
തിരുവനന്തപുരം: മുതിർന്ന പൗരൻമാരിൽ ധാരാളം പേർ ഇനിയും വാക്സിനെടുക്കാനുണ്ടെന്നും 65 വയസിന് മുകളിൽ പ്രായമുള്ളവർ ഉടനെ വാക്സിനെടുക്കാൻ തയ്യാറാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വാക്സിനെടുക്കുന്നതിൽ വിമുഖത പലരും പ്രകടിപ്പിക്കുന്നുണ്ട്. ഇത് ഒഴിവാക്കേണ്ടതാണ്. വയോജനങ്ങളിലും അനുബന്ധ രോഗങ്ങളുള്ളവരിലും പോസിറ്റീവാകുന്നവർ ആശുപത്രിയിൽ തക്ക സമയെത്തുന്നതിൽ അലംഭാവം കാണിക്കുന്നുണ്ട്. ഇതും ഒഴിവാക്കണം. 30 ശതമാനത്തോളം പേർക്കാണ് തക്ക സമയത്ത് ആശുപത്രിയിൽ എത്താൻ കഴിയാതെ ജീവൻ നഷ്ടപ്പെട്ടത്. 65 വയസിന് മുകളിലുള്ളവർ എല്ലാം വാക്സിനെടുക്കുകയും, മറ്റ് രോഗങ്ങളുള്ളവരും പ്രായമായവരും കോവിഡ് പോസിറ്റീവായാൽ കൃത്യ സമയത്ത് ആശുപത്രിയിലെത്തുകയും ചെയ്താൽ മരണ നിരക്ക് ഗണ്യമായി കുറയ്ക്കാൻ സാധിക്കും. അക്കാര്യത്തിൽ പൊതുസമൂഹത്തിന്റെയും വീട്ടുകാരുടെയും ഭാഗത്തു നിന്ന് ശ്രദ്ധ ഉണ്ടാകണം.
സംസ്ഥാനത്ത് സെറോ പ്രിവിലൻസ് പഠനം പൂർത്തിയായി വരികയാണ്. രോഗം വന്നും വാക്സിനേഷൻ സ്വീകരിച്ചും എത്ര ശതമാനം ആളുകൾക്ക് രോഗപ്രതിരോധ ശേഷി കൈവരിക്കാൻ കഴിഞ്ഞു എന്നതാണ് സെറോ പ്രിവിലൻസ് പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്. കുട്ടികൾക്കായി പ്രത്യേക പഠനവും നടത്തുന്നുണ്ട്. രോഗം ഏതാണ്ട് നിയന്ത്രണ വിധേയമായിക്കൊണ്ടിരിക്കുന്നതിനാലാണ് കോളേജുകൾ അടുത്തമാസവും സ്കൂളുകൾ നവംബറിലും തുറക്കാനുള്ള തീരുമാനമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കൂടുതൽ നിയന്ത്രണ വിധേയമാകുന്നു
കോവിഡ് കൂടുതൽ നിയന്ത്രണ വിധേയമാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സെപ്റ്റംബർ 15 മുതൽ 21 വരെയുള്ള കാലയളവിൽ, ശരാശരി ദൈനംദിന ആക്ടീവ് കേസുകൾ 1,78,363 ആണ്. അവയിൽ രണ്ട് ശതമാനം മാത്രമേ ഓക്സിജൻ കിടക്കകളിലുള്ളൂ. ഒരു ശതമാനം മാത്രമാണ് ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടത്. പുതിയ കേസുകളിലെ വളർച്ചാ നിരക്ക് കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയിൽ 13 ശതമാനം കുറഞ്ഞു. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളുടെ എണ്ണം, ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ സപ്പോർട്ട് എന്നിവ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് യഥാക്രമം 10 ശതമാനം, ആറ് ശതമാനം, ഏഴ് ശതമാനം, 10 ശതമാനം കുറഞ്ഞു. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണുള്ളത്.
