
നിലയ്ക്കല്‍: നിലയ്ക്കലില്‍ ശബരിമല സംരക്ഷണ സമിതിയുടെ സമരപ്പന്തല്‍ പോലീസ് പൊളിച്ചുനീക്കി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് എ.ഡി.ജി.പി അനന്തകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് സമരപ്പന്തല്‍ പൊളിച്ചു നീക്കിയത്. പന്തല്‍ പൊളിക്കുന്നത് തടയാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തിവീശി. തുടര്‍ന്ന് സമരക്കാര്‍ ചിതറിയോടി. തുലാമാസ പൂജകള്‍ക്കായി നട ഇന്ന് വൈകിട്ട് തുറക്കാനിരിക്കെ ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന സ്ത്രീകളെ തടയുന്നതിന് വേണ്ടി നിലയ്ക്കലില്‍ ശബരിമല സംരക്ഷണ സമിതി ഒരുക്കിയിരുന്ന സമരപ്പന്തലാണ് പൊലീസ് പൊളിച്ചു നീക്കിയത്.
സ്വകാര്യ വാഹനങ്ങള്‍ ഒന്നും തന്നെ പമ്പയിലേക്ക് കടത്തി വിടുന്നില്ല. അതേസമയം കെ.എസ്.ആര്.ടി.സി ബസുകള്‍ പമ്പ വരെ സര്‍വീസ് നടത്തുന്നുണ്ട്. നിലയ്ക്കലില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് സുരക്ഷ ശക്തമാക്കി. ഇന്നലെ രാത്രി നിലയ്ക്കലില്‍ വാഹനം തടഞ്ഞ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തീര്‍ത്ഥാടകരെ ഇന്നുച്ചയ്ക്കു ശേഷമേ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ. യുവതികള്‍ എത്തിയാല്‍ നല്‍കേണ്ട സുരക്ഷയെപ്പറ്റി എ.ഡി.ജി.പി-യുടെ നേതൃത്വത്തിലുളള ഉന്നതതല യോഗം ചര്‍ച്ച ചെയ്തു. അതിനിടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് സന്നിധാനത്തെത്തി. 11 മണിക്ക് അവലോകന യോഗം ചേരും. ശബരിമലയിലെ ഒരുക്കങ്ങള്‍ മന്ത്രി വിലയിരുത്തും.
ആര്‍ക്കും ശബരിമലയില്‍ പോകാം, തടഞ്ഞാല്‍ നടപടി എടുക്കുമെന്ന് ഡി.ജി.പി പറഞ്ഞു. ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ ആരും തടയില്ലെന്നും തടഞ്ഞാല്‍ അത് ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കുകയാണ് പൊലീസിന്റെ ജോലി. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഡി.ജി.പി പറഞ്ഞു. ഐ.ജി മനോജ് എബ്രഹാം ശബരിമലയില്‍ എത്തിയിട്ടുണ്ട്. ദര്‍ശനത്തിന് എത്തുന്ന സ്ത്രീകള്‍ക്ക് പൂര്‍ണ സംരക്ഷണം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ആരെയും തടയാന്‍ അനുവദിക്കില്ല. ഏത് സാഹചര്യവും നേരിടാന്‍ പൊലീസ് സജ്ജമാണ്. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും മനോജ് എബ്രഹാം പറഞ്ഞു.
അതിനിടെ, ശബരിമല ദര്‍ശനത്തിനെത്തിയ അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വറിനെയും മുത്തശി ദേവകി അന്തര്‍ജനത്തെയും നിലയ്ക്കലില്‍ തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇവര്‍ക്കൊപ്പം നൂറോളം ഭക്തരും വാഹനങ്ങളില്‍ പമ്പയിലേക്ക് പോകാന്‍ ശ്രമിച്ചതാണ് പൊലീസുമായി വാക്കുതര്‍ക്കത്തിനും മറ്റും ഇടയാക്കിയത്. പിന്നീട് വാഹനം കടത്തിവിട്ടു. സന്നിധാനത്തേക്ക് യുവതികളെ പ്രവേശിപ്പിക്കാന്‍ തിടുക്കം കാട്ടുന്ന സര്‍ക്കാര്‍ 93 വയസുള്ള തന്റെ മുത്തശ്ശിയെ ശബരിമലയിലേക്കുള്ള പാതയില്‍ തടഞ്ഞത് സര്‍ക്കാര്‍ നയത്തിന്റെ ഉദാഹരണമാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
പുലര്‍ച്ചെ 3.30-ഓടെ ശബരിമലയിലേക്ക് വന്ന വാഹനങ്ങളെ സമരക്കാര്‍ തടഞ്ഞു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരും പൊലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. പൊലീസിനു നേരെ മുദ്രാവാക്യം വിളികള്‍ ഉണ്ടായതോടെ പ്രവര്‍ത്തകരില്‍ ചിലരെ പൊലീസ് സ്ഥലത്ത് നിന്ന് നീക്കി. സമര രീതി മാറിയതോടെ, രണ്ടു ബറ്റാലിയന് വനിതാ പൊലീസിനെ നിലയ്ക്കല്‍ വിന്യസിച്ചിട്ടുണ്ട്. തന്ത്രി കുടുംബത്തിന്റെ പ്രാര്‍ത്ഥനായജ്ഞം പമ്പയില്‍ നടക്കുന്നുണ്ട്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)