
-ഫെബിനാ ഷാഫി
കീഴാറ്റൂരിൽ വയൽ നികത്തലിനെതിരെയുള്ള വയൽക്കിളികളുടെ സമരം ശക്തമായത് സർക്കാരിന്റെ അസഹിഷ്ണുത കൊണ്ടാണെന്ന് മുസ്ലീം ലീഗ് നിയമസഭാ കക്ഷി നേതാവ് ഡോ.എം.കെ മുനീർ എംഎൽഎ. "എതിർ ശബ്ദത്തെ അടിച്ചമർത്തുന്ന നയമാണ് കമ്മ്യൂണിസ്റ്റുകാർക്കുള്ളത്; അത് കീഴാറ്റൂരിലും തുടരുന്നു"-ഡോ:എം.കെ മുനീർ ന്യൂസ് അറ്റ് ഫസ്റ്റിനോട് പറഞ്ഞു.
കീഴാറ്റൂരിലെ സമരത്തെ താങ്കൾ എങ്ങനെ കാണുന്നു?
കമ്മ്യൂണിസത്തിന്റെ കേന്ദ്രീകൃത പരമാധികാരമാണ് കീഴാറ്റൂരിൽ കാണുന്നത്. അന്യന്റെ ശരി തെറ്റും, സ്വന്തം തെറ്റ് ശരിയുമായി കാണുന്ന അവസ്ഥയാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തരം പ്രവർത്തനശൈലിയാണ് പിന്തുടരുന്നത്. ഏകാധിപത്യത്തിന്റെ അപകടകരമായ മുഖമാണിത്. സോവിയറ്റ് യൂണിയനിൽ ഒരു കാലത്ത് സംഭവിച്ച ദുരന്തമാണിത്. ഇത് കേരളത്തിലും ആവർത്തിക്കുന്നു, ചരിത്രം ആവർത്തിക്കുന്നു.
വയൽക്കിളികളെ പിന്തുണയ്ക്കുകയാണോ?
ജനാധിപത്യത്തിൽ എതിർ ശബ്ദത്തിന് പ്രസക്തിയുണ്ട്. കേരളത്തിൽ എതിർശബ്ദങ്ങളെ അടിച്ചൊതുക്കുകയാണ്. ശുഹൈബ് വധത്തിൽ തന്നെ അത് കണ്ടു. അക്രമികളും അക്രമവും ഒരേവിധം ന്യായീകരിക്കപ്പെടുകയാണ്.
താങ്കൾ വികസന പദ്ധതികൾക്ക് എതിരാണോ?
വികസനം മുൻ നിർത്തിയുള്ള ചർച്ചയല്ല ഇപ്പോൾ നടക്കുന്നത്. പാർട്ടി നയത്തിന് വിരുദ്ധമായി പ്രതികരിക്കുന്നവരെ കൈകാര്യം ചെയ്യുകയെന്ന നയമാണിത്. കമ്മ്യൂണിസ്റ്റ് ഏകാധിപത്യം അടിച്ചേൽപ്പിക്കുന്നതിനോടുള്ള ചെറുത്തു നിൽപ്പാണ് എന്റെ പ്രതികരണങ്ങൾ.
എല്ലാത്തിനും കാരണം സിപിഎം മാത്രമാണോ?
കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിൽ കാണപ്പെട്ട സെൻട്രലിസം കേരളത്തിലും ശക്തമായി. കമ്മ്യൂണിസ്റ്റു ജീർണതയോടാണ് വിയോജിക്കുന്നത്. സെൻട്രലിസത്തിനു കീഴിൽ ജനാധിപത്യം കേട്ടുകേൾവി മാത്രമാകും. സ്വന്തം പാർട്ടിയുടെ സെക്രട്ടറി പോലും അപ്രസക്തമാകും. എല്ലാത്തരം ഏകാധിപത്യത്തോടും ജനാധിപത്യ വിരുദ്ധതയോടും വിയോജിക്കുന്നു.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)