
പ്രിട്ടോറിയ: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ച രോഗികളില്‍ ഓക്സിജന്റെ അളവില്‍ കുറവനുഭവപ്പെടില്ലെന്ന് രോഗം ആദ്യം കണ്ടെത്തിയവരിലൊരാളായ ദക്ഷിണാഫ്രിക്കന്‍ ഡോക്ടര്‍ ആഞ്ചലിക് കോറ്റ്സി. ഒമിക്രോണ്‍ രോഗികളില്‍ വലിയ തളര്‍ച്ചയും തലവേദനയും ശരീരവേദനയും തൊണ്ടവേദനയും ചുമയും അനുഭവപ്പെടുന്നുണ്ട്. എന്നാല്‍ ഡല്‍റ്റ വകഭേദത്തില്‍ ഉയര്‍ന്ന ഹൃദയമിടിപ്പും തല്‍ഫലമായി ഓക്സിജന്റെ അളവില്‍ കുറവും അനുഭവപ്പെടും. ഇത് ഒമിക്രോണ്‍ വകഭേദക്കാരില് കാണുന്നില്ല. ഡല്റ്റയില് മണവും രുചിയും നഷ്ടപ്പെടുകയും ചെയ്യും- ദക്ഷിണാഫ്രിക്കന്‍ മെഡിക്കല്‍ അസോസിയേഷന് അധ്യക്ഷ കൂടിയാണ് കോറ്റ്സി. ഡല്‍റ്റ വകഭേദം പോലെയല്ല പുതിയ രോഗത്തിന്റെ ലക്ഷണങ്ങളെന്ന് തിരിച്ചറിഞ്ഞ ഉടന്‍ അധികൃതരെ വിവരമറിയിച്ചുവെന്നും അവര്‍ പറഞ്ഞു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് കോറ്റ്സി തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്.
അതേസമയം ഈ വകഭേദം വലിയ പരിക്കേല്‍പ്പിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പ്രത്യാശ പ്രകടിപ്പിച്ചു. നവംബര്‍ ആദ്യ വാരത്തില്‍ കൊവിഡ് രോഗികള്‍ അധികമൊന്നും പ്രിട്ടോറിയയില്‍ കോറ്റ്സി ജോലി ചെയ്യുന്ന ആശുപത്രിയില്‍ റിപോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ നവംബര്‍ 18ഓടെ സ്ഥിതി മാറി. രോഗികളുടെ എണ്ണം വര്‍ധിച്ചു. ലക്ഷണങ്ങളും മാറി. തുടര്‍ന്നാണ് കോറ്റ്സി പ്രശ്നം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്. ഇപ്പോഴുള്ള ലക്ഷണങ്ങള്‍ ഡെല്റ്റയുടേതല്ല, ബീറ്റ പോലെയോ അല്ലെങ്കില്‍ പുതിയ ഏതെങ്കിലും വകഭേദമോ ആയിരിക്കുമെന്ന് ഞാന്‍ സംശയിച്ചു- അവര്‍ അറിയിച്ചു.
നവംബര്‍ 25ാം തിയ്യതിയാണ് ദക്ഷിണാഫ്രിക്കയില്‍ പുതിയ വകഭേദം തിരിച്ചറിഞ്ഞ കാര്യം ആരോഗ്യ വകുപ്പ് സ്ഥിരീകരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കു പുറമെ അയല്‍രാജ്യമായ ബോട്സ്വാനയിലും ഇതേ വകഭേദം കണ്ടെത്തിയിരുന്നു. ലോകാരോഗ്യ സംഘടനയാണ് ഒമിക്രോണ്‍ എന്ന് പേരിട്ടത്.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)