നിയന്ത്രണങ്ങളിൽ ഇളവുകൾ ഉണ്ടെങ്കിലും എല്ലാവരും ജാഗ്രത പാലിക്കണം. കോവിഡ് വാക്സിൻ എടുത്തവരും ജാഗ്രത പുലർത്തണം. വാക്സിനേഷൻ എടുത്ത ആളുകൾക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം. പ്രത്യേകിച്ചും അനുബന്ധ രോഗങ്ങൾ ഉള്ളവർ രോഗം വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണം. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്. മാസ്ക് ധരിക്കുന്നതിൽ ഒരിളവും ഇപ്പോൾ വരുത്തിയിട്ടില്ല. വ്യാപാരസ്ഥാപനങ്ങളിലും മറ്റ് പൊതു ഇടങ്ങളിലും മാസ്കില്ലാതെ പലരും ഇടപഴകുന്നത് ശ്രദ്ധയിലുണ്ട്. അത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കും. റസ്റ്ററന്റിൽ മാസ്കില്ലാതെ സപ്ലൈ ചെയ്യാനും പാകംചെയ്യാനും നിന്നാൽ ഒറ്റയടിക്ക് അനേകം പേർക്ക് രോഗം പകരുന്നതിലേക്കാണ് നയിക്കുക. അത്തരം അപകട സാധ്യത ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്
കേന്ദ്രത്തിന്റെ പുതിയ മാർഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാർഗരേഖ പുതുക്കുന്നത്. അതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കകം മാർഗരേഖയ്ക്ക് അന്തിമ രൂപമാകുന്നതാണ്. നെഗറ്റീവായാലും 30 ദിവസത്തിനുള്ളിലെ മരണം കോവിഡ് മരണമാണന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാകും പുതിയ മാർഗരേഖ. ഇതുസംബന്ധിച്ച് സമഗ്രമായ ലിസ്റ്റ് തന്നെ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്ന മെഡിക്കല്‍ കോളേജിലെ പുതിയ ഐ.സി.യു.കള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് മരണവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് തന്നെ ഒരു അന്വേഷണം നടത്തുകയും അത് പരിഹരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ്. ഇതോടൊപ്പം പരാതികൾ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് തന്നെ അതിനൊരു ഇടപെടല്‍ നടത്തി പട്ടിക പ്രസിദ്ധീകരിക്കുക തന്നെ ചെയ്യും. അര്‍ഹരായവര്‍ക്കെല്ലാം ഇതുസംബന്ധിച്ച ആനുകൂല്യം ലഭിക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. അതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
മെഡിക്കല്‍ കോളേജില്‍ രണ്ടാഴ്ചത്തേയ്ക്കുള്ള സ്റ്റെന്‍ഡ് ലഭ്യമാണ്. കൂടുതല്‍ സ്റ്റെന്‍ഡ് എത്തിക്കാനുള്ള നടപടി സ്വീകരിക്കും.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകും എന്ന് തന്നെയാണ് കരുതുന്നത്. എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ സാമൂഹിക ഇടപെടലുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെ വേണം എന്നതാണ്. മാസ്ക് ശരിയായവിധം ധരിക്കണം. സാമൂഹിക അകലം പാലിക്കണം. സാമൂഹിക കൂടിച്ചേരലുകൾ ഒഴിവാക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തന്നെ മുന്നോട്ട് പോകണം. ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തില്‍ 90 ശതമാനത്തിലധികം പേര് ആദ്യഡോസ് വാക്സിന് എടുത്തിട്ടുണ്ട്. ഒരു കോടിയിലധികം ആളുകള്‍ സമ്ബൂര്‍ണ വാക്സിനേഷനുമായി.
കോവിഡ് മൂന്നാം തരംഗം മുന്നില്‍ കണ്ടാണ് മെഡിക്കല്‍ കോളേജില്‍ രണ്ട് ഐ.സി.യു.കള്‍ സജ്ജമാക്കിയത്. അത്യാധുനിക 100 ഐ.സി.യു. കിടക്കകളാണ് സജ്ജമാക്കിയത്. 5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 7, 8 വാര്‍ഡുകള്‍ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു. സംവിധാനം സജ്ജമാക്കിയത്. ഈ ഐ.സി.യു.കള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിച്ചത്. ബാക്കിയുള്ള വെന്റിലേറ്ററുകൾ ഉടന്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ന്യൂസ് അറ്റ് ഫസ്റ്റിന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.
(ctrl+g to swap language)