.jpg)
വടക്കേ അമേരിക്കയിലെ മലയാള മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) മലയാളി മാധ്യമപ്രവർത്തകർക്ക് നൽകുന്ന മാധ്യമശ്രീ, മാധ്യമരത്ന ഉൾപ്പെടെയുള്ള 12 പുരസ്കാരങ്ങൾക്ക് അർഹതയുള്ളവരെ അഞ്ചംഗ ജൂറി തിരഞ്ഞെടുക്കുമെന്ന് പ്രസിഡൻറ് മധു കൊട്ടാരക്കര, സെക്രട്ടറി സുനിൽ തൈമറ്റം എന്നിവർ അറിയിച്ചു.
മാധ്യമ സാഹിത്യ രംഗത്തെ പ്രമുഖരായ ഡോ.ബാബുപോൾ, തോമസ് ജേക്കബ്, കെ എം റോയ്, ഡോ.എം വി പിള്ള, അലക്സാണ്ടർ സാം എന്നിവരാണ് ജൂറി അംഗങ്ങൾ.
എഴുത്തുകാരനും മികച്ച പ്രഭാഷകനുമായ ഡോ.ബാബുപോൾ കേരളത്തിൻറെ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി (ചീഫ് സെക്രട്ടറി റാങ്കിൽ) ആയിരുന്നു. ഇദ്ദേഹം തയ്യാറാക്കിയ വേദശബ്ദരത്നാകരം എന്ന് ബൈബിൾ വിജ്ഞാനകോശം രണ്ടായിരത്തിലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടുകയുണ്ടായി. മാധ്യമം പത്രത്തിൽ മധ്യരേഖ എന്ന പേരിൽ ഒരു പംക്തി ഏറെനാൾ ബാബുപോൾ കൈകാര്യം ചെയ്തിരുന്നു.
മാധ്യമപ്രവർത്തകർ ഗുരുതുല്യനായ കരുതുന്ന തോമസ് ജേക്കബ് ബ്രിട്ടണിലെ തോംസൺ ഫൗണ്ടേഷന്റെ പത്രപ്രവർത്തകർ പരിശീലനത്തിൽ ഒന്നാം റാങ്ക് നേടിയ വ്യക്തിയാണ്. മലയാള മനോരമയിൽ കാർട്ടൂണിസ്റ്റായി ചേർന്ന തോമസ് ജേക്കബ് പത്രത്തിന്റെ വാർത്താ വിഭാഗത്തിലെ തലവനായി വിരമിച്ചു. മനോരമയുടെ കോഴിക്കോട് പതിപ്പിൽ ന്യൂസ് എഡിറ്ററായിരുന്നു. കേരളാ പ്രസ് അക്കാദമിയുടെ ചെയർമാനായും പ്രവർത്തിച്ചു. മനോരമ പത്രത്തിൽ എഴുതിയ കഥക്കൂട്ട് എന്ന പ്രതിവാര പംക്തി ഏറെ പ്രശസ്തമാണ്. കഥക്കൂട്ട്, കഥാവശേഷര്, നാട്ടുവിശേഷം (ടി.വേണുഗോപാലുമായി ചേർന്ന്) എന്നിവ അദ്ദേഹത്തിന്റെ രചനകളാണ്.
