
കോഴിക്കോട് നടന്ന യുവമോർച്ച യോഗത്തിൽ പി.എസ്. ശ്രീധരൻപിള്ള സംസാരിച്ചതിന്റെ ശബ്ദരേഖയിലൂടെ, ശബരിമലയെ കലാപ ഭൂമിയാക്കാനുള്ള ബിജെപി-യുടെ ഗൂഢപദ്ധതി പുറത്ത്. ശബരിമല പ്രശ്നം സുവർണ്ണാവസരം ആണെന്നും തങ്ങൾ മുന്നോട്ട് വെച്ച അജണ്ടയിൽ ഇതുവരെ ഓരോരുത്തരായി വീണുവെന്നും ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. ശബരിമല നട അടച്ചിടുമെന്ന് തന്ത്രി പ്രഖ്യാപിച്ചത് തന്നോട് ആലോചിച്ചിട്ട് ആണെന്നും അത് കോടതിയലക്ഷ്യം ആകില്ലേയെന്ന് തന്ത്രി ചോദിച്ചപ്പോൾ അതിന് താൻ തന്ത്രിക്ക് ഉറപ്പു നൽകിയെന്നും, കോടതിയലക്ഷ്യം നിലനിൽക്കില്ലെന്ന് മറുപടി നൽകിയപ്പോഴാണ് നട അടച്ചിടുമെന്ന് തീരുമാനമെടുത്തതെന്നും ശ്രീധരൻപിള്ള വെളിപ്പെടുത്തി.
'അന്ന് ശബരിമലയിൽ യുവതികൾ എത്തിയപ്പോൾ തന്ത്രി മറ്റൊരു ഫോണിൽ എന്നോട് സംസാരിച്ചു. തന്ത്രി അപ്പോൾ അസ്വസ്ഥനായിരുന്നു. നടയടച്ചിട്ടാൽ കോടതിയലക്ഷ്യം ആവില്ലേയെന്ന് തന്ത്രി ചോദിച്ചു. തിരുമേനി ഒറ്റയ്ക്കല്ല, കോടതിയലക്ഷ്യം നിലനിൽക്കില്ലെന്ന് ഞാൻ പറഞ്ഞു. കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കിൽ ആദ്യം ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. പതിനായിരക്കണക്കിന് ആളുകളും കൂടെയുണ്ടാകും. തിരുമേനി ഒറ്റക്കല്ല എന്ന ഒറ്റവാക്ക് മതി എന്നു പറഞ്ഞാണ് നട അടച്ചിടുമെന്ന് ദൃഢമായ തീരുമാനം തന്ത്രി എടുത്തത്. ആ തീരുമാനമാണ് പോലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത് - ശ്രീധരൻ പിള്ള പറഞ്ഞു.
ശബരിമലയിൽ തിങ്കളാഴ്ച വീണ്ടും നട തുറക്കുമ്പോൾ യുവതികൾ കയറിയാൽ തന്ത്രി അതേപോലെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്നെ ഒന്നാംപ്രതിയും തന്ത്രിയെ രണ്ടാം പ്രതിയുമാക്കി കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യുകയാണ് സിപിഎമ്മുകാർ. അന്ന് ഞാൻ തന്ത്രിയോട് പറഞ്ഞത് അറംപറ്റിയ പോലെയായി. എല്ലാം ഭഗവാന്റെ നിശ്ചയമാണ്. ഞാനും തന്ത്രിയും കോടതിയലക്ഷ്യത്തിന് പ്രതിയാക്കപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഒന്നുകൂടി ഉയർന്നിരിക്കുന്നു എന്നതാണ് വസ്തുതയെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.
ശബ്ദരേഖ പുറത്തുവന്നതോടെ തന്ത്രിയും ബിജെപി-യും തമ്മിലുള്ള ഗൂഢാലോചന തെളിഞ്ഞെന്നും, വിശ്വാസത്തിന്റെ മറവിൽ കലാപത്തിന് കോപ്പു കൂട്ടാനുള്ള ബിജെപി-യുടെ ഗൂഢനീക്കമാണ് ഇപ്പോൾ തെളിവടക്കം പുറത്തായിരിക്കുന്നത് എന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)