകാശന്റെ കഥയായത് കൊണ്ട് തന്നെ നായികാപ്രാധാന്യം പറയാൻ തക്കതില്ല.. നിഖില വിമല്‍ (സലോമി), അഞ്ചു കുര്യൻ (ശ്രുതി) എന്നിവരാണ് പ്രധാന നായികമാർ. മീനൂട്ടിയെ അവതരിപ്പിച്ച പുതുമുഖ നടിയുടെ പേര് ഓർമ്മയില്ല, (ദേവിക സഞ്ജയ് ആണോ). കെപിഎസി ലളിത (പോളി) അനീഷ് ജി മേനോൻ, മഞ്ചു സുനിചന്, സബിത ആനന്ദ്, വീണ നായർ, ജയശങ്കർ, മഞ്ജുഷ, മഞ്ജുള, മുൻഷി ദിലീപ് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
നാട്ടിൻപുറത്തെ നന്മനിറഞ്ഞ മനസ്സുകളും സ്ഥിരം സന്ദേശം നൽകുന്ന ക്ലൈമാക്സുമുള്ള തനി സത്യൻ അന്തിക്കാട് ചിത്രം തന്നെയാണ് ഞാൻ പ്രകാശനും. പ്രേക്ഷകർ ഒരു സത്യൻ അന്തിക്കാട് സിനിമയിൽ നിന്നും എന്ത് പ്രതീക്ഷിക്കുന്നുവോ അത് കൃത്യമായി നൽകാൻ സത്യേട്ടന് ഇവിടെയും സാധിച്ചിട്ടുണ്ട്. ഒട്ടും ബോറടിപ്പിക്കാതെ പറഞ്ഞുപോകുന്ന ഒരു ഫീല്‍ ഗുഡ് എന്റര്‍ടൈനര്‍. ടിക്കറ്റ് പൈസ മുതലായി എന്ന് മനസ്സ് നിറഞ്ഞു കൊണ്ട് തന്നെ പ്രേക്ഷകന് തിയേറ്റർ വിടാം.
Rating….4/5
- റിയാസ് പുളിക്കൽ -
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)