പ്രശസ്ത മാധ്യമ പ്രവർത്തകനായ കെ എം റോയ് എറണാകുളം മഹാരാജാസ് കോളേജില് എം.എ വിദ്യാർഥിയായിരിക്കെ 1961-ല് കേരള പ്രകാശം എന്ന പത്രത്തിൽ സഹപത്രാധിപരായി മാധ്യമ ജീവിതത്തിനു തുടക്കം കുറിച്ചു. അതിനുശേഷം ദേശബന്ധു, കേരളഭൂഷണം എന്നീ പത്രങ്ങളിൽ പ്രവർത്തിച്ചു. എക്കണോമിക് ടൈംസ്, ദ ഹിന്ദു തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം യു എൻ ഐ വാർത്താ ഏജൻസിയിലും പ്രവർത്തിച്ചു. മംഗളം ദിനപത്രത്തിലെ ജനറൽ എഡിറ്റർ പദവിയിലിരിക്കെ സജീവ പത്രപ്രവർത്തന രംഗത്ത് നിന്ന് വിരമിച്ചു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി മംഗളം വാരികയിൽ എഴുതിയ ഇരുളും വെളിച്ചവും വായനക്കാരുടെ ഇഷ്ടപംക്തി ആണ്. കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡൻറായി 2 തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിംഗ് ജേണലിസ്റ്റ് സെക്രട്ടറി ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട നിരവധി അവാർഡുകൾ റോയ് കരസ്ഥമാക്കിയിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ടിലേറെ മുഖ്യധാരാ മാധ്യമ രംഗത്ത് പ്രവർത്തിച്ച അലക്സാണ്ടർ സാം, ദീപികയുടെ എക്സിക്യൂട്ടീവ് എഡിറ്റർ ആയിരുന്നു. മലയാളത്തിലെ ആദ്യ ഓൺലൈൻ പതിപ്പിന് ദീപിക തുടക്കമിടുമ്പോൾ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത് അലക്സാണ്ടർ സാമായിരുന്നു. രാഷ്ട്രദീപിക തുടക്കമിട്ടതും അലക്സാണ്ടർ സ്വാമിന്റെ ചുമതലയിലായിരുന്നു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് അധ്യാപകനായി കരിയർ ആരംഭിച്ച അലക്സാണ്ടർ സാം, ഇപ്പോൾ സീനിയർ ജേർണലിസ്റ്റ്സ് ഫോറം തൃശൂർ ജില്ലാ പ്രസിഡന്റായി പ്രവർത്തിക്കുന്നു.
ലോകപ്രശസ്ത ക്യാൻസർ രോഗ വിദഗ്ധനും ഇന്ത്യാ പ്രസ് ക്ലബ്ബിന് മെഡിക്കൽ ജേണലിസം ടീമിൻറെ ചെയർമാനുമായ ഡോ.എം വി പിള്ള തികഞ്ഞ ഒരു ഭാഷാസ്നേഹി കൂടിയാണ്. മലയാള മനോരമയിലെ ക്ഷണിക്കപ്പെട്ട കോളമിസ്റ്റ് കൂടിയായ ഡോ.എം വി പിള്ളയെയാണ് കേരളത്തിലെ സ്വപ്നപദ്ധതിയായ വൈറോളജി സെന്റർ പടുത്തുയർത്താൻ ഗവൺമെൻറ് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിവിധ വിഷയങ്ങളെ ആസ്പദമാക്കി മാതൃഭൂമിയിലും കേരളാ ശബ്ദത്തിലും വരാറുള്ള ലേഖനങ്ങളിൽ പലതും ജനശ്രദ്ധയാകർഷിച്ചിട്ടുള്ളതാണ്.
2018 നവംബർ 30 വരെയാണ് നോമിനേഷനുകൾ സ്വീകരിക്കുന്നത്. മികച്ച മാധ്യമ പ്രവർത്തകരെ നോമിനേറ്റ് ചെയ്യാൻ പൊതുജനങ്ങൾക്കും അവസരമുണ്ട്. കൂടുതൽ വിവരങ്ങൾ www.pressclub.org -ല് ലഭ്യമാണ്. മലയാളി മാധ്യമ പ്രവർത്തകർക്ക് ഇന്ത്യാ പ്രസ് ക്ലബ് നൽകുന്ന പുരസ്കാരങ്ങൾ 2019 ജനുവരി 13 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കൊച്ചിയിലെ ബോൾഗാട്ടി പാലസ് ഹോട്ടലിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ വെച്ച് വിതരണം ചെയ്യുമെന്ന് മാധ്യമശ്രീ പുരസ്കാര കമ്മിറ്റി ചെയർമാൻ മാത്യു വർഗീസ്, ചീഫ് കൺസൽട്ടൻറ് ജോർജ് ജോസഫ് എന്നിവർ പറഞ്ഞു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)