
ഇനി മിഠായി കണ്ടെത്തും കുട്ടികളിലെ പ്രമേഹം. കുട്ടികളിലെ പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിക്കാന്‍ സര്‍ക്കാരിന്റെ മിഠായി പദ്ധതി വരുന്നു. മുതിര്‍ന്നവരില്‍ കാണുന്ന ടൈപ്പ് ടു പ്രമേഹത്തേക്കാളും സങ്കീര്‍ണമാണ് കുട്ടികളിലേത്. കുട്ടികളിലെ പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ അപകടകരമാകുമെന്ന സാഹചര്യം മുന്‍നിര്‍ത്തിയാണ് പദ്ധതിയുമായി സാമൂഹ്യ സുരക്ഷാ മിഷന് രംഗത്തെത്തിയത്.
ടൈപ്പ് ഒന്ന് പ്രമേഹം ബാധിച്ചവര്‍ക്ക് ഇന്‍സുലിന്‍ പെന്‍, തുടര്‍ച്ചയായ പഞ്ചസാര നിരീക്ഷണം, ഇന്‍സുലിന്‍ പമ്പ് തുടങ്ങിയവ ഉപയോഗിച്ച് ആധുനിക ചികിത്സയും ആവശ്യമായ ആരോഗ്യ, ചികിത്സാ, ഭക്ഷണ ഉപദേശങ്ങളും പരിരക്ഷയും നല്കുന്ന സമഗ്ര പദ്ധതിയാണ് മിഠായി. പ്രമേഹം ബാധിച്ച് ഗുരുതരാവസ്ഥയിലായ പെരുമ്പാവൂരിനടുത്തുള്ള കുഞ്ഞ് ഫാത്തിമയുടെ അനുഭവമാണ് ഈ പദ്ധതിയുടെ പ്രേരകമായാത്.
കാലങ്ങളായി കുട്ടികള്‍ ഉപയോഗിച്ചിരുന്നത് കുപ്പികളില്‍ വരുന്ന വയല്‍ ഇന്‍സുലിന്‍ ആയിരുന്നു. സിറിഞ്ചും സൂചിയും ഉപയോഗിച്ച് എടുക്കേണ്ട ഇത് ഐസ് ബോക്സിലോ തെര്‍മോ ഫ്ലാസ്കിലോ വേണം സൂക്ഷിക്കാന്‍. സ്കൂളില്‍ പോകുന്നവര്‍ക്ക് ഇത് പ്രയാസമാണ്. മാത്രമല്ല ഇന്ജക്ഷന് എടുത്ത് 30- 35 മിനുട്ടിന് ശേഷമേ ആഹാരം കഴിക്കാവൂ. ഇത് ഒരുപാട് സമയനഷ്ടത്തിന് കാരണമാകും.
എന്നാല്‍, മിഠായി പദ്ധതിയില്‍ കുട്ടികള്‍ക്ക് നല്‍കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞുപോകാന്‍ സാധ്യത തീരെ കുറവുള്ളതും ഇന്ജെക്റ്റ് ചെയ്താല്‍ അഞ്ച് മിനിട്ടിനുള്ളില്‍ ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നതുമായ മരുന്നാണ്. പോക്കറ്റിലോ പെന്‍സില്‍ ബോക്സിലോ വെക്കാന്‍ കഴിയുന്ന അനലോഗ് ഇന്‍സുലിന്‍ ആണ് ഇത്. ഐസ് ബോക്സോ തെര്‍മോ ഫഌസ്കോ ആവശ്യമായി വരില്ല.
ശരീരത്തിന്റെ ഗ്ലൂക്കോസ് നില അറിയുന്നതിന് പ്രമേഹത്തിന്റെ തീവ്രത കുടുന്തോറും 20- 25 തവണ വരെ കുഞ്ഞുങ്ങളുടെ കൈ വിരലുകളില്‍ സൂചി കുത്തിയിറക്കേണ്ടിയിരുന്നു. മിഠായി പദ്ധതിയുടെ ഭാഗമായി നല്കുന്ന ബട്ടണ്‍ വലുപ്പത്തിലുള്ള സി ജി എം സെന്‍സര്‍ ശരീരത്തില്‍ ഘടിപ്പിച്ചാല്‍ ദിവസങ്ങളോളം തുടര്‍ച്ചയായി വേദനയോ രക്ത നഷ്ടമോ ഇല്ലാതെ റീഡറിലൂടെ തത്സമയ ഗ്ലൂക്കോസ്നില അറിയുവാന്‍ കഴിയും. ഉപയോഗശേഷം റീഡറില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം തുടര്‍ ചികിത്സ ക്രമീകരിക്കുവാനും കഴിയും.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)